കെ. എസ്. ഇ.ബി:ഓൺലൈൻ ട്രാൻസ്‌ഫർ ലിസ്റ്റിലും തിരിമറി
July 13, 2018, 12:07 am
പി. എച്ച്.സനൽകുമാർ
തിരുവനന്തപുരം: സ്ഥലംമാറ്റത്തിലെ പരാതികൾ ഒഴിവാക്കാൻ കെ.എസ്.ഇ.ബി.യിൽ നടപ്പാക്കിയ ഒാൺലൈൻ ട്രാൻസ്‌ഫറും വിവാദമാകുന്നു. ഇപ്പോഴും സ്ഥലം മാറ്റം സുതാര്യമല്ലെന്നും വ്യക്തിതാൽപര്യവും രാഷ്ട്രീയ താൽപര്യവും ഉണ്ടെന്നുമാണ് ആക്ഷേപം. പരാതി പരിഹരിച്ചില്ലെങ്കിൽ സമരത്തിന് ഇറങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.
മുപ്പതിനായിരത്തിലേറെ ജീവനക്കാരുള്ള കെ.എസ്. ഇ.ബി.യിൽ സ്ഥലംമാറ്റ പരാതികളും ബാഹ്യഇടപെടലും ഇല്ലാതാക്കാനാണ് കഴിഞ്ഞ വർഷം ഒാൺലൈൻ ട്രാൻസ്‌ഫർ നടപ്പാക്കാക്കിയത്. ആദ്യവർഷം നിരവധി പരാതികൾ ഉണ്ടാകുകയും ഹൈക്കോടതിയിൽ വരെ എത്തുകയും ചെയ്തെങ്കിലും ബാലാരിഷ്‌ടതയെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. ഇക്കൊല്ലം ഇതുവരെ എത്രപരാതികൾ കിട്ടിയെന്ന് അധികൃതർ വ്യക്തമാക്കിയില്ലെങ്കിലും പരാതികൾ കൂടുതലാണെന്ന് സമ്മതിച്ചു.

ഗ്രീവെൻസ് സെൽ ഇടപെടൽ

നേരത്തേ ജീവനക്കാർ സർക്കിളുകളിലേക്കാണ് സ്ഥലം മാറ്റം ചോദിച്ചിരുന്നത്. അവിടെ കിട്ടിയാൽ അതിലുള്ള ഡിവിഷനിലേക്കും സബ് ഡിവിഷനിലേയും സെക്‌ഷനിലേക്കും ഒഴിവനുസരിച്ച് നിയോഗിക്കും. അഞ്ച് സർക്കിളുകളിലേക്ക് ഒാപ്ഷൻ സമർപ്പിക്കാമായിരുന്നു. ഒാൺലൈനായതോടെ ഒരാൾക്ക് നാൽപത് ഒാപ്ഷൻ സമർപ്പിക്കാം. അതെല്ലാം ഡിവിഷന് താഴെയായിരിക്കണമെന്ന് മാത്രം. അസുഖങ്ങളും പരാധീനതകളഉം ഉള്ളവരും ഒരു സ്ഥലത്ത് മൂന്ന് വർഷത്തിൽ താഴെ സർവ്വീസുള്ളവരും ഒഴികെ എല്ലാ ജീവനക്കാരും ഒാപ്ഷൻ നൽകണം.
ഒാൺലൈൻ ആയതിനാൽ ആർക്കും ഇതിൽ ഇടപെടാനാവില്ല. ഒാപ്ഷനും ഡിവിഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളും ഡിജിറ്റലായി തന്നെ ക്രമീകരിച്ചാണ് പോസ്റ്റിംഗ് ലിസ്റ്റ് വരിക.
എന്നാൽ ലിസ്റ്റ് വന്നതിന് ശേഷം വ്യാപകമായ ഇടപെടൽ നടക്കുന്നുവെന്നാണ് ആക്ഷേപം. ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ ഗ്രീവൻസ് സെല്ലിന് സമർപ്പിക്കാം. സെല്ലിന് ലിസ്റ്റിൽ മാനുവലായി മാറ്റം വരുത്താം. സെല്ലിൽ ഭരണകക്ഷി അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മാത്രമേയുള്ളൂ. അവരുടെ ഇഷ്ടമനുസരിച്ചായി സ്ഥലം മാറ്റം.
പരാതികൾ ഗ്രീവൻസ് സെല്ലിന് മാത്രമേ നൽകാവൂ എന്നും ആരും കോടതിയിൽ പോകരുതെന്നും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം കോടതികളിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയവർക്ക് പോലും അതനുസരിച്ച് ഗ്രീവെൻസ് സെൽ സ്ഥലംമാറ്റം നൽകിയില്ല. നടപടികൾ പൂർത്തിയായെന്ന ന്യായമാണ് പറഞ്ഞത്. ഇത്തവണത്തെ സ്ഥലംമാറ്റം രണ്ടാഴ്ചയ്‌ക്കകം പൂർത്തിയാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ