സസ്‌പെൻഷനെക്കാൾ കൂടിയ ശിക്ഷ വേണം
July 8, 2018, 12:08 am
റോഡുകളുടെ ദുർഘടാവസ്ഥ പ്രധാനമായും അഴിമതിയുമായി ബന്ധപ്പെട്ടതാണ്. റോഡുകൾക്ക് വേണ്ടി ഖജനാവിൽ നിന്ന് ഇറക്കുന്ന ഭീമമായ സംഖ്യയുടെ നാല്പതോ അൻപതോ ശതമാനമേ യഥാർത്ഥത്തിൽ റോഡുകളിലെത്താറുള്ളൂ. മരാമത്ത് പണികൾക്ക് പിന്നിൽ നടക്കുന്ന കൊടിയ അഴിമതിയുടെ ആഴവും പരപ്പും അറിയണമെങ്കിൽ പൊതുനിരത്തിലൂടെ ഒരു യാത്ര പോയാൽമതി. പതിറ്റാണ്ടുകളായി തുടരുന്ന ഇൗ ജനവഞ്ചനയ്ക്ക് മാറ്റം വരണമെങ്കിൽ അധികാരത്തിലിരിക്കുന്ന സർക്കാരും പ്രത്യേകിച്ച് വകുപ്പുമന്ത്രിയും നന്നായി മനസുവയ്ക്കണം. ഇപ്പോഴത്തെ മരാമത്തുമന്ത്രി അത്തരത്തിൽ മനസുവയ്ക്കുന്നതുകൊണ്ടുള്ള നന്മയും ഗുണവും റോഡുകളിൽ കാണാനുമുണ്ട്. എന്നാൽ മന്ത്രിമാത്രം വിചാരിച്ചാൽ ശരിയാക്കാവുന്നതല്ല പൊതുനിരത്തുകളുടെ അനാഥാവസ്ഥ. ചീഫ് എൻജിനീയർ തൊട്ട് താഴെ തലങ്ങളിലുള്ളവർകൂടി ആത്മാർത്ഥതയും കർത്തവ്യബോധവും കാണിച്ചാലേ സ്ഥിതി മെച്ചപ്പെടുകയുള്ളൂ. മരാമത്തുമന്ത്രി ജി. സുധാകരൻ കഴിഞ്ഞദിവസം ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ യാത്ര ചെയ്തത് വലിയ വാർത്തയായത് റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണമാണ്. റോഡിലുടനീളമുള്ള കുഴികൾ കാരണം യാത്ര അങ്ങേയറ്റം ദുർഘടമായി മാറിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കൗതുകത്തിനുവേണ്ടിയാകില്ല റോഡിലെ കുഴികളുടെ കണക്കെടുക്കാൻ മന്ത്രി ഒരുങ്ങിയത്. ആലപ്പുഴ മുതൽ ചങ്ങനാശേരിവരെയുള്ള 24 കിലോമീറ്റർ യാത്രയ്ക്കിടയിൽ 2200 കുഴികൾ മന്ത്രി എണ്ണിത്തീർത്തു എന്നാണ് റിപ്പോർട്ട്. എ.സി. റോഡ് വഴി ഇൗ അടുത്തനാളിൽ യാത്ര ചെയ്യാനുള്ള നിർഭാഗ്യമുണ്ടായവർക്ക് മന്ത്രിയുടെ കുഴിയെണ്ണലിൽ അത്‌ഭുതമൊന്നും തോന്നുകയില്ല. അത്രയേറെ മനംമടുപ്പിക്കുന്നതാണ് ഇൗ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. കാലവർഷക്കാലത്ത് പലകുറിയും വെള്ളത്തിലാകുന്ന ഇൗ റോഡ് മരാമത്ത് വകുപ്പിന് എന്നും വലിയ തലവേദനയാകാറുണ്ട്. റോഡിൽ എണ്ണിയാലൊടുങ്ങാത്ത കുഴികൾ രൂപപ്പെടുന്നത് മഴവെള്ളം കെട്ടിനിൽക്കുന്നത് കൊണ്ടാണ്. കാലവർഷത്തെ തടഞ്ഞുനിറുത്താൻ മരാമത്ത് വകുപ്പിനാവില്ലെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന റോഡിന്റെ പരിപാലനം ഏറ്റവും മികച്ച രൂപത്തിൽ നടത്താൻ പ്രയാസമൊന്നുമില്ല. ആ ചുമതല നിർവഹിക്കേണ്ടവർ വെറുതേയിരുന്നു ശമ്പളം വാങ്ങുന്നതുകൊണ്ടാണ് വകുപ്പിന് പേരുദോഷവും വാഹനയാത്രക്കാർക്ക് ക്ളേശവും സംഭവിക്കുന്നത്. രണ്ടായിരത്തിലധികം കുഴികൾ മറികടന്നു മന്ത്രിയുടെ യാത്രയ്ക്കൊടുവിൽ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ സസ്‌പെൻഷനിലായത് നല്ല കാര്യംതന്നെയാണ്. ചെയ്യേണ്ട ജോലി ചെയ്യാതെ ജനസേവനം നടത്തുന്ന ഇതുപോലുള്ള ഉന്നതന്മാരെ വല്ലപ്പോഴുമെങ്കിലും പിടികൂടിയാലേ കാര്യങ്ങൾ കുറച്ചെങ്കിലും നേരെ ചൊവ്വേ നടക്കുകയുള്ളൂ. എ.സി റോഡിലെ സഞ്ചാര ക്ളേശത്തെക്കുറിച്ചും കുഴികളെക്കുറിച്ചും ജനങ്ങളിൽ നിന്ന് നേരത്തെതന്നെ പരാതികൾ ഉയർന്നിരുന്നു. അടിയന്തരമായി കുഴികളടയ്ക്കണമെന്ന നിർദ്ദേശം മന്ത്രിയുടെ ഒാഫീസിൽനിന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയിരുന്നതുമാണ്. എന്നാൽ കുഴികളിലും റോഡിലും കെട്ടിക്കിടന്ന വെള്ളം പമ്പുചെയ്തു കളഞ്ഞതല്ലാതെ കുഴി അടയ്ക്കൽ നടന്നില്ല. എ.സി. റോഡ് നിർമ്മിച്ച കമ്പനി വേണം അറ്റകുറ്റപ്പണികൾ നടത്താൻ. കമ്പനിയെക്കൊണ്ട് പ്രസ്തുത പ്രവൃത്തി ചെയ്യിക്കേണ്ട ഉത്തരവാദിത്വം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്. ചുമതല നിർവഹിക്കുന്നതിലുണ്ടായ വീഴ്ചയുടെ പേരിലാണ് സസ്‌പെൻഷൻ. യഥാർത്ഥത്തിൽ ഇതുപോലുള്ള വീഴ്ചകൾക്ക് കൂടുതൽ കർക്കശമായ ശിക്ഷ തന്നെയാണ് വേണ്ടത്. സർവീസ് ചട്ടങ്ങളനുസരിച്ചുള്ള സംരക്ഷണത്തിന്റെ തണലാണ് ഉദ്യോഗസ്ഥർക്ക് എപ്പോഴും തുണയാകുന്നത്. പൊതുനിരത്തുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ബഡ്‌ജറ്റിൽ വൻ വിഹിതമാണ് മാറ്റിവയ്ക്കാറുള്ളത്. ബഡ്‌ജറ്റ് വിഹിതത്തെക്കാൾ അധികം തുക ചെലവഴിക്കുന്ന സർക്കാർ വകുപ്പുകളിൽ മരാമത്തുവകുപ്പാണ് എന്നും മുന്നിൽ നിൽക്കുന്നത്. എന്നാൽ വകുപ്പിൽ ഇപ്പോഴും നിലനിൽക്കുന്ന അഴിമതിയുടെ വേരുപടലങ്ങൾ സൃഷ്ടിക്കുന്ന തടസങ്ങൾ ചില്ലറയൊന്നുമല്ല. ഇതിനിടയിലും ഉൗർജ്ജസ്വലനായ വകുപ്പുമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെ ജനങ്ങൾക്കിടയിൽ വകുപ്പിനെക്കുറിച്ചുള്ള പഴയ ധാരണകൾ പലതും മാറിക്കൊണ്ടിരിക്കുകയാണ്. മന്ത്രിയുടെ ഇടപെടലിലൂടെ മോക്ഷം ലഭിച്ച നിരവധി റോഡുകളും പാലങ്ങളുമുണ്ട്. ഒരുവർഷം മുൻപാണ് കഴക്കൂട്ടം-ശ്രീകാര്യം റോഡിന്റെ ദുസ്ഥിതിമാറ്റാൻ മന്ത്രി പൊലീസ് സ്റ്റേഷൻ കയറിയത്. കരാറെടുത്ത കമ്പനിയെ കേസിൽ കുടുക്കിയാണ് മന്ത്രി സുധാകരൻ ഇൗ റോഡിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. ആലപ്പുഴയിൽ ടാറിംഗിൽ കാണിച്ച ക്രമക്കേടിനെതിരെ മന്ത്രി നേരിട്ട് ഇടപെട്ടതും വലിയ വാർത്തയായിരുന്നു. മന്ത്രി കാണിക്കുന്ന ഉത്തരവാദിത്വബോധവും ആത്മാർത്ഥതയും അതേ അളവിൽ താഴോട്ട് എത്തുന്നില്ലെന്നാണ് എ.സി. റോഡിന്റെ ദുരവസ്ഥ കാട്ടിത്തരുന്നത്. കൃത്യവിലോപം കാട്ടുന്നവരെ നിർദ്ദാക്ഷിണ്യം ശിക്ഷിക്കുന്നതിലൂടെ മാത്രമേ ഉദ്യോഗസ്ഥ മനോഭാവത്തിൽ മാറ്റം വരുത്താനാവൂ. എക്സിക്യൂട്ടീവ് എൻജിനീയറുടെ സസ്‌പെൻഷൻ ആ നിലയ്ക്ക് വകുപ്പിലെ അനങ്ങാക്കള്ളന്മാർക്ക് മുന്നറിയിപ്പ് തന്നെയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ