നദിക്കരയിൽ 20 മീറ്ററിൽ കൃഷി മാത്രം; വീടുകൾ ദൂരെ ദൂരെ...
September 14, 2018, 1:30 am
എം.എച്ച്. വിഷ്‌ണു
ഉപഗ്രഹ മാപ്പിംഗും മാർക്കിംഗും

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിറഞ്ഞൊഴുകിയ നദികളുടെ ഇരുകരകളിലും വീടുകൾ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റാൻ 20 മീറ്റർ സ്ഥലം കൃഷിയിടമായി ഒഴിച്ചിടാൻ സർക്കാർ നയം കൊണ്ടുവരും. ആരെയും കൂട്ടത്തോടെ ഒഴിപ്പിക്കുകയല്ല, പകരം വീടുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
ലക്ഷക്കണക്കിന് കുടുംബങ്ങളെ സുരക്ഷിതരാക്കാനുള്ള പദ്ധതി തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തനാണ് .
പ്രളയത്തിൽ നിറഞ്ഞൊഴുകിയ നദികളുടെ കാർട്ടോസാറ്റ് ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ സർക്കാരിന് നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർ വരെ കൃത്യതയുള്ള ‌ഈ ചിത്രങ്ങൾ ഉപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് സെന്റർ പ്രളയഭൂമിയുടെ മാപ്പിംഗ് നടത്തും. നദി നിറഞ്ഞൊഴുകിയതും കരയിൽ വെള്ളം കയറിയതുമായ രണ്ട് അതിരുകൾ അടയാളപ്പെടുത്തും. ഇവയ്‌ക്കിടയിലുള്ള സ്ഥലത്ത് നിർമ്മാണം നിരോധിച്ച് കൃഷിഭൂമിയായി നിലനിറുത്തും. വെള്ളം കയറി കൃഷി നശിച്ചാൽ, ഇൻഷ്വർ ചെയ്ത് നഷ്ടപരിഹാരം നൽകും. ഇൻഷ്വറൻസ് വിഹിതം സർക്കാർ അടയ്ക്കും. നദികളുടെ അതിർത്തി സംരക്ഷിക്കാൻ ഏക മാർഗം ഇതാണെന്നാണ് വിലയിരുത്തൽ.
പ്രളയമേഖലകളുടെ അക്ഷാംശവും രേഖാംശവും സഹിതം ഉപഗ്രഹം നൽകുന്ന ചിത്രങ്ങളിൽ റവന്യൂ വകുപ്പിന്റെ ലൊക്കേഷൻ സ്കെച്ചും സർവേ നമ്പരും സൂപ്പർ ഇംപോസ് ചെയ്താണ് മാപ്പിംഗ് നടത്തുക. ചതുപ്പുനിലങ്ങൾ, നെൽവയലുകൾ, നീർത്തടങ്ങൾ എന്നിവ ഇപ്പോൾ മാപ്പിംഗ് നടത്തുന്നത് ഇങ്ങനെയാണ്.
എല്ലാ നദികളിലും അണക്കെട്ടുകളിലും അൾട്രാസോണിക് പരിശോധന നടത്തി മണ്ണ് നീക്കി ആഴം കൂട്ടി ജലസംഭരണ ശേഷി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. പ്രളയത്തിൽ ഇവയിൽ എക്കലും മാലിന്യങ്ങളും അടിഞ്ഞിരിക്കുകയാണ്.


''നദീതീരങ്ങളിൽ നിലവിലുള്ള ഭൂമി ഉടമകൾക്ക് കൈവശം വയ്ക്കാം. താമസം സുരക്ഷിത അകലത്തിലാക്കണമെന്ന് മാത്രം. പ്രളയമുണ്ടായിടത്ത് കൃഷിചെയ്താൽ പൊന്നുവിളയും. കാർഷിക സർവകലാശാലയുടെ പഠനമുണ്ടാവും. ''

-എം.സി. ദത്തൻ
മുഖ്യമന്ത്രിയുടെ
ശാസ്ത്ര ഉപദേഷ്ടാവ്

കൺതുറന്ന്
കാർട്ടോസാറ്റ്

ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് ലാൻഡ്, റോഡ് മാപ്പിംഗിന് കൃത്യമായ വിവരങ്ങൾ നൽകുന്നു. പ്രളയത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇത് സഹായിച്ചു. കൺട്രോൾ സെന്റർ ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ ഹൈ-റെസല്യൂഷൻ കളർചിത്രങ്ങളും വീഡിയോയും ലഭ്യമാക്കും.
crrr183words

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ