കനത്ത മഴ: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്
August 10, 2018, 6:45 pm
തിരുവനന്തപുരം: സംസ്ഥാനത്തിെന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മഴ വ്യാപക നാശം വിതച്ച മലബാറിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവർഷക്കെടുതിയിൽ ദുരിതത്തിലായ ഇടുക്കി ജില്ലയിൽ വരുന്ന മൂന്ന് ദിവസവും അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരാൻ തന്നെയാണ് സാദ്ധ്യത. മഴ നാശം വിതച്ച ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഷട്ടറുകൾ തുറന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് താത്കാലിമായി ആശ്വാസം നൽകുന്നുണ്ട്. ആറ് മണിക്ക് എടുത്ത റീഡിംഗിൽ 2401.70 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് ഒരു മണിക്കുറുൽ 0.06 അടിയാണ് കുറഞ്ഞിരിക്കുന്നത്. ഷട്ടർ തുറന്നതിന് ശേഷം ഇത് ആദ്യമായാണ് ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും നേരത്തെ തുറന്നിരുന്നു.

ഇടുക്കി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്ന് വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. ഇപ്പോൾ സെക്കന്റിൽ 800 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. അതേസമയം, അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതോടെ ചെറുതോണി പട്ടണം ഏതാണ്ട് വെള്ളത്തിനടിയിലാണ്. ചെറുതോണിയിലെ ബസ്‌ സ്‌റ്റാൻഡ് ഏതാണ്ട് ഒലിച്ചുപോയിട്ടുണ്ട്. ചെറുതോണിയിൽ നിന്നും കട്ടപ്പനയിലേക്ക് പോകുന്ന പാലം വെള്ളത്തിനടിയിൽ ആയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

ആലുവയിൽ സൈന്യമെത്തി
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ സർക്കാർ‌ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്‌ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ആലുവയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആർമി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനൊപ്പം പ്രവർത്തിക്കുന്നത്. നാല് കമ്പനി ദുരന്ത നിവാരണ സേന കൂടി ആലുവയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ