പാറയും ടാറും വേണ്ട, റോഡ് പണിക്ക് ഇനി ന്യൂജെൻ വിദ്യ
August 8, 2018, 12:08 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: പാറയുടെ ദൗർലഭ്യം കാരണം റോഡ് നിർമ്മാണത്തിന് 'ന്യൂജെൻ' വിദ്യകൾ നടപ്പാക്കി ചെലവ് ചുരുക്കാൻ പൊതുമരാമത്ത് ഒരുങ്ങുന്നു. ദേശീയപാതയിൽ ആലപ്പുഴയിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ വിജയകരമായി പരീക്ഷിച്ച 'മില്ലിംഗ് ആൻഡ് റീസൈക്ലിംഗ് ' വിദ്യ അടക്കമുള്ള പുത്തൻ രീതികളായിരിക്കും നടപ്പാക്കുക. നിലവിൽ ചെയ്യുന്ന പരമ്പരാഗത നിർമ്മാണ രീതിയും പുത്തൻ വിദ്യകളും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചീഫ് എൻജിനിയറോട് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന- ജില്ലാ പദവിയുള്ള 31,812 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ഇതിന്റെ മേൽപ്പാളി പുനർനിർമ്മാണത്തിന് മാത്രം പ്രതിവർഷം
1000 കോടിയാണ് ചെലവ്.
പുത്തൻ നിർമ്മാണവിദ്യ കൂടുതൽ ഈടുനിൽക്കുമെന്നതിനാൽ അറ്റകുറ്റപ്പണികളുടെ ചെലവും കുറയ്ക്കാം.

പാറ കിട്ടാനില്ല
പരിസ്ഥിതി പ്രശ്നങ്ങൾ കാരണം സംസ്ഥാനത്ത് നല്ലൊരു പങ്ക് ക്വാറികളും നിശ്ചലമായതിനാൽ മെറ്റലും പാറയും കിട്ടാനില്ല. നിയമപരമായി തടസമില്ലാത്ത ക്വാറികൾ പ്രവർത്തിപ്പിക്കാൻ മന്ത്രിതല യോഗത്തിൽ നിർദ്ദേശം നൽകിയെങ്കിലും
പരിസ്ഥിതി വാദികൾ തടസം നിൽക്കുകയാണ്. ക്ഷാമമില്ലാതെ കിട്ടുന്ന ഏക സാധനം ടാർ മാത്രമാണ്.

 മില്ലിംഗ് ആൻഡ് റീസൈക്ലിംഗ്
നിലവിലുള്ള റോഡിൽ നിന്ന് ഇളക്കിയെടുത്ത ടാറും മെറ്റലും വീണ്ടും ഉപയോഗിക്കുന്ന ജർമ്മൻ സാങ്കേതികവിദ്യയാണിത്. ടാറും കല്ലും സിമന്റും ഒപ്പം റബറും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ചാണ് നിർമ്മാണം. മില്ലിംഗ് യന്ത്രത്തിന്റെ സഹായത്തിൽ റോഡിൽനിന്ന് ടാറും മെറ്റലും ഇളക്കിയെടുക്കും. അധികമായിവേണ്ട ടാറും കുറച്ച് സിമന്റും കൂടി ചേർത്താണ് പുതിയ ഉപരിതലം നിർമിക്കുന്നത്. ഇത് ചെലവുകുറയ്ക്കാൻ സഹായിക്കും.

ഇതിന് സമാനമായ മറ്റൊരു സാങ്കേതിക വിദ്യ ഹൈദരാബാദിലും ഉപയോഗിക്കുന്നുണ്ട്. പൊതുമരാമത്ത് വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് എൻജിനിയർമാരും അവിടെ സന്ദർശിച്ച് ഇതേക്കുറിച്ച് പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടും പരിഗണനയിലുണ്ട്.

 ചെലവ് 1.25 കോടി
മില്ലിംഗ് മെഷീൻ ഉപയോഗിച്ചുള്ള റീസൈക്ളിംഗ് രീതിയിൽ ഒരു കിലോമീറ്റർ ടാർ ചെയ്യാനുള്ള ചെലവ് 1.25 കോടിയാണ്.
പരിമിതികൾ
ജർമൻ നിർമിത 'വിർട്ട്ജെൻ' യന്ത്രത്തിന് ഏകദേശം 20 കോടി രൂപ വിലവരും. ഇന്ത്യയിൽ മൂന്നോ നാലോ യന്ത്രങ്ങളാണ് ഇപ്പോഴുള്ളത്. സ്വന്തമായി വാങ്ങിയാൽ പരിപാലനം ബുദ്ധിമുട്ടാവും.
കൂടുതൽ ദൂരത്തിൽ, 10 മീറ്ററെങ്കിലും വീതിയുള്ള റോഡുകൾക്കാണ് റീസൈക്ലിംഗ് വിദ്യ അനുയോജ്യമാവുക. ഇത്തരം റോഡുകൾ കേരളത്തിൽ കുറവാണ്.
പൊതുമരാമത്ത് വകുപ്പിന്റെ മിക്ക റോഡുനിർമാണങ്ങളും രണ്ട് കോടിവരെയുള്ളതാണ്. വലിയ പ്രവൃത്തികൾക്ക് മാത്രമാവും ഈ വിദ്യ പ്രയോജനപ്പെടുക.
നിലവിലുള്ള ടാറിംഗ്
ചിപ്പിംഗ് കാർപ്പറ്റ് വിദ്യ
20 എം.എം കനത്തിൽ ടാറിംഗ്. പരമ്പരാഗതമായി ചെയ്തുവരുന്ന രീതി.
ഒരു കിലോമീറ്ററിന് ചെലവ് 25 ലക്ഷം.
 ബി.എം ആൻഡ് ബി.സി വിദ്യ
80 എം.എം കനത്തിൽ ടാറിംഗ്. പൂർണമായും യന്ത്രസഹായത്താൽ. ഒരു കിലോമീറ്ററിന് ചെലവ് 1 കോടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ