പിതൃസ്‌മൃതിക്കായുള്ള തർപ്പണം
August 11, 2018, 12:10 am
അമ്പലപ്പുഴ രാജഗോപാൽ
കർക്കടക അമാവാസിനാളിലെ പിതൃബലി. പിതൃസ്മൃതിയുടെ മുഹൂർത്തം. വ്രതനിബദ്ധമായ ആചാരാനുഷ്ഠാനമാണ് പിതൃതർപ്പണം. ആത്മശുദ്ധിയോടെ ഉത്തമഹൃദയബന്ധത്തോടെ ചെയ്യേണ്ട മഹനീയ കർമ്മമായ പിതൃബലി മൺമറഞ്ഞ പൂർവസൂരികളോടുള്ള കടപ്പാടും ഭക്തിയും പ്രകടമാക്കുന്നതാണ്. തൃപ്തി നൽകാൻ അർപ്പിക്കുന്നതാണ് തർപ്പണം. ശ്രദ്ധാപൂർവമർപ്പിക്കുന്നത് ശ്രാദ്ധവും.
ജീവിത മായയിൽനിന്നും വേർപെട്ട് ദൈവിക സന്നിധിയിലെത്തിയ ആത്മാക്കളെ പ്രതിദിനം ഭക്ഷണ മൂട്ടുകയാണ് നാമിവിടെ.
ദേവന്മാരോടൊപ്പമുള്ള പിതൃക്കൾക്കും ദേവന്മാർക്കെന്നപോലെ, മനുഷ്യരുടെ 'ഒരു വർഷം', 'ഒരു ദിവസ' മാണ്. അതുകൊണ്ടാണ് വർഷത്തിലൊരിക്കൽ മനുഷ്യർ നടത്തുന്ന ശ്രാദ്ധമൂട്ട് പിതൃക്കൾക്ക് ദിനംപ്രതിയുള്ള അന്നം ഊട്ടലായി ഭവിക്കുന്നത്.
ഭൗതികജീവിയായ മനുഷ്യൻ പഞ്ചമഹായജ്ഞങ്ങൾക്ക് വിധേയമായ ജീവിതമാണ് നയിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം എന്നിവയിൽ ശ്രേഷ്ഠമേറിയതാണ് പിതൃയജ്ഞം. ധന - ധാന്യ- സമ്പദ് സമൃദ്ധികൾ ധർമ്മാനുസരണാർത്ഥമായി ഇൗശ്വരനിൽ സമർപ്പിക്കുകയാണ് പഞ്ചമഹായജ്ഞൻ.
ജീവിതം തങ്ങൾക്കുവേണ്ടി സമർപ്പിച്ച് കർമ്മനിഷ്ഠവും ശ്രേഷ്ഠവുമായ പാതകളിലൂടെ അന്നവും അറിവും പകർന്ന് പിതൃലോകത്തിലെത്തിയ ബന്ധങ്ങളെ ബലിതർപ്പണാദികൾകൊണ്ട് തൃപ്തിപ്പെടുത്തുന്നത് അനന്തര തലമുറകളുടെ കടമയാണ്. പിതൃക്കൾക്ക് പ്രീതി വരുത്തുന്നതിലൂടെയാണ് തലമുറകൾക്ക് മേൽഗതി കൈവരുന്നത്.
''പുന്നാമമാകും നരകത്തിൽ നിന്നുടൻ തന്നുടെ താതനെത്രാണനം ചെയ്ക‌യാൽ പുത്രനെന്നുള്ളശബ്ദം വിധിച്ച് ശതപത്രസമുദ്ഭവനെന്നു മറികനീ.''
പുന്നാകമാകുന്ന നരകത്തിൽ നിന്ന് പിതൃക്കളെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പിതൃബലി ചെയ്യാത്തവൻ പുത്രനല്ല. പിതൃക്കൾക്ക് പുത്രർ ചെയ്യേണ്ട പ്രധാന യജ്ഞമാണ് പിതൃപൂജ. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന (മനസുകൊണ്ടും പ്രവൃത്തികൊണ്ടും) പിതൃപൂജപോലെ മരണാനന്തരം ചെയ്യുന്ന പിതൃപൂജയാണ് പിതൃബലി. അത്രി മഹർഷിയുടെ വംശപരമ്പരയിൽ പെട്ട 'നിമി ' എന്ന താപസനാണ് ശ്രാദ്ധമൂട്ടിത്തുടങ്ങിയതെന്നാണ് വിശ്വാസം .
''അന്നവസ്ത്രാദിമുട്ടാതെ തന്നുരക്ഷിക്കുന്ന'' ഭഗവാനെയെന്നപോലെ ജീവിതാരംഭംമുതൽ വേണ്ടതെല്ലാം തന്ന് നമ്മെ പരിപാലിച്ചുപോന്ന മാതൃപിതൃ ജനങ്ങൾ, ദേവപിതൃക്കൾ, മഹർഷീശ്വരന്മാർ പിതൃജനങ്ങൾ പിതാമഹന്മാർ എന്നിവർക്കെല്ലാം അന്നംകൊണ്ടോ ജലം കൊണ്ടോ പുഷ്പം കൊണ്ടോ തർപ്പണം ചെയ്ത് പ്രീതി സമ്പാദിക്കേണ്ടത് നമ്മുടെ കടമയാണ്. കൃതജ്ഞതാനിർഭരമായ ഇൗ കർത്തവ്യം മനുഷ്യബന്ധങ്ങളുടെ ഉൗടുംപാവും ചിത്രീകരിക്കുന്നതു കൂടിയാണ്. ദേവഗണങ്ങൾക്ക് നൽകുന്ന നൈവേദ്യത്തിനെ 'ഹവിസ് ' എന്നും മനുഷ്യഗണത്തിൽപെടുന്നവർക്ക് നൽകുന്നതിനെ 'ഹവ്യം' എന്നും അറിയപ്പെടുന്നു.
തലേന്നാൾ ബ്രാഹ്മ മുഹൂർത്തത്തിനുണർന്ന് കുളിച്ച് ശുദ്ധമായ വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം കഴിച്ച് ആചമനാദികൾക്കുശേഷം പിതൃസ്മരണയോടെ, ഇൗശ്വരാരാധനയോടെ ലഘുഭക്ഷണവുമായി കഴിഞ്ഞുകൂടുന്ന വ്രതാനുഷ്ഠാനി, അടുത്തദിവസം ബലിദിനത്തിൽ സ്‌നാനാദികൾക്കുശേഷം ജലസാമീപ്യമുള്ള സ്ഥലങ്ങളിൽ നനഞ്ഞവസ്ത്രത്തോടുകൂടിത്തന്നെ ബലിതർപ്പണം നടത്തണമെന്നാണ്. കറുത്തവാവാണ് പിതൃബലിക്ക് ശ്രേഷ്ഠമായതെന്നാണ്, ശാസ്ത്രം. വിശേഷിച്ചും കർക്കടകത്തിലെ കറുത്തവാവ് .
രാമായണമുൾപ്പെടെയുള്ള പുരാണഗ്രന്ഥങ്ങളിലെല്ലാം പല സന്ദർഭങ്ങളിൽ പിതൃതർപ്പണ സൂചകങ്ങളുണ്ട്.
അവിടെയെല്ലാം അത് എത്രമാത്രം ഭക്തിയോടെ-ഹൃദയശുദ്ധിയോടെയാണ് അനുഷ്ഠിക്കുന്നതെന്ന് നമുക്ക് കാണിച്ചുതരുന്നുമുണ്ട്. പിതൃദേവന്മാരെന്താണ് പറയുക. അർപ്പണീയമായ തർപ്പണമാണ് വേണ്ടത്.
'പിതൃകടം, തീർത്താൽ തീരാത്തതാണ്. ജീവിച്ചിരിക്കുമ്പോൾ കൃതഘ്‌നത വെടിഞ്ഞ്, സ്നേഹിക്കുകയും മരണാനന്തരം കൃതജ്ഞതാനിർഭരമായി അനുസ്മരിക്കുകയും ചെയ്യുകയെന്നതാണ് ജീവിതധർമ്മം. 'മാതാപിതാഗുരു ദൈവ, മെന്നാണ് . ഹൃദയബന്ധങ്ങളെല്ലാം ഇൗശ്വരസാമീപ്യമുള്ളവയാണ്. ബന്ധങ്ങളിലെ വിമലതയാണ് സ്മൃതിപൂർണമാകുന്നത്. മാതാപിതാക്കളെന്നല്ല, ബന്ധുമിത്രാദികളോടും നാം യഥാവിധി ജീവിച്ചിരിക്കുമ്പോൾ കടമ നിർവഹിക്കുന്നതുപോലെയാണ് പിന്നീട് പിതൃക്കളോട് നാം ബലിതർപ്പണത്തിലൂടെ കടം വീട്ടുന്നതും.
കർക്കടകം പിതൃക്കളുടെ ഇഹലോക സഞ്ചാരവേളയെന്നു പറയാറുണ്ട്. ദേവതകളെക്കാൾ പ്രാധാന്യമാണ് പിതൃക്കൾക്ക് എന്നൊരു ചൊല്ലുതന്നെയുണ്ട്! അത്രമാത്രം പിതൃസ്മൃതി ആദരിക്കപ്പെടേണ്ടതാണ് എന്നു സാരം.
കുരുക്ഷേത്രത്തിൽ ശരശയ്യയിലുള്ള ഭീഷ്മപിതാമഹൻ ധർമ്മപുത്രരുടെ ചോദ്യത്തിനുത്തരമായി പറയുന്നു: 'ശ്രാദ്ധ കാലത്ത് ഞാൻ അച്ഛന് നൽകാനായി പിണ്ഡമെടുത്തു. അച്ഛനോ, ഭൂമി പിളർന്ന് എന്റെ നേരെ കൈനീട്ടി. ആ കൈകൾ ഞാൻ പണ്ടുകണ്ടതുപോലെതന്നെ; ഹസ്താഭരണവും കേയൂരവുമണിഞ്ഞ മനോഹരമായ കരങ്ങൾ! കല്പത്തിൽ ഇൗ വിധിയില്ലല്ലോ എന്ന് ചിന്തിച്ച് ഞാൻ ദർഭയിൽത്തന്നെ ആ പിണ്ഡം അർപ്പിച്ചു. തുടർന്ന് പ്രസന്നവദനനായ അച്ഛൻ ''മകനേ, നിന്നാൽ ഞാൻ ഇഹപരങ്ങളിൽ സംതൃപ്തനായി. നിന്നെ പരീക്ഷിക്കുന്നതിനാണ് ഞാൻ കൈകൾ നീട്ടിയത്.........'' എന്നിങ്ങനെ.
പൂർവജന്മകൃതം കൊണ്ടുള്ള ഭാഗ്യനിർഭാഗ്യങ്ങൾക്ക് വിധേയനായ മനുഷ്യൻ പൂർവികരെ സ്മരിക്കുന്നതും അവർക്കുവേണ്ടി തർപ്പണാദികൾ ചെയ്യുന്നതും കർമ്മപരിപാകങ്ങളുടെ ഭാഗമാണ്. ഭൗതികമെന്ന സാധാരണത്വത്തിൽനിന്നും ആത്മീയധന്യതയെന്ന അസാധാരണത്വത്തിലേക്കുള്ള മനുഷ്യജീവിതത്തിന് ഇൗവിധ ആചരണങ്ങൾ കൂടിയേ കഴിയൂ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ