ആളില്ലാ യാത്രയ്‌ക്ക് റ്റാറ്റ, ലാഭക്കുതിപ്പിന് ഡബിൾബെൽ
July 12, 2018, 8:30 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സി സ്റ്റിയറിംഗ് മാറ്റിപ്പിടിക്കുന്നു. ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകളുടെ ഗിയർ മാറ്റി റൂട്ട് തിരിച്ച് ലാഭത്തിലേക്ക് ഓടിച്ച് കയറാനാണ് നീക്കം. ഉദാഹരണത്തിന് തമ്പാനൂർ ഡിപ്പോയിൽ നിന്നു 15 മിനിട്ട് ഇടവിട്ട് ആറ്റിങ്ങലിലേക്കുള്ള സർവീസ് 25 മിനിട്ട് ഇടവിട്ടാക്കും. 10 മിനിട്ട് ലാഭിക്കുന്നതിലൂടെ കിട്ടുന്ന സർവീസുകളാണ് പുതിയ റൂട്ടിലേക്ക് ഓടിക്കുക. ഇങ്ങനെ ആയിരം പുതിയ സർവീസുകൾ അധിക ബസില്ലാതെ തുടങ്ങാമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഒരു സർവീസും ഇല്ലാത്തയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് എത്തും.

ഡിപ്പോ മേലധികാരികളും മേഖലാ മാനേജർമാരും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ റൂട്ടുകൾ.

ഓർഡിനറി, സിറ്റി സർവീസുകൾ മാത്രമല്ല ഫാസ്റ്റ് പാസഞ്ചർ സർവീസുകളെയും മാറ്റിയോടിക്കും. പുതിയ റൂട്ടിൽ നിന്നു വരുമാനം നേടുന്നതിനൊപ്പം നിലവിലെ റൂട്ടുകളിൽ കളക്ഷൻ കൂട്ടാനും സഹായിക്കുമെന്നാണ് കോർപറേഷന്റെ കണക്കുകൂട്ടൽ. കെ.എസ്.ആർ.ടി.സി പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരം.

 സ്ക്വാഡിന്റെ കണ്ടെത്തലുകൾ
* യാത്രക്കാർ കുറവുള്ള പകൽ 10 നും വൈകിട്ട് 4നുമിടയിൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ ബസുകൾ കാലിക്ക് ഓടുന്നു
* തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നു ഒരുമിനിട്ട് മുതൽ 5 മിനിട്ടുവരെയുള്ള വ്യത്യാസത്തിൽ നിരവധി ബസുകൾ പുറപ്പെടുന്നു
* 10 മിനിട്ട് ഇടവേളയിട്ട് ഫാസ്റ്റുകൾ ഓടിക്കുന്നതാണ് പ്രയോജനകരം.
*ആലുവ അത്താണിയിൽ രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ തൃശൂർ ഭാഗത്തേക്ക് 51 ഫാസ്റ്റുകൾ. 37 ട്രിപ്പുകൾ മതി.


''സ്ഥാപനത്തിനും ജനത്തിനും ഒരുപോലെ ഉപകരിക്കുന്നതായിരിക്കും പുതിയ പരിഷ്കാരം. ബസ് സർവീസ് തങ്ങളുടെ നാട്ടിലില്ല എന്ന പരാതിക്ക് ഒരു പരിധിവരെ ഇതോടെ പരിഹാരമാകും.
ടോമിൻ ജെ. തച്ചങ്കരി
മാനേജിംഗ് ഡയറക്ടർ
കെ.എസ്.ആർ.ടി.സി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ