മറീനയിലെ സ്മൃതി കുടീരത്തിലേക്ക് ജനപ്രവാഹം തുടരുന്നു
August 10, 2018, 1:37 am
കോവളം സതീഷ്‌കുമാർ
ചെന്നൈ: മറീന ബീച്ചിൽ കലൈഞ്ജർ മറഞ്ഞ മണ്ണിൽ കൂപ്പുകൈകളുമായി തമിഴ് മക്കളുടെ പ്രവാഹം നിലയ്ക്കുന്നില്ല.
തമിഴ് മക്കൾ ആഗ്രഹിച്ചതു പോലെയാണ് അണ്ണാദുരൈയുടെ സ്മൃതി കുടീരത്തിനു പിന്നിൽ ശിഷ്യൻ മുത്തുവേൽ കരുണാനിധി അന്ത്യവിശ്രമം കൊള്ളുന്നത്.
ഇന്നലെ നേരം പുലർന്നപ്പോൾ മുതൽ പൂക്കളുമായി ജനം മറീന ബീച്ചിലേക്ക് എത്തി തുടങ്ങി. സംസ്കാര സമയത്ത് മറീനയുടെ പരിസരത്തു പോലും ദർശിക്കാൻ കഴിയാത്തവരാണ് എത്തുന്നവരിലേറെയും.
രാവിലെ പത്തോടെ കരുണാനിധിയുടെ നേരവകാശിയെന്ന് ഡി.എം.കെ പ്രവർത്തകർ വിശ്വസിക്കുന്ന എം.കെ. സ്റ്റാലിൻ എത്തി പിതാവിന്റെ സമാധിസ്ഥലത്ത് പുഷ്പഹാരം അർപ്പിച്ചു. അതിനു മുമ്പു തന്നെ കരുണാനിധിയുടെ പ്രിയസ്‌നേഹിതൻ കൂടിയായ ഗാനരചയിതാവ് വൈരമുത്തു എത്തി പൂക്കളർപ്പിച്ചിരുന്നു.
ഉച്ചയോടെ കത്തിക്കാളുന്ന സൂര്യനെ പോലും അവഗണിച്ച് ജനക്കൂട്ടം മറീനയിലേക്ക് ഒഴുകിയെത്തി. അതോടെ കൂടുതൽ പൊലീസും സ്ഥലത്തെത്തി. ബാരിക്കേഡുകൾ കൊണ്ട് ജനത്തെ നിയന്ത്രിച്ചു. പൂക്കളർപ്പിച്ച് അയ്യാ തലൈവരേ... എന്നു വിളിച്ച് കേണു മടങ്ങുന്നവരെയും കാണാമായിരുന്നു.
ഇന്നലെ മറീന ബീച്ചിൽ കരുണാനിധിയെ അടക്കം ചെയ്തിടത്തേക്ക് എത്തിയവരെല്ലാവരും ഡി.എം.കെ പ്രവർത്തകരല്ലായിരുന്നു. തൃച്ചി ഈാനാംകുളത്ത് നിന്നു മുഹമ്മദ് സിദ്ദിഖും കുടുംബവും എത്തിയത് സ്മൃതി കുടീരം കാണാൻ വേണ്ടിമാത്രമാണ്. താനൊരു ഡി.എം.കെക്കാരൻ അല്ലെന്നും, കലൈഞ്ജരോടു എന്നും ബഹുമാനം മാത്രമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ എത്തിയ ചില പ്രവർത്തകർ തല മുണ്ഡനം ചെയ്തു. അവിടെ എത്തിയ ഡി.എം.കെ നേതാക്കളിൽ ചിലർ അത് പ്രോത്സാഹിപ്പിച്ചില്ല. കരുണാനിധി ഇത്തരം ആചാരങ്ങൾക്ക് എതിരായിരുന്നു.
നിയമപോരാട്ടത്തിലൂടെയാണ് മറീനയിലെ ആറടി മണ്ണ് ഡി.എം.കെ നേടിയെടുത്തത്. അണ്ണാവിൻ തമ്പിക്ക് അവിടെ ഒരു സ്മൃതി കുടീരം അതാണ് ഡി.എം.കെ നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം. ഇന്നലെ ഗോപാലപുരത്തെ വസതിയിലേക്കും പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങിനു ശേഷവും അടക്കം ചെയ്ത സ്ഥലത്തേക്ക് സമാനമായ ജനത്തിരക്ക് ഉണ്ടായിരുന്നു. ഏതാനും മീറ്റർ മാറിയാണ് കരുണാനിധിയെ അടക്കം ചെയ്ത സ്ഥലം.

കരുണാനിധിയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ച രാജാജി ഹാളിലും ഇന്നലെ ജനം എത്തി. അവിടെ ശേഷിച്ചിരുന്ന പൂക്കൾ വലിയൊരു ധനം കിട്ടിയതു പോലെയാണ് ചിലർ കൊണ്ടു പോയത്. ഹാളിലെ പടിക്കെട്ടിനു മുകളിൽ കലൈഞ്ജരുടെ മൃതശരീരം പൊതു‌ദർശനത്തിനു വച്ചിരുന്ന പീഠത്തിൽ ചിലർ തൊട്ടു പ്രാർത്ഥിച്ചു. മറ്റു ചില‌‌ർ അതിനു മുന്നിൽ നിന്ന് സെൽഫിയെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ