ദ്രാവിഡ രാഷ്ട്രീയത്തിലെ ആൽമരം
August 8, 2018, 12:58 am
കരുണാനിധിയെ ഏറ്റവും അധികം സ്വാധീനിച്ച തമിഴ് ഗ്രന്ഥങ്ങളിലൊന്ന് തിരുവള്ളുവരുടെ തിരുക്കുറളാണ്. തിരുക്കുറളിന്റെ പൂർണമായ അർത്ഥം ആർക്കും ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. എത്ര മനനം ചെയ്താലും കുറെ വരികളുടെ രഹസ്യങ്ങൾ രഹസ്യമായി അവശേഷിക്കും. ഏതാണ്ട് അതുപോലെയാണ് തമിഴ് രാഷ്ട്രീയത്തിൽ കരുണാനിധിയും. ഭാഷയിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും തമിഴ് മക്കളുടെ ഹൃദയവും കരളും കവർന്ന ചോരനായിരുന്നു കരുണാനിധി. ഇത് ഒരു സുപ്രഭാതത്തിൽ ഉദയസൂര്യൻ ഉദിക്കുന്നതുപോലെ സംഭവിച്ചതല്ല. തമിഴ് പുരാണ - ഇതിഹാസ ഗ്രന്ഥങ്ങളുടെ അന്തർ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയാണ് കരുണാനിധി ഇത് കൈവെള്ളയിലാക്കിയത്. ഭാഷയിലൂടെയാണ് അദ്ദേഹം തമിഴ് ജനതയുടെ മനസ് കണ്ടത്. തമിഴ് എന്ന മഹത്തായ ഭാഷയുടെ അഴകും സൗന്ദര്യവും പഠിക്കാൻ വളരെ ചെറുപ്പത്തിലേ ചെലവഴിച്ച രാപ്പകലുകളാണ് കരുണാനിധിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മർമ്മജ്ഞരിൽ ഒരാളായി വാർത്തെടുത്തത്. പെരിയാർ എന്ന ഋഷി സമാനനായ വ്യക്തിയിൽ നിന്ന് പകർന്നു കിട്ടിയ ദിശാബോധവും, അണ്ണാദുരെ എന്ന കളങ്കരഹിതനായ രാഷ്ട്രീയ വടവൃക്ഷത്തിന്റെ തണലും ദക്ഷിണാമൂർത്തി എന്ന പേരോടു കൂടി ഭൂജാതനായ കരുണാനിധിയെ തമിഴ് ജനതയുടെ നിധിയാക്കി മാറ്റുകയായിരുന്നു. സവർണ മേധാവിത്വത്തിനും അയിത്തത്തിനും എതിരെ പോരാടിക്കൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തെ ഇന്ത്യയിലെ ഏറ്റവും ഉറപ്പുള്ള രാഷ്ട്രീയ മണ്ണാക്കി കരുണാനിധി മാറ്റി. അതിന് കരുണാനിധി ഉപയോഗിച്ച മാദ്ധ്യമങ്ങൾ കലയും സിനിമയും ആയിരുന്നു. ഈ രണ്ട് മാദ്ധ്യമങ്ങളുടെയും സാദ്ധ്യതകൾ കരുണാനിധിയെപ്പോലെ വിജയകരമായി പ്രയോഗിച്ച മറ്റൊരു രാഷ്ട്രീയ പ്രതിഭ ഇന്ത്യയിലില്ല. സാധാരണ തമിഴനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സ്നേഹത്തിൽ അവസാനകാലം വരെയും ആരും അദ്ദേഹത്തെ സംശയിച്ചിട്ടില്ല. തമിഴ് മക്കളെ അദ്ദേഹം കൂടെപ്പിറപ്പുകളായി തന്നെയാണ് കരുതിയത്. തമിഴന്റെ സ്വത്വബോധം അഭിമാനത്തോടെയും അഹങ്കാരത്തോടെയും ഉയർത്തിപ്പിടിക്കാൻ എപ്പോഴും സർവസജ്ജമായിരുന്നു തൊണ്ണൂറ്റി നാലാം വയസിലും ആ തലച്ചോറ്.
സിനിമയ്ക്ക് കരുണാനിധി നൽകിയ ഏറ്റവും വലിയ സംഭാവന ലോകോത്തര നിലവാരമുള്ള ശിവാജി ഗണേശൻ എന്ന നടനെ സമ്മാനിച്ചതാണ്. പരാശക്തി എന്ന സിനിമയുടെ തിരക്കഥയിൽ കരുണാനിധി എഴുതിയ വരികൾ ഉരുവിട്ടാണ് ശിവാജി സിനിമയിൽ വിസ്മയമായി മാറിയത്. ഇന്നും തമിഴ്നാട്ടിലെ പഴയ തലമുറക്കാർക്ക് ആ സിനിമയിലെ ഓരോ വരിയും മനഃപാഠമാണ്. എം.ജി.ആർ എന്ന ജനങ്ങളെ കീഴടക്കിയ സൂപ്പർ സ്റ്റാറിനെ തമിഴിന് സമ്മാനിച്ചത് കരുണാനിധിയുടെ തൂലികയാണ്. താൻ വളർത്തിയ എം.ജി.ആർ എന്ന സഹപ്രവർത്തകൻ തന്നെക്കാൾ വളരുമെന്ന് തോന്നിയപ്പോൾ വെട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എം.ജി.ആർ ജീവിച്ചിരിക്കുവോളവും കരുണാനിധിക്ക് പിന്നെ അധികാരത്തിൽ വരാനായില്ല. ഒരുമാതിരിപ്പെട്ട നേതാക്കളൊക്കെ അതോടെ അപ്രസക്തരായി പോകുന്നതാണ് രാഷ്ട്രീയത്തിൽ നാം സാധാരണ കാണുന്നത്. പക്ഷേ കരുണാനിധി പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിന് കരുണാനിധിയെ സഹായിച്ചത് തമിഴ്നാട്ടിലെ ഓരോ ഗ്രാമപ്രദേശത്തിന്റെയും സ്പന്ദനവും ജാതി സമവാക്യങ്ങളുടെ പൊരുളും സംബന്ധിച്ച
അറിവായിരുന്നു. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഏതു ജാതിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായാൽ ജയിക്കും എന്നത് കണ്ണുമടച്ച് കരുണാനിധി പറയുമായിരുന്നു. തമിഴ്നാടിന്റെ വികസന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉറച്ച ഭരണാധികാരി കൂടിയായിരുന്നു അഞ്ച് തവണ മുഖ്യമന്ത്രിയായ കരുണാനിധി. അവസാന കാലഘട്ടത്തിൽ മക്കൾസ്നേഹവും നിധി വേട്ടയും ചില അപഭ്രംശങ്ങൾ ഉണ്ടാക്കിയെങ്കിലും തമിഴ് ജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയും അർപ്പണവും ആർക്കും ചോദ്യം ചെയ്യാനായിട്ടില്ല. ഒരിക്കൽ മധുരയിൽ ഒരു രാഷ്ട്രീയ സമ്മേളനത്തിന് നേരം ഇരുട്ടിയാണ് കരുണാനിധി എത്തിയത്. ഉച്ചമുതൽ മൈതാനത്ത് തമ്പടിച്ചിരുന്ന ജനങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു. കരുണാനിധി സ്റ്റേജിൽ കയറി ജനങ്ങളെ അപ്പാടെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് പറഞ്ഞു. മാസം ചിത്തിരൈ, നേരം പത്തരൈ, കൺകളിൽ നിദ്രൈ...കാതടപ്പിക്കുന്ന കൈയടിയോടെയാണ് ജനങ്ങൾ ആ വാക്കുകൾ സ്വീകരിച്ചത്. അതുപോലെ പൊതു തിരഞ്ഞെടുപ്പിൽ എം.ജി.ആറിനോട് തോറ്റ് തുന്നം പാടിയ ദിവസം മറീന ബീച്ചിലെ വമ്പിച്ച റാലിയെ അഭിസംബോധന ചെയ്യാൻ കരുണാനിധി എത്തി. കരുണാനിധി എന്ത് പറയും എന്ന് എല്ലാവരും ചിന്തിച്ചു. കരുണാനിധി പറഞ്ഞു. ''ഞാൻ വെറും കരുണൈയ്, നിധി അവൻ (എം.ജി.ആർ) കൊണ്ട് പോയാച്ച്.'' തോൽവിയുടെ മോഹഭംഗത്തിൽ നിന്ന് ഈ വാക്ക് കേട്ട് ഓരോ പ്രവർത്തകനും ഉന്മേഷത്തോടെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. അതായിരുന്നു കരുണാനിധി. രാഷ്ട്രീയത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന അതിമാനുഷ പ്രതിഭാസം. കരുണാനിധിയുടെ വേർപാടിൽ തമിഴ് ജനതയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ ഞങ്ങളും വേദനയോടെ ഒരു പനിനീർപ്പൂവ് സമർപ്പിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ