നിയമലംഘകരെ പിടിക്കാൻ കാലൻ റോഡിലിറങ്ങി
July 12, 2018, 12:24 pm
ബംഗളൂരു: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനും താക്കീത് നൽകാനും ഒടുവിൽ മരണദേവനായ കാലൻ തന്നെ നേരിട്ടെത്തി. ബംഗളൂരുവിലെ ഹലാസുരുവിലാണ് യമദേവന്റെ മിന്നൽ സന്ദർശനം. കാലനെ നേരിൽ കണ്ടവർ കാര്യം മനസിലാവാതെ അമ്പരന്നു. ഒടുവിലാണ്കാര്യങ്ങൾ വ്യക്തമായത്. അതാേടെ ആശങ്ക ചിരിക്ക് വഴിമാറി. ട്രാഫിക് പൊലീസാണ് വേറിട്ട ബോധവത്കരണ രീതി പരീക്ഷിച്ചത്.രാജകീയ വേഷത്തിൽ കിരീടവും ഗദയുമൊക്കെയായിട്ടായിരുന്നു കാലന്റെ വരവ്. ബംഗളുരു ടൗൺഹാളിനു സമീപത്ത്‌ ഗതാഗതനിയമം ലഘിച്ചവരെയാണ് കാലന്റെ നേതൃത്വത്തിൽ പിടികൂടിയത്‌. ഗതാഗതനിയമം ലംഘിച്ചാൽ വീട്ടിലെത്തുമെന്ന് മുന്നറിയിപ്പുനൽകാനും കാലൻ മറന്നില്ല.

ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരെയും അശ്രദ്ധമായി വാഹനമോടിച്ചവരെയും യമദേവൻ വെറുതേവിട്ടില്ല.സീറ്റുബെൽറ്റുധരിക്കാത്തവരെയും മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചവരെയും പിടികൂടി. ആരിൽ നിന്നും പിഴയീടാക്കിയില്ല.കാലനെ കണ്ടതോടെ സ്ഥലംവിടാനൊരുങ്ങിയവരെ പുറകേയെത്തിയാണ് പിടികൂടിയത്. ഈ മാസം റോഡ്‌ സുരക്ഷാ മാസമായി ആചരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് വേറിട്ട ബോധവല്‍ക്കരണ പരിപാടിയുമായി രംഗത്തെത്തിയതെന്നും ട്രാഫിക്‌ ഡെപ്യൂട്ടി കമ്മിഷണർ പറയുന്നു. വേറിട്ട ബോധവത്കരണം പ്രയോജനം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. ഇതിനും ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ