ആശങ്കയുടെ മുൾമുനയിൽ കേരളം, ജലതാണ്ഡവം,വൻ കെടുതി
August 11, 2018, 12:08 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, അണക്കെട്ടുകളും നദികളും കുലംകുത്തിയൊഴുകിയിട്ടും അസാധാരണമായ ആശങ്കയുടെ മുൾമുനയിൽ നിന്നുകൊണ്ട് പക്വവും സുരക്ഷിതവുമായ നടപടികളാണ് സർക്കാർ കൈക്കൊണ്ടത്. സൈന്യത്തിന്റെയും കേന്ദ്രസേനകളുടെയും സഹായത്തോടെ ഭരണകൂടവും പൊലീസും ദുരന്തനിവാരണ ഉദ്യോഗസ്ഥരുമെല്ലാം സാദ്ധ്യമായ പരമാവധിയിടങ്ങളിൽ രക്ഷാദൗത്യം നടത്തുകയാണ്. മറ്റു പരിപാടികളെല്ലാം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്. മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് രക്ഷാദൗത്യത്തിന് ചുക്കാൻ പിടിക്കുന്നു. തലസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കുന്നു. കളക്ടർമാരെയും പൊലീസ് മേധാവികളെയും ദുരന്തമുഖത്ത് ഏകോപിപ്പിച്ച് വിശ്രമരഹിതനായി ചീഫ് സെക്രട്ടറി ടോംജോസുമുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിക്കാണ് സംസ്ഥാനം സാക്ഷ്യംവഹിക്കുന്നത്; ഇന്നുവരെ കണ്ടിട്ടില്ലാത്ത രക്ഷാദൗത്യത്തിനും. ചെറുതോണി അണക്കെട്ടിൽനിന്ന് സെക്കൻഡിൽ ഏഴരലക്ഷം ലിറ്റർ വെള്ളം പുറന്തള്ളുന്ന സാഹചര്യത്തിൽ പെരുമ്പാവൂർ വരെയുള്ള പെരിയാറിന്റെ തീരത്തെ 6500 കുടുംബങ്ങളിലെ 53051 പേരെ മാറ്റിപ്പാർപ്പിക്കാനും ജനങ്ങളെ സുരക്ഷിത അകലത്തിൽ നിയന്ത്രിക്കാനുമുള്ള ശ്രമകരമായ ദൗത്യം ജില്ലാഭരണകൂടങ്ങളും പൊലീസും അഗ്നിശമനസേനയും വിജയകരമാക്കി. മുന്നറിയിപ്പുകൾ മൈക്കിലൂടെ ജനങ്ങളെ അപ്പപ്പോൾ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 24 അണക്കെട്ടുകൾ തുറന്നുവിട്ടതോടെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് മുൻകരുതലൊരുക്കാനായി. ഏറ്റവുമധികം പ്രളയമുണ്ടാകുമെന്ന് കരുതുന്ന ആലുവയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ചെറുതോണി അണക്കെട്ട് തുറക്കാൻ അല്പം വൈകിയെന്ന വിമർശനം ആദ്യം ഉയർന്നെങ്കിലും, കരപ്രദേശം തൂത്തെറിഞ്ഞുള്ള ജലതാണ്ഡവം കണ്ട് എല്ലാവരും മൂക്കത്തുവിരൽ വച്ചു. ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സാവകാശമാണ് ജില്ലാഭരണകൂടം തേടിയിരുന്നത്. ഇടുക്കിയിലെ നാല് പഞ്ചായത്തുകളിൽ നിന്ന് 120 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പതിനൊന്ന് ജില്ലകളിൽ 260 ക്യാമ്പുകൾ തുറന്നാണ് 53501 പേരെ ഒഴിപ്പിച്ചത്. ഇടുക്കിയിൽ പത്തും എറണാകുളത്ത് 58ഉം വയനാട്ടിൽ 107ഉം പാലക്കാട്ട് 18ഉം ക്യാമ്പുകൾ തുറന്നു. മുൻകൂർ അനുമതി കൂടാതെ ജലനിരപ്പ് ക്രമീകരിക്കാനുള്ള അനുമതി ഇടുക്കി ജില്ലാകളക്ടർക്കും കെ.എസ്.ഇ.ബിക്കും നൽകി.

അതിനിടെ, ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘം പത്തനംതിട്ടയിലെ പ്രളയക്കെടുതികൾ നേരിട്ടുകണ്ടു. പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 14 വരെ അതീവജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ തീവ്രമായ മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ജാഗ്രത തുടരുന്നത്. 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളെ തടയാൻ കോസ്റ്റൽ പൊലീസിനും നിർദ്ദേശം നൽകി. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഓപ്പറേഷൻ സഹയോഗ്
പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തിയും റോഡുകൾ ഗതാഗതയോഗ്യമാക്കിയും സൈന്യം ഇന്നലെയും 'ഓപ്പറേഷൻ സഹയോഗ് ' എന്നു പേരിട്ട രക്ഷാദൗത്യത്തിന്റെ മുന്നിലുണ്ടായിരുന്നു. താമരശേരി ചുരത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കരസേനയുടെ എൻജിനിയറിംഗ് വിഭാഗം താത്കാലിക പാലങ്ങളൊരുക്കി. എട്ടുകോളം കരസേനയെ വിന്യസിച്ചിട്ടുണ്ട്. പാങ്ങോട് കരസേനാ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സൈനികരെ അടിമാലിയിലെത്തിച്ചു. ഇരിട്ടിയിൽ കുടുങ്ങിക്കിടന്ന നൂറോളം പേരെ സൈന്യം രക്ഷിച്ചു. വയനാട്ടിലെ പനമരം, വൈത്തിരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തി. വ്യോമസേനാവിമാനങ്ങൾ കൊച്ചിയിൽ സജ്ജരായിട്ടുണ്ട്.

29 മരണം ഇങ്ങനെ
ഇടുക്കി-12
എറണാകുളം-2
മലപ്പുറം-7
കോഴിക്കോട്-1
വയനാട്-5
കണ്ണൂർ-2
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ