പൊട്ടിക്കരഞ്ഞ് 'കലൈഞ്ജർ പുള്ളൈ'
August 9, 2018, 1:59 am
സ്വന്തം ലേഖകൻ
ചെന്നൈ: രാജാജി ഹാളിൽ എം.കരുണാനിധിയുടെ ഭൗതിക ശരീരത്തിന് മുന്നിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ഒരു മെലിഞ്ഞ മനുഷ്യനെ അധികമാർക്കും അറിയില്ല.
'കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൂന്നാമത്തെ പുത്രൻ തമിഴരസ് '. രാഷ്ട്രീയത്തിലും സിനിമയിലും എത്തി നോക്കാത്ത തമിഴരസ് എന്നും അപ്പാവുടെ 'സ്വന്തം ആളായി കൂടെയുണ്ടായിരുന്നു'. കരുണാനിധി ആശുപത്രിയിലായ നാളിലെല്ലാം തമിഴരസ് അവിടെയുണ്ടായിരുന്നു. എന്നാൽ കാമറാകണ്ണുകളിൽ നിന്നും ചാനൽ മൈക്കുകളിൽ നിന്നും കൃത്യമായ അകലം പാലിച്ചു പോന്നു. ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടായപ്പോൾ കരുണാനിധിക്കു വേണ്ടി എഴുത്തിടപാടുകൾ ഉൾപ്പെടെയുള്ളവ ചെയ്തുവന്നിരുന്നത് തമിഴരസാണ്.
കരുണാനിധിയുടെ പിൻഗാമിയാകാനുള്ള മത്സരം സ്റ്റാലിനും അഴഗിരിയും തമ്മിലുണ്ട്.അവർ സുപരിചിതരാണ്. കവിതകളുമായി തമിഴ് മക്കളുടെ ഹൃദയം കവർന്ന കനിമൊഴി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വരെ തിളങ്ങി നിൽക്കുന്നു.സിനിമയിലെത്തിയ മൂത്തമകൻ മുത്തുവിനേയും ഏവർക്കും അറിയാം.
തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലം പോലും നോക്കാതെ കരുണാനിധിയുടെ മണ്ഡലത്തിൽ വോട്ടു തേടുന്ന തമിഴ് അരസിനെ തമിഴ്മക്കൾക്ക് അറിയാം. ഓരോ വീട്ടിലും നോട്ടീസുമായി അദ്ദേഹം കയറിയിറങ്ങും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവാരൂരിൽ കരുണാനിധി മത്സരിച്ചപ്പോൾ തമിഴ് അരസായിരുന്നു പ്രചരണത്തിന് നേതൃത്വം കൊടുത്തത്.
'ഇത് നമ്മ കലൈഞ്ജർ വന്ത മാതിരി .... കലൈഞ്ജർ പയ്യൻ തമിഴരസ് വന്നിട്ടിറക്കറാൻ...' തമിഴ് അരസ് വരുന്നതിനു മുന്നോടിയായി ഇങ്ങനെ ഒരു അനൗൺസ്‌മെന്റ് കൂടിയുണ്ടാകും.
തമിഴരസ് എന്തു ചെയ്യണമെന്ന് ഇതു വരെ കരുണാനിധി പറഞ്ഞിരുന്നു. അതിനപ്പുറത്തേക്ക് അദ്ദേഹം പോയില്ല. ഇപ്പോൾ കരുണാനിധി പോയി. തമിഴ് അരസിന് നിസഹായനായി കരയാൻ മാത്രമെ കഴിയുന്നുള്ളൂ. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ