ശമനമില്ലാതെ മഴയും ദുരിതവും
August 10, 2018, 12:14 am
ഏതാനും ദിവസം പിൻവാങ്ങി നിന്ന കാലവർഷം വീണ്ടും ശക്തിപ്രാപിച്ചത് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവച്ചുകൊണ്ടാണ്. വെള്ളപ്പൊക്കത്തോടൊപ്പം മലബാറിന്റെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടലുകളും ഉണ്ടായിട്ടുണ്ട്. അണക്കെട്ടുകൾ തുള്ളിത്തുളുമ്പിയതോടെ തുറന്നുവിടേണ്ട സ്ഥിതിയായി. മഴ മാറി നിന്നതിനെത്തുടർന്ന് തുറക്കേണ്ട സാഹചര്യം ഒഴിവായ ഇടുക്കി അണക്കെട്ട് ബുധനാഴ്ചത്തെ മഴയിൽ നിറഞ്ഞു കവിയാറായി. പരീക്ഷണാർത്ഥം അണക്കെട്ടിന്റെ ഒരു ഷട്ടർ ഇന്നലെ തുറക്കുകയും ചെയ്തു. സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നുവിട്ടതോടെ പ്രളയനില രൂക്ഷമായിട്ടുണ്ട്. നേരത്തെ ഉണ്ടായ കെടുതികളിൽ നിന്ന് വല്ലവിധവും മുക്തി നേടുന്നതിനിടയിലാണ് സംഹാര ഭാവത്തോടെ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ രക്ഷപ്പെട്ടു നിന്ന പ്രദേശങ്ങളും ഇപ്പോൾ തീരാദുരിതത്തിലായി. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഏതാനും പേർക്ക് ജീവനും നഷ്ടമായിട്ടുണ്ട്. വസ്തുവകകൾക്കും കൃഷിക്കുമുണ്ടായ നഷ്ടം തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളൂ. മഴയൊക്കെ മാറി തെളിഞ്ഞ അന്തരീക്ഷത്തിൽ പൊന്നോണത്തെ വരവേൽക്കാനൊരുങ്ങിയ മലയാളികളുടെ മനസിൽ ഇരുട്ടു പരത്തിക്കൊണ്ടാണ് കാലവർഷം രൗദ്രഭാവം ഒരിക്കൽക്കൂടി പുറത്തെടുത്തിരിക്കുന്നത്. നേരത്തെയുള്ള മഴക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കൂടുതൽ ജില്ലകൾ കെടുതികൾ നേരിടേണ്ടിവന്നിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ രൂക്ഷതയും വൈപുല്യവും നേരിൽക്കണ്ടറിയാൻ കേന്ദ്ര സംഘത്തിന് പ്രകൃതി തന്നെ അവസരമൊരുക്കിയിരിക്കുകയാണ്. കുട്ടനാട്ടിലെ ദുരിതമേഖലകളിൽ ചിലത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസംഘം സന്ദർശിച്ചിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയാലുടൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അർഹമായ സഹായം അനുവദിക്കാൻ താമസമുണ്ടാകില്ലെന്നും സംഘം ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്ര തീരുമാനം ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാർ ആവശ്യമായ ഔദ്യോഗിക സമ്മർദ്ദങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാന മന്ത്രിസഭായോഗം ബുധനാഴ്ച മഴക്കെടുതികൾ വിലയിരുത്തി ദുരിതബാധിതരെ സഹായിക്കാനാവശ്യമായ ചില നടപടികൾ എടുത്തിരുന്നു. പ്രധാനമായും ഒരുമാസത്തോളമായി ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നവയാണ് നടപടികളിൽ പലതും. പ്രളയബാധിത പ്രദേശങ്ങളിലെ കാർഷിക കടങ്ങൾക്ക് ഒരുവർഷം വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബാങ്കിംഗ് സമിതി യോഗം വിളിച്ചുകൂട്ടും. ദുരിത മേഖലകളിലുള്ളവരുടെ വൈദ്യുതി, വെള്ളക്കരം അടയ്ക്കുന്നതിന് ജനുവരി വരെ സാവകാശം നൽകാനും തീരുമാനമായിട്ടുണ്ട്. വീടുകളിൽ വെള്ളം കയറി രേഖകളും കുട്ടികളുടെ പാഠപുസ്തകങ്ങളും മറ്റും നഷ്ടപ്പെട്ടവർക്ക് അവ പുതുതായി നൽകാൻ നടപടി ഉണ്ടാകും. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തും. വായ്പകൾക്ക് മോറട്ടോറിയം ഏർപ്പെടുത്തുന്നതിനൊപ്പം പുതിയ വായ്പകളും ലഭ്യമാക്കും. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ രണ്ടാം കുട്ടനാട് പാക്കേജ് തയ്യാറാക്കി കേന്ദ്രത്തെ സമീപിക്കാൻ പോവുകയാണ്. ആദ്യ പാക്കേജിന്റെ കാര്യത്തിൽ കാണിച്ച വക്ര മാർഗങ്ങൾ ഒഴിവാക്കി വേണം രണ്ടാം പാക്കേജിന് രൂപം നൽകാൻ. വിദഗ്ദ്ധന്മാരുടെ അഭിപ്രായത്തിനും നിർദ്ദേശത്തിനുമാകണം പ്രഥമ പരിഗണന. പാക്കേജിലൊന്നും പെടുത്താതെ തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിന് ധാരണ ഉണ്ടാകണം. കുട്ടനാട്ടുകാരുടെ അടിയന്തരാവശ്യങ്ങളിൽ പ്രധാനം ശുദ്ധമായ കുടിവെള്ളവും ചികിത്സാ സൗകര്യവുമാണ്. ഈ രണ്ട് ആവശ്യങ്ങളും സാധിക്കാൻ അത്ര പ്രയാസമൊന്നുമില്ല. വെള്ളം ഇറങ്ങുന്നതിനൊപ്പം ഈ രണ്ട് കാര്യങ്ങൾക്കുമായി നടപടികൾ തുടങ്ങണം. മാനത്തു മഴമേഘങ്ങൾ നിരന്നാൽ വൈദ്യുതിബന്ധം നിലയ്ക്കുന്ന കുട്ടനാട്ടിൽ സൗരോർജ്ജ സാദ്ധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. അതിനുള്ള പദ്ധതി നടപ്പാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. വെള്ളം കയറാത്ത നിലയിലുള്ള സ്ഥിരം ദുരിതാശ്വാസ ക്യാമ്പുകൾ, ജല ആംബുലൻസുകൾ, വെള്ളം പൊങ്ങിയാൽ കന്നുകാലികളെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഷെൽട്ടറുകൾ തുടങ്ങിയ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നവയാണ്.
കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം കാലവർഷക്കെടുതി നേരിടുന്ന മറ്റു പ്രദേശങ്ങൾക്കും ബാധകമാക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിവർഷത്തിൽ നാശനഷ്ടമുണ്ടാകാത്ത ജില്ലകൾ ഇല്ലെന്നു തന്നെ പറയാം. രണ്ടുദിവസമായി വിരാമമില്ലാതെ പെയ്യുന്ന മഴ ഒട്ടേറെ സ്ഥലങ്ങളിൽ നാശം വരുത്തിയിട്ടുണ്ട്. വീടുകളും സ്ഥലവും കൃഷിയുമൊക്കെ നഷ്ടപ്പെട്ട അനേകം പേരുണ്ട്. ഇവരും സർക്കാരിന്റെ സഹായം കാത്തു കഴിയുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാരിന്റെ മാത്രം ചുമതലയായി കരുതരുത്. വോട്ടുതേടി വീടുവീടാന്തരം കയറിയിറങ്ങുന്ന വേളയിൽ രാഷ്ട്രീയ പ്രവർത്തകരുടെ മുഖത്ത് വിരിയുന്ന സൗഹൃദഭാവവും നിറപുഞ്ചിരിയും ഈ ദുരിതകാലത്തും ഉണ്ടാകണം. ദുരിതം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടുന്ന യോഗങ്ങൾ ബഹിഷ്കരിച്ചുകൊണ്ടല്ല രാഷ്ട്രീയക്കാർ ജനസ്നേഹം പ്രകടിപ്പിക്കേണ്ടത്. ദുരിതത്തിലായവരോടുള്ള നിന്ദയാണത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ