കേശവദേവ് സ്ഥാനമാനങ്ങൾക്കു പിന്നാലേ ഓടാതിരുന്ന എഴുത്തുകാരൻ: ഗവർണർ
July 12, 2018, 2:32 am
തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്കു പിന്നാലെ ഓടാതിരിക്കാൻ ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു പി. കേശവദേവ് എന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. പി. കേശവദേവ് ട്രസ്റ്റിന്റെ കേശവദേവ് പുരസ്കാര സമർപ്പണം ഹോട്ടൽ ഹിൽട്ടണിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ കഥാപാത്രങ്ങളെ ഉപയോഗിച്ച് അസാധാരണത്വം തുളുമ്പുന്ന ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു കേശവദേവ്. തികച്ചും സാധാരണമായ ജീവിതംനയിച്ച് അസാധാരണമായ വ്യക്തിപ്രഭാവം തീർക്കാനും ദേവിന് സാധിച്ചുവെന്നു ഗവർണർ പറഞ്ഞു. പി. കേശവദേവ് സാഹിത്യപുരസ്കാരം കവി പ്രഭാവർമ്മയും പി. കേശവദേവ് ഡയാബ്‌സ്ക്രീൻ പുരസ്കാരം നടൻ മോഹൻലാലും ഏറ്റുവാങ്ങി.
സ്വതന്ത്ര ചിന്തകൾക്ക് വിലങ്ങുതീർക്കുന്ന വർത്തമാനകാലത്തിരുന്നുകൊണ്ട് സ്വതന്ത്രചിന്തകളുടെ വാഗ്മയം തീർത്ത പി. കേശവദേവിനെ നമ്മൾ അഭിമാനത്തോടെ ഓർക്കുന്നതായി ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. സംഗീതത്തെയും നൃത്തത്തെയും അടച്ചാക്ഷേപിക്കുന്ന മതപൗരോഹിത്യത്തിന്റെ കാലമാണിത്. ഇവിടെ സാഹിത്യവും സംഗീതവും സ്വതന്ത്രമായി നിലകൊള്ളുന്നതിൽ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലശേരി സാഹിത്യ സമ്മേളനത്തിൽ രാമായണവും മഹാഭാരതവും കത്തിക്കണം എന്നു പ്രസംഗിച്ചിട്ട് അന്ന് കേശവദേവ് ഒറ്റയ്ക്ക് സഞ്ചരിച്ച്‌ സുഖമായി വീട്ടിൽവന്നു കിടന്നുറങ്ങി. ഇന്നായിരുന്നെങ്കിൽ അത് നടക്കുമായിരുന്നോ എന്ന് മറുപടി പ്രസംഗത്തിൽ പ്രഭാവർമ്മ ചോദിച്ചു.
കേശവദേവ് തന്റെ സ്നേഹസമ്പന്നനായ അയൽക്കാരനും അച്ഛന്റെ പ്രിയസുഹൃത്തുമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. സീതാലക്ഷ്മി കേശവദേവ്, കേശവദേവ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, സാജൻപിള്ള, ഡോ. ജോർജ് ഓണക്കൂർ എന്നിവർ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ