അമ്മയിലെ പ്രശ്‌നത്തിൽ തമിഴ് നടൻ കാർത്തിയുടെ കിടിലൻ പ്രതികരണം
July 11, 2018, 9:39 pm
തിരുവനന്തപുരം: അത്താഴമായി, എന്ന് അമ്മമാർ മക്കളെ അറിയിക്കുന്നതും ഇപ്പോൾ വാട്സാപ്പിലൂടെയാണെന്ന് തമിഴ് നടൻ കാർത്തി പറഞ്ഞു. വിളിച്ചാൽ കേൾക്കില്ല,​ എല്ലാവരുടെയും ചെവിയിൽ ഹെഡ്‌സെറ്റ് കാണും. കുടുംബജീവിതത്തിന്റെയും നാട്ടുജീവിതത്തിന്റെയും നന്മയും നൊസ്റ്റാൾജിയയുമാണ് വാട്സാപ്പു വഴി ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നത് എന്നതാണ് അതിനെക്കാൾ കൗതുകമെന്നും കാർത്തി പരിഹസിച്ചു. തന്റെ പുതിയ ചിത്രമായ 'കടൈകുട്ടി സിങ്ക'ത്തിന്റെ റിലീസിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടികർ സംഘത്തിന്റെ ട്രഷറർ കൂടിയായ കാർത്തി.

അഭിനേതാക്കൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കുമെന്നും നടിക്കാണ് പ്രശ്നം ഉണ്ടാകുന്നതെങ്കിൽ അവർക്ക് മറ്റാരെക്കാളും കൂടുതൽ സംരക്ഷണം നൽകുമെന്നും 'അമ്മ'യിൽനിന്നു നാലു നടിമാർ രാജിവച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കാർത്തി പറഞ്ഞു.

തമിഴ്നാട്ടിൽ ഉൾപ്പെടെ എല്ലായിടത്തും കൃഷി കുറഞ്ഞുവരികയാണ്. എന്നാൽ,​ എന്റെ ഒരു സുഹൃത്ത് ഐ.ടി രംഗം ഉപേക്ഷിച്ച് കൃഷിക്കാരനായി. അഞ്ച് ലക്ഷം രൂപ കിട്ടിയ സ്ഥാനത്ത് ഒരു ലക്ഷം മാത്രമേ കിട്ടുകയുള്ളൂവെങ്കിലും നഷ്ടപ്പെട്ട ആരോഗ്യവും യൗവനവും തിരിച്ചുകിട്ടിയെന്നാണ് അയാൾ പറയുന്നത്. മറ്റൊരാൾ ആട് വളർത്തൽ തുടങ്ങി. ഇപ്പോൾ അയാൾക്ക് കൊളസ്ട്രോളുമില്ല, ഷുഗറുമില്ല. കടൈകുട്ടി സിങ്കത്തിൽ കൃഷിക്കാരനായി അഭിനയിക്കുന്ന കാർത്തി പറഞ്ഞു. സംവിധായകൻ പാണ്ഡ്യരാജ്, നടി അർത്ഥന എന്നിവരും സംസാരിച്ചു. കാർത്തിയുടെ ജ്യേഷ്ഠനും നടനുമായ സൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ