അമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനെത്തിച്ചത് ബൈക്കിൽ കെട്ടിവച്ച്
July 12, 2018, 12:23 pm
ഭോപ്പാൽ: ആംബുലൻസ് നൽകാൻ അധികാരികൾ തയ്യാറാവാത്തതിനെത്തുടർന്ന് പാമ്പുകടിയേറ്റുമരിച്ച അമ്മയുടെ മൃതദേഹം യുവാവ് ബൈക്കിൽ കെട്ടിവച്ച് പോസ്റ്റുമോർട്ടത്തിനെത്തിച്ചു. മധ്യപ്രദേശിലെ മസ്തപൂർ സ്വദേശി രാജേഷിനാണ് ഇൗ ദുരനുഭവം. കുൻവാർ ഭായ് ആണ് മരിച്ചത്. വീഡിയോ പുറത്തുവന്നതോടെ അധികൃതർ അന്വേഷണമാരംഭിച്ചു. വീടിനടുത്തുവച്ചാണ് പാമ്പുകടിച്ചത്. അവശയായ കുൻവാറിനെ അടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം 35കിലോമീറ്റർ അകലെയുള്ള പോസ്റ്റുമോർട്ടം കേന്ദ്രത്തിലെത്തിക്കാൻ ലോക്കൽ പൊലീസ് രാജേഷിനോട് ആവശ്യപ്പെട്ടു. ആംബുലൻസ് വേണമെന്ന് പറഞ്ഞെങ്കിലും പൊലീസുകാർ കേട്ടതായിപ്പോലും നടിച്ചില്ല. മറ്റുചില വാതിലുകൾ മുട്ടിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആംബുലൻസുകാർ ഭീമമായ തുകയാണ് ചോദിച്ചത്.
വേറെ വഴിയില്ലെന്ന് കണ്ടതോടെ മറ്റൊരുബന്ധുവിന്റെ സഹായത്തോടെ രാജേഷ് അമ്മയുടെ മൃതദേഹം ബൈക്കിൽ കെട്ടിവച്ച് പോസ്റ്റ്‌മോർട്ടത്തിനെത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രി അധികൃതർ ആംബുലൻസ് നൽകി.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രിഅധികൃതർ രംഗത്തെത്തി. അമ്മയെ പാമ്പു കടിച്ചെന്ന് അറിഞ്ഞപ്പോൾ ആശുപത്രിയിലെത്തിക്കുന്നതിന് പകരം രാജേഷ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞു. ഏറെ വൈകിയാണ്‌ ആശുപത്രിയിലേക്കെത്തിച്ചത്, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ആംബുലൻസ് സേവനം ലഭ്യമാകുന്ന 108ൽ വിളിച്ചിരുന്നെങ്കിൽ പോസ്റ്റുമോർട്ടം കേന്ദ്രത്തിൽ എത്തിക്കാനുള്ള ആംബുലൻസ് ലഭിക്കുമായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ