നിർഭയ ഫണ്ടില്ല: ട്രെയിനുകളിൽ കാമറ പിടിത്തം പാളി
July 12, 2018, 7:02 am
പി.എച്ച്.സനൽകുമാർ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള പദ്ധതി പാളി.

കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി അരുൺജെയ്റ്റ്ലി പ്രഖ്യാപിച്ച സുപ്രധാന പദ്ധതിയാണ് ഫണ്ടില്ലാത്തതിനാൽ പ്രതിസന്ധിയിലായത്. നടപ്പുവർഷം തന്നെ പദ്ധതി പൂർത്തിയാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 500 കോടിരൂപ ഏപ്രിലിൽ അനുവദിച്ചിരുന്നു.പദ്ധതിയുടെ നടത്തിപ്പ് തുടങ്ങുകയും ചെയ്തു. ഇതുവരെ രാജ്യത്തെ 436 സ്റ്റേഷനുകളിൽ കാമറ സ്ഥാപിക്കുകയും 547 സ്റ്റേഷനുകളിൽ പദ്ധതി തുടങ്ങുകയും ചെയ്തിരുന്നു.നിർഭയ ഫണ്ടിൽ നിന്നും ഇത്രയധികം തുക നൽകാനാവില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പറയുന്നത്.

ജനത്തിരക്കുള്ള 5721 റെയിൽവേ സ്റ്റേഷനുകളിലും 58276 റെയിൽവേ കോച്ചുകളിലും കാമറ ഘടിപ്പിക്കാനായിരുന്നു പദ്ധതി.ഇതിനായി 3500 കോടിരൂപയുടെ എസ്റ്റിമേറ്റാണ് റെയിൽവേ തയ്യാറാക്കിയത്. കേന്ദ്രം കൈമലർത്തിയ സാഹചര്യത്തിൽ
പദ്ധതി വെട്ടിച്ചുരുക്കി നടപ്പിലാക്കാനുള്ള ആലോചനയിലാണ് റെയിൽവേ. ഇതിനായി 2500 കോടി രൂപ വായ്പയെടുക്കും.

ഇതുവരെ തുടങ്ങിവെച്ചതുൾപ്പെടെ 5000 ത്തിൽ താഴെ സ്റ്റേഷനുകളിലും 42000 റെയിൽവേ കോച്ചുകളിലും സി.സി.ടി. വി സ്ഥാപിക്കും.വായ്പ തരപ്പെടുത്താൻ റെയിൽ ഫിനാൻസ് കോർപറേഷനെ നിയോഗിച്ചിട്ടുണ്ട്.

കേരളത്തിൽ 19 സ്റ്റേഷനുകളിൽ മാത്രം കാമറ
കേരളത്തിൽ 19 സ്റ്റേഷനുകളിലാണ് ഇതുവരെ സി. സി. ടി.വി.ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ 12 ഉം, പാലക്കാട് ഡിവിഷനിൽ 7 ഉം. കൂടാതെ 10 സ്റ്റേഷനുകളിൽ കൂടി ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇവയിൽ എത്രയിടങ്ങളിൽ പൂർത്തിയാകുമെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് 103 റെയിൽവേ സ്റ്റേഷനുകളാണുള്ളത്. സംസ്ഥാനത്തുനിന്ന് സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ ക്യാമറ സ്ഥാപിക്കുന്നതിനുളള നിർദ്ദേശത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ