മഴക്കെടുതി, വെള്ളപ്പൊക്ക ഭീഷണി: കനത്ത സുരക്ഷയിൽ നാളെ കർക്കടക ബലി
August 10, 2018, 1:37 am
തിരുവനന്തപുരം: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ പ്രമുഖ ബലിഘട്ടങ്ങളിലെല്ലാം വെള്ളം കയറിയതോടെ നാളെ പുലർച്ചെ ആരംഭിക്കേണ്ട കർക്കടക വാവുബലിക്ക് സുരക്ഷ ശക്തമാക്കി.
ബലികർമ്മത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ആലുവാ ക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായതിനെ തുടർന്ന് റോഡരികിൽ മാത്രമേ ബലിയിടാൻ അനുവദിക്കുകയുള്ളുവെന്ന് തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ എൻ. വാസു കേരളകൗമുദിയോടു പറഞ്ഞു. 300ലേറെപ്പേർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും സ്ഥലപരിമിതി കാരണം കുറച്ചുപേർക്ക് മാത്രമാകും സൗകര്യം ലഭിക്കുക. വെളുപ്പിന് മൂന്ന് മണിക്ക് ചടങ്ങുകൾ ആരംഭിക്കും. ഭക്തർ മറ്റു സ്നാനഘട്ടങ്ങളെ കൂടുതൽ ആശ്രയിക്കണമെന്നും അറിയിപ്പുണ്ട്.
പ്രശ്ന ബാധിത പ്രദേശങ്ങളിൽ നേവിക സേന, പൊലീസ് , ഫയർഫോഴ്സ് സേവനങ്ങൾ ലഭ്യമാക്കും.
ശംഖുംമുഖത്ത് ബലികർമ്മങ്ങൾ കളക്ടർ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. കടലെടുക്കാത്ത ഭാഗത്ത് വളരെ കുറച്ചുപേർക്ക് മാത്രമാകും സൗകര്യം ലഭിക്കുക. വർക്കലയിൽ കടൽ ക്ഷോഭ സാദ്ധ്യതയുണ്ടെങ്കിലും സുരക്ഷാസന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇവിടെ വെളുപ്പിന് രണ്ട് മുതൽ ബലി തുടങ്ങും. ഒൻപത് ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. 22 മേൽശാന്തിമാരും 40 കീഴ്ശാന്തിമാരും ഉണ്ടാകും. 200 ദേവസ്വം ജീവനക്കാരെയും 200 താത്കാലിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. തിരക്ക് കുറക്കാൻ പുറത്തേക്ക് താത്കാലിക മേൽപ്പാലവും തോടിനു നടുവിലൂടെയുള്ള താത്കാലിക നടപ്പാലവും നിർമ്മിച്ചിട്ടുണ്ട്.
വിവിധ ക്ഷേത്രങ്ങളിലേക്ക് ബലി ടിക്കറ്റുകളുടെ മുൻകൂർ വില്പന നടക്കുന്നുണ്ടെന്ന് ബലി കർമ്മങ്ങങ്ങളുടെ പ്രത്യേക ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആർ. ജി. രാധാകൃഷ്ണൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചടങ്ങുകൾ നടക്കുക.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ