പ്രണവ സ്വരൂപം ശ്രീവിനായകം
September 13, 2018, 12:22 am
അമ്പലപ്പുഴ രാജഗോപാൽ
മഹാമനീഷികളും നമിക്കുന്ന ലോകമൂർത്തിയാണ് ശ്രീവിനായകൻ. ജ്ഞാനമോക്ഷങ്ങളുടെ അധിപതിയായ പരബ്രഹ്മ സ്വരൂപമായ ശ്രീമഹാഗണപതിയുടെ പുണ്യദിനം!
പ്രണവ സ്വരൂപനായ ഭഗവാൻ ഗജാനനനാണ്. വിഘ്നങ്ങൾ അകറ്റുന്നവനും അറിവിന്റെ ആദിമദ്ധ്യാന്തപ്പൊരുളുമായ മഹാഗണപതി ശ്രീപരമേശ്വരന്റെ നെറ്റിത്തടത്തിൽനിന്ന് സംഭൂതമായെന്ന് വരാഹപുരാണത്തിൽ പ്രഘോഷിക്കുന്നു. 'ഗ'കാരം ജ്ഞാനത്തിന്റെയും 'ണ' കാരം മോക്ഷത്തിന്റെയും സൂചകങ്ങളാകുമ്പോൾ 'ഗണ' നാഥൻ ലോകനായകനാകുന്നു.
എ.ഡി. ആറാം ശതകം മുതൽതന്നെ ദക്ഷിണ ഭാരതത്തിലാകെ മഹാഗണപതിയെ ആരാധിച്ചിരുന്നു. എത്രയോ നൂറ്റാണ്ടുകളായി കേരളത്തിലെ വിനായകോപാസനയുടെ മുഖ്യശ്രദ്ധാകേന്ദ്രമായാണ് സൂര്യകാലടിമന അറിയപ്പെടുന്നത്. ലളിതാസഹസ്രനാമത്തിൽ മൂലഗണപതിയെ പ്രകീർത്തിക്കുന്നുണ്ട്. ഭാരതീയ സംസ്കൃതിയുടെ ബഹുമുഖമായ അദ്ധ്യാത്മാചരണങ്ങളിൽ ശ്രീഗണപതിയുടെ സ്ഥാനം എന്നും പ്രഥമമാണ്.
ലോകത്തിന്റെ ആരംഭം ഒാംകാരത്തിൽനിന്നെന്ന പോലെ ജീവിതത്തിന്റെ ഏതൊരു നല്ല കാര്യങ്ങൾക്കും ഒാംകാര സ്വരൂപനായ വിഘ്നേശ്വരനെ സ്മരിക്കുന്ന ഭൂമിയുടെ ദേവനായ ഗണപതി ഭൂമിയോടൊപ്പം മൂലാധാരത്തിലാണ് വസിക്കുന്നത്. പ്രണവസ്വരൂപമായ ഭൂമിയിലെ ദേവനെ സ്മരിച്ചുവേണം മറ്റു ദേവസ്മരണ നടത്തുവാൻ. ഗജമുഖഗണപതിയെ വന്ദിച്ച ശേഷമാണ് ഇന്നും എന്നും ബൃഹദ്‌കാര്യങ്ങൾ നാനാദേശവാസികളായ ഭാരതീയർ ചെയ്തുവരുന്നത്. മൂഷിക വാഹനനാണ് ശ്രീഗണപതി. ദേവകളോടു കലഹിച്ച് ഭൂമിക്കടിയിലേക്ക് എലിയുടെ രൂപത്തിൽ മറഞ്ഞ അഗ്നിയെ പരമശിവൻ വീണ്ടെടുത്തു.ആ മൂഷികനെയാണ് ഗണപതിക്ക് വാഹനമായി ശ്രീപരമേശ്വരൻ നൽകിയതെന്നാണ്. സ്ഥിതികാരണനായ മഹാവിഷ്ണുവിനെയും ജീവിതത്തിന്റെ സാക്ഷാത്‌ക്കാര സ്വരൂപനായ മഹാദേവനെയും ഐശ്വര്യാനുഗ്രഹ ദായിനിയായ ദേവിയെയും പ്രാർത്ഥിക്കുന്നതിന് തുല്യമാണ് വിനായകനെ ഭജിക്കുക എന്നത്.
നമ്മുടെ വൈദിക കർമ്മങ്ങളെന്നതുപോലെ താന്ത്രിക ക്രിയകളും ഗണപതിയുടെ അനുവാദത്തോടെയാണ് നടത്തുക. ഗണപതി ഹോമവും ഗണപതി നിവേദ്യവുമെല്ലാം ഇതിന്റെ തത്‌ഭവമാണ്. തന്റെ എല്ലാ പ്രസാദങ്ങളും തനിക്ക് നേദിക്കുന്നതെല്ലാം തന്റെ വാഹനമായ മൂഷികനും കൂടിയുള്ളതാണ്. സ്നേഹാധിക്യത്താൽ ശ്രീപാർവതിക്ക് പരമശിവൻ ഒരു പാത്രം മോദകം നൽകി. അതിന്റെ സുഗന്ധം വഹിച്ച് അവിടെയെത്തിയ ഒരു മൂഷികൻ ആ മോദകം ഭക്ഷിച്ചതിനാൽ അതിന് മരണമില്ലാതായി. മൃത്യുരഹിതനായ മൂഷികൻ ഗണപതിയുടെ വാഹനമായി മാറി.
സർവ്വാധാരസ്വരൂപമായ ദേവതയാണ് ശ്രീഗണപതി. ഒാംകാര സ്വരൂപനായ ഭഗവാൻ കുണ്ഡലിനീയോഗ പ്രകാരം മൂലാധാര ചക്രസ്ഥിതനാണ്.
വിശ്വവിഖ്യാതമായ മഹാഭാരതം മഹാമുനി വേദവ്യാസൻ പറഞ്ഞുകൊടുത്ത് എഴുതവേ തന്റെ കൈയിലുള്ള എഴുത്താണി ഒടിഞ്ഞുപോയതിനാൽ തുടർരചനയ്ക്കായി തന്റെ കൊമ്പ് സ്വയമൊടിച്ച് തൂലികയാക്കി മഹാഭാരത രചന പൂർണമാക്കിയെന്നാണ് കഥ.
ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥി നാളിലാണ് 'വിനായകചതുർത്ഥി' ആഘോഷിക്കുന്നത്. തുലാമാസത്തിലെ തിരുവോണം , മീനത്തിലെ പൂരം, വാരങ്ങളിലെ വെള്ളിയാഴ്ചകൾ എന്നപോലെ വിദ്യാരംഭദിനവും ഭഗവാൻ പ്രീതിക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നു. വിദ്യയുടെ സമാരംഭം കുറിക്കുന്നതുതന്നെ ''ഹരി: ശ്രീ: ഗണപതയേനമ: അവിഘ്നവസ്തു ശ്രീഗുരുഭ്യോ നമഃ'' എന്നാണ്.
ജ്ഞാനദാതാവും അതുകൊണ്ടുതന്നെ സാക്ഷാൽ ഗുരുവും സർവ്വാന്തര്യാമിയായ രക്ഷിതാവുമാണ് ശ്രീവിനായകൻ. ത്രിപുരാ ദഹനത്തിനായി യുദ്ധം നയിച്ച ശ്രീമഹാദേവനും സൈന്യസന്നാഹവും എത്രതന്നെയായിട്ടും ത്രിപുരന്മാരെ തകർക്കാനാകാതെ വന്നപ്പോൾ ശ്രീമഹാദേവൻ നൂറ്റിയെട്ടുപ്രാവശ്യം വിനായകമന്ത്രം ഉരുവിട്ടുതീർന്നപ്പോൾ ത്രിപുരാന്തകന്മാരെ വധിക്കുവാനും കഴിഞ്ഞുവെന്നാണ്. വിവിധ ഭാവങ്ങളാണ് ഗണപതിക്ക്. അതായത്, ബാലഗണപതി, കുട്ടികളുടെ മുഖഭാവത്തോടുകൂടിയതാണ്. യുവത്വം തുളുമ്പുന്ന ഭാവത്തോടുകൂടിയ, എട്ടുകൈകളുള്ള തരുണഗണപതി, പൂർണചന്ദ്രന്റെ തിളക്കത്തോടെയുള്ള മഖകാന്തിയിൽ മുഴുകിയ ഭക്തിഗണപതി, യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ള, 16 കൈകളും തൃക്കൈകളിലെല്ലാം ആയുധങ്ങളുമേന്തിയ വീരഗണപതി, സർവ്വദാ ആത്മസംതൃപ്തി തുളുമ്പുന്ന ഭാവത്തോടെയിരിക്കുന്ന സിദ്ധിഗണപതി, വിശിഷ്ടമായ സംസ്കൃതിയുടെ കാവൽഭടനായ ഉച്ഛിഷ്ട ഗണപതി, എല്ലായ്പ്പോഴും എല്ലാ തടസങ്ങളും നീക്കുന്ന വിഘ്നഗണപതി, ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായി വിരാജിക്കുന്ന ക്ഷിപ്രഗണപതി, തൂവെള്ള നിറമാണ്. കൈകളിൽ തത്തയും മാതളവുമുള്ള ലക്ഷ്മീഗണപതി, മൂന്ന് തൃക്കണ്ണുകളോടുകൂടിയതും മാതളം, നീലത്താമര, നെൽക്കതിർ എന്നിവ തൃക്കൈകളിലേന്തിയ മഹാഗണപതി, സദാ വിജയഭാവത്തോടുകൂടിയ, മുഖകാന്തി നിറഞ്ഞ വിജയഗണപതി, നടനരൂപത്തിലുള്ള നൃത്തഗണപതി, എല്ലാ കടബാധ്യതകളിൽ നിന്നും മോചിതനാക്കുന്ന ഋണമോചനഗണപതി, ധീരതയെ സൂചിപ്പിക്കുന്ന സിംഹവാഹനനായ സിംഹഗണപതി, യോഗമുദ്ര‌യിലിരിക്കുന്ന യോഗഗണപതി, എല്ലാ ദുഃഖവും ഇല്ലാതാക്കുന്ന സങ്കടഹരഗണപതി തുടങ്ങി ഹേരംബഗണപതി, കുക്ഷിഗണപതി, ത്രൈലോക്യമോഹനഗണപതി, ഹരിദ്രാഗണപതി, വക്ര തുണ്ഡഗണപതി, ശക്തിഗണപതി, മാരഗണപതി, സിദ്ധിവിനായകൻ, ലക്ഷ്മീവിനായകൻ എന്നിങ്ങനെ പ്രണവമൂർത്തിയായ ഗണപതിയെ പ്രകീർത്തിക്കുന്നു. ഇൻഡോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, ടിബറ്റ്, ബംഗ്ളാദേശ്, മ്യാൻമർ, ചൈന, കമ്പോഡിയ, ബോർണിയോ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാംതന്നെ ഗണേശാരാധനയും വിശ്വാസാചരണങ്ങളും ദൃഢമായിത്തന്നെ നിലനിൽക്കുന്നു. ഭഗവാന്റെ കൃപാകടാക്ഷങ്ങളാൽ ജീവിതത്തിലെ സകല ദുരിതങ്ങളും മാറുമെന്നാണ്.
ഗണേശപൂജയ്ക്കുള്ള മുഖ്യപുഷ്പം കറുകയാണ്. കറുകമാല്യം ദേവന് പ്രിയങ്കരമാണ്. ഒാരോ കറുകയും മന്ത്രംചൊല്ലി പാദാർച്ചന ചെയ്യണം. കറുകമാല്യം മന്ത്രോച്ചാരണത്തോടെ ചാർത്തണം. വിനായക ചതുർത്ഥി ദിവസം തുളസീദലംകൊണ്ട് അർച്ചന ചെയ്യുന്നത് വിശിഷ്ടമാണ്. മോദകവും അപ്പവും അടയും നേദ്യമൊരുക്കാറുണ്ട്. ഉണ്ണിയപ്പ പ്രിയനാണ് ഗണേശനെന്നത് വിഖ്യാതമാണ്. വിനായകപൂജയ്ക്ക് മുൻപ് വെറ്റില, അടയ്ക്കാ, പഴം എന്നിങ്ങനെ പുഷ്പഫലതോയങ്ങൾ, കുടമണി എന്നിവ ഒരുക്കിവയ്ക്കുന്നു. വിഘ്ന വിനായകനായ ഗണപതിയെ പൂജിക്കാനൊരുങ്ങുമ്പോൾ ആ വിഗ്രഹത്തിനും യാതൊരുവിധ അപാകങ്ങളും പാടില്ല. കളിമൺ വിഗ്രഹമോ കരിങ്കൽ (കൃഷ്ണശില) വിഗ്രഹമോ ആകട്ടെ, അതിൽ യാതൊരു വിധ വിള്ളലും അപൂർണതകളും പാടില്ല. എല്ലാ വിഘ്നങ്ങളെയും തട്ടിത്തെറിപ്പിക്കുന്ന തുമ്പിക്കരം വലത്തോട്ടായിരിക്കണം. നേത്രങ്ങളാകട്ടെ മുകളിലേക്കുയർത്തി തെളിമയോടെ തുറന്ന ഭാവത്തിലായിരിക്കണം. അപ്രകാരമുള്ള ഭഗവദ് രൂപത്തെ പൂജിച്ച് പ്രസാദിപ്പിക്കുകവഴി ഉപാസകൻ ജീവിതത്തിൽ ഉന്നതശ്രേണിയിലെത്തുമെന്നാണ്.
ആദിപരാശക്തിയായ ദേവി, അസുരനുമായി യുദ്ധം ചെയ്തപ്പോൾ വിഘ്നയന്ത്രം ദേവിയുടെ സൈന്യവ്യൂഹത്തിലേക്ക് എറിഞ്ഞ് സൈന്യത്തെയാകെ ആലസ്യത്തിലാഴ്ത്തിയതുകണ്ട് ദേവി ശ്രീപരമേശ്വരനെ മന്ദസ്മിതാഭയോടെ നോക്കിയ മാത്രയിൽ ഭഗവാൻ ശ്രീവിഘ്നേശ്വരൻ അവിടെ അവതരിച്ച് വിഘ്നയന്ത്രത്തെ തച്ചുതകർക്കുകയും സൈന്യത്തെ രക്ഷപ്പെടുത്തുകയും ചെയ്തതായി ലളിതാസഹസ്രനാമ സ്തോത്രത്തിൽ കാണാം.
ആനയുടെ ശിരസ് ബുദ്ധിശക്തിയേയും നിത്യാനിത്യവിവേകത്തെയും വളഞ്ഞ തുമ്പിക്കൈ ഒാംകാര പ്രഭാവത്തെയും പ്രകടമാക്കുന്നു. ഒറ്റക്കൊമ്പ് അദ്വൈത ചിന്താപദ്ധതിയെയും സമൂലശരീരം സ്ഥൂലപ്രപഞ്ചത്തെയും സൂചിപ്പിക്കുന്നു. ഒരുകാൽ ഉയർത്തിയും മറുകാൽ തറയിലുറപ്പിച്ചുമുള്ള നില്പ് ലൗകികജീവിതത്തിലും ആദ്ധ്യാത്മിക ജീവിതത്തിലുമുള്ള പരസ്പരാനുബന്ധമായ നിലനില്പിനെ കാണിക്കുന്നു. നാല് കൈകളാകട്ടെ, സൂക്ഷ്മശരീരത്തിന്റെ നാല് ഘടകങ്ങളായ മനസ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. കൈയിലുള്ള മഴു ലൗകികജീവിതത്തിൽനിന്നും നിരന്തരമായ ആശകളിൽ നിന്നും മോചനം നേടുവാനുള്ള ആയുധാണ്. അങ്കുശം, ബുദ്ധിയുടെ ആയുധവും. വിഘ്നങ്ങളെയകറ്റി സ്വേച്ഛാപരമായ സദ്ബുദ്ധിയെ സുഗമമാക്കുന്നതാണത്. മൂന്നാമത്തെ, കൈ ഉപാസകനു അഭയം നൽകുന്നതാണ്. ആ തൃക്കൈയാകട്ടെ അശരണശതങ്ങൾക്ക് ശരണാഗതിയെന്നോണം സദാ അനുഗ്രഹം വർഷിച്ചുകൊണ്ടേയിരിക്കുന്നു. ആ ചേതോഹരരൂപം ഉപാസകന്റെ പ്രാർത്ഥനാഭരിതമായ ജീവിതത്തിന്റെ ഫലപ്രാപ്തിയായി, കാരുണ്യാമൃതപരിപൂർണനായി പ്രശോഭിക്കുന്നു. പദ്മമാകട്ടെ ധ്യാനത്തിലെ ഉയർന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഗണപതിയുടെ യജ്ഞോപവീതമാണ് നാഗം ജീവിതത്തിൽ സകല വിഘ്നങ്ങൾക്കും കാരണമായ തിന്മയെ കീഴടക്കിയിരിക്കുകയാണ് അതിലൂടെ.
ഗണങ്ങളുടെ പതിയാണ് ഗണപതിയെന്നാൽ അവിടെ സകല ഗണങ്ങളും ഗണിക്കപ്പെടുകയും അവയെ യഥാവിധി ഭരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്.
ഭരിക്കുന്ന മഹാസാരഥിയാണ് 'പതി'. ഭരിക്കപ്പെടുന്ന ഉപാസകനാണ് ആ അവസ്ഥയെ മനസിലാക്കുന്നത്. അവന്റെ ഉപാസനാമൂർത്തിയെ തദനുസരണമായി സേവിക്കുക ഭക്തന്റെ കടമയാണ്.
നാടെങ്ങും വിനായക ചതുർത്ഥി ആഘോഷിക്കുകയാണ്. വിഹ്വലഭാവങ്ങളെ തച്ചുടച്ച് സമതയോടുള്ള മമത വർദ്ധിപ്പിക്കുവാൻ സർവ്വജനങ്ങളുമൊത്തുചേർന്നാണ് വിനായകചതുർത്ഥി ആഘോഷിക്കുന്നത്.
ഭാദ്രപദ ശുക്ളപക്ഷ ചതുർത്ഥിയിലെ ഇൗ ശ്രേഷ്ഠദിനം 'സിദ്ധിവിനായക വ്രത'മെന്നും അറിയപ്പെടുന്നു. സ്കന്ദപുരാണത്തിൽ ശ്രീകൃഷ്ണ യുധിഷ്ഠിരസംവാദത്തിൽ വിനായകചതുർത്ഥിയുടെ മഹാത്മ്യം വിവരിക്കുന്നുണ്ട്. ഇൗ ദിനം വ്രതമായി അനുഷ്ഠിച്ചാൽ സർവ്വാർത്ഥങ്ങളും സകല, ജ്ഞാനസമ്പത്തും സിദ്ധിക്കുമെന്നും ഭവിഷത്ത് പുരാണത്തിൽ പ്രതിപാദിക്കുന്നു.
ചതുർത്ഥി ദിനത്തിൽ ചന്ദ്രനെ കണ്ടാൽ ദുരാരോപണവിധേയമാകുമെന്നാണ് വിശ്വാസം. വിനായനെ കളിയാക്കിച്ചിരിച്ചതിലുള്ള ശാപമാണ് ഇതിന് കാരണം. ഭഗവാൻ ശ്രീകൃഷ്ണൻ വിനായകചതുർത്ഥിദിനത്തിൽ ചന്ദ്രനെ ദർശിച്ചതുമൂലമാണ് സ്യമന്തകം അപഹരിച്ചെന്ന അപവാദവിധേയനാകേണ്ടിവന്നത് എന്നുമുണ്ട്.
അപക്വമായ മനസിന്റെ എല്ലാവിഘ്നങ്ങളും അകന്ന് പൂർണചന്ദ്രശോഭയോടെ ഇൗശ്വരാനുഗ്രഹപൂർണമായ ഹൃദയത്തിൽ വർഗവർണ്ണ വിപര്യയങ്ങൾക്കധീനമല്ലാത്ത ചിന്താസുമങ്ങൾകൊണ്ട് സദാ പ്രപഞ്ചത്തെ അർച്ചന ചെയ്യുവാൻ ദേവോപാസകരായ നമുക്ക് സാധിതമാകുവാൻ ഇൗ വിനായക ചതുർത്ഥിദിനം പ്രയോജകീ ഭവിക്കട്ടെ!!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ