വനംവകുപ്പ് തന്നേക്കും 10 രൂപയ്‌ക്ക് കുപ്പിവെള്ളം
July 11, 2018, 12:10 am
എൻ.പി.മുരളീകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 10രൂപയ്ക്ക് പരിശുദ്ധമായ കുപ്പിവെള്ളം എത്തിക്കുന്നതിനായി ആറ്‌ വർഷംമുമ്പ്‌ നിർമ്മാണം പൂർത്തിയാക്കിയ ശബരി കുപ്പിവെള്ള പദ്ധതിക്ക് പുതുജീവൻവയ്ക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ഉത്പാദനം തുടങ്ങാനാവാതായ പദ്ധതി വീണ്ടും നടപ്പിലാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ചർച്ചയ്ക്കൊരുങ്ങുകയാണ്. 13 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാനുള്ള സർക്കാർ ഓർഡിനൻസ് മരവിച്ച് നില്ക്കേയാണ് വനംവകുപ്പിന്റെ ഈ നീക്കം.
2012 ലാണ് കൊല്ലം പത്തനാപുരത്ത് സംസ്ഥാന വന വികസന കോർപറേഷൻ (കെ.എഫ്.ഡി.സി) ശബരി കുപ്പിവെള്ള പദ്ധതിയുടെ നിർമ്മാണപ്രവർത്തനം തുടങ്ങിയത്. കടശേരി വനത്തിനുള്ളിൽ കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊക്കെ അഞ്ചുമാസം കൊണ്ട് ഒരുക്കിയെങ്കിലും വനത്തിനുള്ളിൽ പ്ലാന്റ് സ്ഥാപിച്ച് കുപ്പിവെള്ള നിർമ്മാണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെട്ടു. ഇതോടെ പദ്ധതിക്ക് ശ്വാസംനിലച്ചു. 58 ലക്ഷം രൂപ ചെലവിട്ട് നടത്തിയ നിർമ്മാണങ്ങളും പ്ലാന്റും നശിച്ചുതുടങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് രൂപംനൽകിയ പദ്ധതി എത്രയുംവേഗം ഫലവത്താക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം. കേന്ദ്രത്തിൽനിന്നു പദ്ധതിക്ക് അനുകൂല നിലപാട് ലഭിക്കാനാവശ്യമായ നടപടികളാരംഭിച്ചു കഴിഞ്ഞതായി വന വികസന കോർപറേഷനും വ്യക്തമാക്കി. ഉപഭോക്താവ് കുപ്പി തിരികെ നൽകിയാൽ വെള്ളത്തിന്റെ വിലയിൽ കുറവ് വരുത്തുന്ന കാര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

പല കുപ്പിവെള്ളത്തിലും കോളിഫോം
അടുത്തിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് നിലവിൽ വില്പന നടത്തുന്ന കുപ്പിവെള്ള ബ്രാന്റുകളിൽ പലതിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് വനംവകുപ്പ് ശബരി പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചിച്ചത്.
2018 ജനുവരി മുതൽ ജൂൺ വരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ 11 കമ്പനികളുടെ കുപ്പിവെള്ളം കണ്ടെത്തിയത്. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സംസ്ഥാന ഭൂജലവകുപ്പ് കുപ്പിവെള്ള കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇവ സ്റ്റാന്റേർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (ഐ.എസ്.ഐ) ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അനുമതിയില്ലാത്തവയാണ്.

''ദിവസേന 5000 ലിറ്ററോളം വെള്ളം വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിനുള്ള കെട്ടിടവും കിണറുകളുമെല്ലാം തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ പരിശുദ്ധിയും ഉറപ്പുവരുത്തും. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലുടൻ പദ്ധതി തുടങ്ങാനാവും.

പി.ആർ.സുരേഷ് (എം.ഡി, കെ.എഫ്.ഡി.സി)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ