വിവേകാനന്ദൻ സമന്വയത്തിന്റെ പ്രവാചകൻ
September 12, 2018, 12:15 am
ഡി. ബാബുപോൾ
അമ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് കേരളകൗമുദിയിൽ വായിച്ച ഒരു ലേഖനത്തിൽ നിന്ന് ചില വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് തുടങ്ങാം.

''1893 സെപ്തംബറിൽ ചിക്കാഗോവിൽ ചേർന്ന മതസമ്മേളനം മതചരിത്രത്തിൽ അഭൂതപൂർവമായിരുന്നു. മതമാത്സര്യങ്ങൾ അവസാനിപ്പിക്കണമെന്നുള്ളതായിരുന്നു സമ്മേളനോദ്ദേശ്യം. എല്ലാ മതങ്ങളുടെയും ഏറ്റവും പ്രഗത്ഭമതികളായ നേതാക്കൾ അവിടെ അണിനിരന്നിരുന്നു. ആദ്യത്തെ പ്രസംഗം കഴിയുന്നതിനു മുൻപുതന്നെ ഭാരത സംസ്കാരത്തിന്റെ കൊടി അവിടെ ഉയരാൻ തുടങ്ങി. സമ്മേളനം അവസാനിച്ചപ്പോഴേക്കും വിവേകാനന്ദൻ സമ്മേളനത്തിലെ കിരീടം വയ്ക്കാത്ത ചക്രവർത്തിയായി. ഭാരത സംസ്കാര പതാക അതിനുശേഷം ആരും അത്ര ഉയരത്തിൽ പറത്തിയിട്ടില്ല. ആ സമ്മേളനം നടന്ന വർഷത്തിൽ ജനിച്ച എനിക്ക് എന്റെ തലമുറയോടൊപ്പം ഞങ്ങളുടെ വിദ്യാലയ ജീവിതം മുഴുവൻ ആ മാറ്റൊലി കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്നു. വിവേകാനന്ദന്റെ തത്വസംഹിതകളെ അടിസ്ഥാനമാക്കി സംസാരിക്കാത്ത പ്രസംഗകർ അന്നില്ലായിരുന്നു. മതപരമായാലും രാഷ്ട്രീയ സംബന്ധിയായാലും സാമൂഹികമായാലും അദ്ദേഹമായിരുന്നു അവർക്കാധാരം.. വിവേകാനന്ദനെ അറിയുകയും അദ്ദേഹത്തിന്റെ സന്ദേശങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ഭാരതീയരുടെയും കടമയാണ്.'' 1963 ജനുവരി 15ന് കേരളകൗമുദി പ്രസിദ്ധീകരിച്ച ഈ ലേഖനം എഴുതിയത് ഡോക്ടർ സി.ഒ. കരുണാകരൻ ആയിരുന്നു.
വിവേകാനന്ദന്റെ ജനനത്തിന് മുൻപ് സ്വമാതാവ് കാശിയിൽ വ്രതം നോറ്റ് താമസിച്ചിരുന്നപ്പോൾ താൻ 'വീരേശ്വരാംശ' ഭൂതനായ ഒരു പുത്രന്റെ മാതാവാകുമെന്ന് ആ അമ്മയ്ക്ക് സ്വപ്നദർശനം ഉണ്ടായതായി മഹാകവി കുമാരനാശാൻ 'രാജയോഗം' പൂർവഭാഗത്തിന് എഴുതിയ ആമുഖത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. രാഷ്ട്രപിതാവിനും പിതാവ് എന്ന് പുത്തേഴത്ത് രാമമേനോനും 'നമ്മുടെ രാഷ്ട്രപിതാമഹൻ' എന്ന് കുട്ടിക്കൃഷ്ണമാരാരും വിവേകാനന്ദനെ വിശേഷിപ്പിച്ചു. വിവേകാനന്ദ വീക്ഷണങ്ങൾ അത്ഭുതകരമാംവിധം ആധുനികോത്തരവും അതേസമയം ഭാരതീയ പാരമ്പര്യത്തിന്റെ ശക്തമായ അടിസ്ഥാനത്തിൽ പടുത്തുയർത്തപ്പെട്ടതും ആയിരുന്നു. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധിത എന്ന് കഠോപനിഷത്തിൽ നിന്ന് ഉദ്ധരിച്ച സ്വാമികൾ സർവമതങ്ങളെയും സമന്വയിപ്പിക്കുന്ന ഒന്നായിട്ടാണ് ഹിന്ദുമതത്തെ നിർവചിച്ചത്. ഈശ്വരൻ പ്രാവായി വന്നാൽ പാവനം, പശുവായി വന്നാൽ അന്ധവിശ്വാസം എന്നതിനെ അദ്ദേഹം വിമർശിച്ചത് പ്രാവായി വരുന്നതിനെ ഇകഴ്ത്താനല്ല പശുവായി വരുന്നതും അതുപോലെ ശ്രേഷ്ഠമാണ് എന്ന് സ്ഥാപിക്കുവാനാണ്. വിഗ്രഹാരാധനയിൽ ആരംഭിച്ച പരമഹംസർ മതാതീതമായ ആധ്യാത്മികതയിൽ എത്തിയതിനെ പരാമർശിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് 'രാമകൃഷ്ണപരമഹംസന്മാരെ ഉളവാക്കാമെങ്കിൽ ഒരായിരം വിഗ്രഹങ്ങൾകൂടെ കൈക്കൊണ്ടോളൂ, നിങ്ങളുടെ യജ്ഞത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ' എന്ന് സ്വാമി പറഞ്ഞത്. വിഗ്രഹത്തിൽ തുടങ്ങി വിഗ്രഹത്തിൽ ഒടുങ്ങുന്നതായിരുന്നില്ല സ്വാമി വിലമതിച്ച ആധ്യാത്മികത. ഭാരതത്തിൽ തൊഴിലാളി പ്രസ്ഥാനം ഉണ്ടാകുന്നതിന് മുൻപ് തൊഴിലാളികൾ പണിമുടക്കിയാൽ മേലാളർക്ക് ഭക്ഷണവും വസ്ത്രവും കിട്ടാതാകും എന്നും 'ഉയർന്ന വർഗക്കാരുടെ ക്ഷേമം കിടക്കുന്നത് താഴ്ന്ന വർഗക്കാരെ അവരുടെ ന്യായമായ അവകാശങ്ങൾ നേടുന്നതിന് സഹായിക്കുന്നതിലാണ് ' എന്നും പറഞ്ഞ വ്യക്തിയാണ് സ്വാമി. ഇത് കമ്മ്യൂണിസമല്ല. സ്വാമി കമ്മ്യൂണിസ്റ്റുമല്ല. കാലത്തിന് മുൻപെ നടന്ന ദീർഘദർശിയുടെ വാക്കുകളാണ് അവ. സമന്വയത്തിന്റെ പ്രവാചകനായിരുന്നു വിവേകാന്ദൻ. മതേതരത്വമോ മതനിരപേക്ഷതയോ അല്ല. മതസമന്വയം ആയിരുന്നു വിവേകാനന്ദ ദർശനം. ക്രൈസ്തവ വേദശാസ്ത്രത്തിലെ ബഹുസ്വരതാചിന്തയുടെ പ്ളൂറലിസം -പ്രാഗ്രൂപമായിട്ടാണ് അല്ലെങ്കിൽ ആദിപ്രരൂപമായിട്ടാണ് നാം ഇതിനെ കാണേണ്ടത്. ഹിമാലയത്തിൽ നിന്നും വിവേകാനന്ദപ്പാറയിൽ നിന്നും ഭാരതത്തെ അഭിവീക്ഷിച്ച മറ്റൊരു ആധ്യാത്മിക നേതാവ് നമുക്കില്ല. അതുകൊണ്ടാണ് സ്വാമിക്ക് ഈ ബോധ്യം ഉണ്ടായതും. മതങ്ങളുടെ സമന്വയം മാത്രം അല്ല വിവേകാനന്ദൻ പഠിപ്പിച്ചത്. ഭൗതികതയും ആധ്യാത്മികതയും സമന്വയിക്കണമെന്ന് സ്വാമി കരുതി. അതുകൊണ്ടാണ് രാമകൃഷ്ണമിഷൻ ആശുപത്രികൾ നടത്തുന്നത്. മാനവസേവ മാധവസേവ എന്നത് മാത്രം അല്ല അതിന് പിന്നിൽ. രോഗം ഇല്ലാതിരിക്കുന്നതാണ് ശ്രേഷ്ഠം. എന്നാൽ രോഗികളെ ശുശ്രൂഷിക്കുന്നതും ശ്രേഷ്ഠം തന്നെ ആണ്. പൗരാണികവും ആധുനികവും ആയതിന്റെ കാലാതീത സമന്വയവും പാശ്ചാത്യവും പൗരസത്യവും ആയതിന്റെ ദേശബദ്ധമല്ലാത്ത സമന്വയവും ശാസ്ത്രവും വിശ്വാസവും അഥവാ യുക്തിയും ഭക്തിയും തമ്മിലുള്ള സമന്വയവും എല്ലാം സ്വാമിയുടെ ദർശനത്തിന്റെ ഭാഗമാണ്.
എല്ലാ മഹത്തുക്കളുടെയും വിശ്വഗുരുക്കന്മാരുടെയും ദുർഗതി സ്വാമികൾക്കും ഉണ്ടായി. ഭാരതീയ യുവതയാേട് സ്വാമികൾ നടത്തിയ ആഹ്വാനം ഹിന്ദു യുവാക്കളോട് മാത്രം നടത്തിയതാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരു ഫ്ളെക്സ് ബോർഡ് കോട്ടയം ജില്ലയിൽ കാണാനിടയായി ഈയിടെ ആ വഴി പോയപ്പോൾ. വിവേകാനന്ദന്റെ മതദർശനത്തിൽ നിന്ന് ആ ഫ്ളെക്സിലേക്കുള്ള ദൂരം ഗൗരീശങ്കരത്തിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്കുള്ളതിനെക്കാൾ കൂടുതലാണ്. അതായത് വിവേകാനന്ദ സ്വാമികളെ കാണുന്ന നാം ആനയെ കണ്ട അന്ധന്മാരുടെ പിൻതലമുറയാണെന്ന് കുറിക്കാതെ സ്വാമികളെക്കുറിച്ച് ഒന്നും പറയാനാവാത്തവണ്ണം മഹത്തും സങ്കീർണവുമാണ് ആ വ്യക്തിത്വം. ശിവസേന എത്ര ശ്രമിച്ചാലും ശിവജിയെ അവരുടെ വികാരധാരയിലെന്നല്ല, വിചാരധാരയിൽപ്പോലും പരിമിതപ്പെടുത്താനാവുകയില്ല. വിവേകാനന്ദനെയും ഏതെങ്കിലുമൊരു വലയത്തിലൊതുക്കി അടയാളപ്പെടുത്താനാവുകയില്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നർത്ഥം. ക്രിസ്തുമതത്തിന്റെ ദാർശികഭാവം യവനദാർശനികതയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നും, അത് യവനചിന്തയെക്കാൾ ഉത്തുംഗമായ ഭാരതീയ ചിന്താധാരകളിലൂടെ പരാവർത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും ആധുനികകാലത്ത് ബീഡ് ഗ്രിഫ്‌ത്ത്സ് പറഞ്ഞുവന്നു. വിവേകാനന്ദൻ ഇതേകാര്യം അതിന് അൻപതുകൊല്ലം മുൻപ് പാശ്ചാത്യർക്ക് പറഞ്ഞുകൊടുത്തു. പൗരസ്ത്യരിൽ വലിയ പൗരസ്ത്യൻ എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്. ഇങ്ങനെ വായിക്കുന്നു നാം: With all your attempts to paint him with blue eyes and yellow hair the Nazarene was still an Oriental. All the similies, the imageries, in which the Bible is written...are to be seen today in Asia.
ഏഷ്യയുടെ ശബ്ദം മതത്തിന്റെ ശബ്ദമാണെങ്കിൽ പാശ്ചാത്യശബ്ദം രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും മാറ്റൊലിയാണെന്ന് സ്വാമി കരുതി. ഒന്ന് ശരിയെന്നും മറ്റേത് തെറ്റെന്നുമല്ല സ്വാമി പറഞ്ഞത്. ഒരു ശരിയിൽ നിന്ന് കുറെക്കൂടെ ശരിയായ ശരിയിലേക്കുള്ള തീർത്ഥാടനമാണ് ഏതു സാധകന്റെയും ജീവിത സഞ്ചാരം. തെറ്റിൽ നിന്ന് ശരിയിലേക്ക് എന്നതിലേറെ ശരിയിൽ നിന്ന് ശരിയിലേക്ക് എന്നാണ് സ്വാമിയുടെ ചിന്താപഥം ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. യൂറോപ്പിന്റെ ശബ്ദം മഹത്തായതു തന്നെ, അതിന്റെ നിയതമേഖലയിൽ അത് ഗ്രീക്കു ദർശനത്തിന്റെ തിരുശേഷിപ്പാണെന്ന് -പിൽക്കാലത്ത് ബീഡും ഫ്രാൻസിസ് ആചാര്യയും എന്നതുപോലെ - സ്വാമി കണ്ടെത്തി. ആ ദർശനത്തിൽ രണ്ടുതരം ജനങ്ങളേയുള്ളൂ. യവനരും ബർബരരും. തൊട്ടുപിറകെ വന്ന റോമൻ സംസ്കൃതിയിലും ഇത് മറ്റൊരു ഭാവത്തിൽ കാണാം. റോമാപൗരനും പൗരത്വമില്ലാത്ത പ്രജയും. ഒന്നുകിൽ ഇവിടെ, അല്ലെങ്കിൽ അവിടെ - കറുപ്പും വെളുപ്പും. ക്രിസ്തുമതം സെന്റ് പോളിന് മുൻപും പിൻപും എന്ന വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. യേശുക്രിസ്തു പറഞ്ഞ ലളിത സത്യങ്ങൾ മറികടന്നിട്ടാണ് റോമാപൗരനും മഹാപണ്ഡിതനുമായിരുന്ന പോൾ താൻ ഒരിക്കലും മുഖദാവിൽ കണ്ടിട്ടില്ലാതിരുന്ന യേശു ദർശനത്തിലൂടെ പഠിപ്പിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ന് നാമറിയുന്ന ക്രിസ്തുമത ചിന്ത രൂപപ്പെടുത്തിയതെന്നു പറയുന്ന പണ്ഡിതർ ക്രിസ്തുമതച്ഛേദനക്കാരൊന്നുമല്ല. ക്രിസ്ത്യാനികൾ തന്നെയാണ്. ഈ തർക്കത്തിൽ സ്വാമിക്ക് കൃത്യമായ നിലപാടുണ്ട്. അതാകട്ടെ എഴുതപ്പെട്ട പാഠങ്ങളുടെ വ്യാഖ്യാനങ്ങൾക്കതീതമായി യേശുവിന്റെ ലളിതമായ ഈശ്വരോന്മുഖതയെ തിരിച്ചറിയണമെന്നതാണ്. ഏതു മഹാഗുരുവിന്റെയും സന്ദേശം സ്വജീവിതമാണെന്ന് ഓർമ്മിപ്പിക്കുന്ന സ്വാമി കുറുനരികൾക്ക് മാളവും ആകാശത്തിലെ പറവകൾക്ക് കൂടുമുണ്ടായിരിക്കെ തനിക്ക് തലചായ്ക്കാൻ ഇടമില്ല എന്ന് പ്രഖ്യാപിച്ച യേശുവിനെ ആ വാക്യത്തിൽ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഈശ്വരനെ തേടുന്നവർ കടന്നുപോവുന്ന മൂന്നു ഘട്ടങ്ങളെക്കുറിച്ച് സ്വാമി ലളിതമായി വിശദീകരിക്കുന്നു. അജ്ഞാനത്തിന്റെ നാളുകളിൽ ഈശ്വരൻ വിദൂരസ്ഥനായ ഒരു അധികാരിയും രക്ഷാകർത്താവുമാണ്. അടുത്തഘട്ടത്തിലാണ് ദൈവം വിദൂരസ്ഥനല്ല, സമീപസ്ഥന്റെ കൂടെയായ സർവവ്യാപിയാണെന്നു തിരിച്ചറിയുന്നത്. ഇവിടെ ദൈവം എന്റെ ആത്മാവിനോടു സംവദിക്കുന്ന പരമാത്മാവായി മാറുന്നു. സോൾ വിത്തിൻ സോൾ എന്നാണ് സ്വാമി പ്രയോഗിച്ചിട്ടുള്ളത്. അടുത്ത ഘട്ടം ഗിരിപ്രഭാഷണ സൂക്തങ്ങൾ ഉപയോഗിച്ച് ദൈവത്തെ കാണും (മത്തായിയുടെ സുവിശേഷം, അദ്ധ്യായം, 5, വാക്യം 8 ). അവർ പിതാവാം ദൈവവുമായി ഏകീഭവിക്കുന്നു എന്നു സ്വാമി അരുളി ചെയ്യുന്നു. സ്വാമി നമ്മോട് പറയുന്നത് ഈ മൂന്നു പടവുകളും നമുക്ക് അന്യമാവേണ്ടതില്ലെന്നാണ്. ക്രിസ്തീയദർശനത്തെ കൃത്യമായി തിരിച്ചറിഞ്ഞ വിവേകാനന്ദൻ ക്രിസ്തു പറഞ്ഞതിനപ്പുറം യവനദർശനത്തിന്റെ തുടർച്ചയായി പോളിൽ തുടങ്ങി അഗസ്റ്റിൻ മുതലായവരിലൂടെ വികസിച്ച് കാക്കത്തൊള്ളായിരം വിഭിന്നസരണികളിലായി ഇന്നു കാണപ്പെടുന്ന ക്രൈസ്തവ വേദശാസ്ത്രത്തെ സ്വീകരിക്കുന്നു എന്നു പറയാവുന്നതല്ല. സ്വാമി തന്നെ ഒരിടത്തു പറഞ്ഞിട്ടുള്ളത് ഓർക്കുന്നു. ആരെങ്കിലും ക്രിസ്തുവിനോട് ' അങ്ങ് പറഞ്ഞതൊക്കെ ശരി, ഞാൻ അത് സ്വാംശീകരിക്കുന്നു. അതനുസരിച്ച് ജീവിക്കുകയും ചെയ്യാം. എന്നാൽ അങ്ങ് പിതാവിന്റെ ഏകജാതനായ പുത്രനാണെന്നു കരുതി അങ്ങയെ ആരാധിക്കാൻ എനിക്ക് കഴിയുന്നില്ല' എന്നു പറഞ്ഞു എന്നു കരുതുക. സ്വാമി ഊഹിക്കുന്നു, ക്രിസ്തുവിന്റെ മറുപടി ''ഞാൻ പറയുന്നതു പാലിച്ച് ജീവിക്കുമ്പോൾ പഠിപ്പിച്ചതിന്റെ പകർപ്പവകാശം എനിക്ക് തരികയൊന്നും വേണ്ട, ഞാൻ മതത്തെ കച്ചവടച്ചരക്കാക്കുന്നവനല്ല, ഞാൻ സത്യം പഠിപ്പിക്കുന്നു, സത്യം ആരുടെയും കുത്തകയല്ല, സത്യം ദൈവമാണ്, സത്യം നിന്നെ സ്വതന്ത്രനാക്കും'' എന്ന് ആയിരിക്കുമെന്ന്. ഈ പ്രസ്താവനയ്ക്കും സുവിശേഷത്തിൽ അടിസ്ഥാനമുണ്ടെന്നത് ശ്രദ്ധിച്ചുകൊള്ളണം. ക്രിസ്തുവിനെ പത്രോസും യാക്കോബും തിരിച്ചറിഞ്ഞ ഭാവത്തിൽ തിരിച്ചറിഞ്ഞവനായിരുന്നു വിവേകാനന്ദൻ. ഏകപൂർണാവതാരമായോ ദൈവത്തിന്റെ ഏകജാതനായ പുത്രനായോ യേശുവിനെ അംഗീകരിക്കുന്നില്ല എന്നതാണ് ഇന്നത്തെ ക്രിസ്തുമതഘടനയ്ക്ക് സ്വാമിയെ അന്യനാക്കുന്നത്. എന്നാൽ ക്രിസ്തുദർശനം ഇത്ര ഭംഗിയായി അവതരിപ്പിച്ചിട്ടുള്ളവർ ആ ഘടനയുടെ ചട്ടക്കൂടിനകത്ത് ഏറെയില്ല എന്ന സത്യം സ്വാമിയെ നിസ്തുലനാക്കുന്നു. ക്രിസ്തുവിനെ പോലെ തന്നെ വിവേകാനന്ദനും ഒരു മതം സ്ഥാപിച്ചില്ല. ഈശ്വരനെ തിരിച്ചറിയുകയും മനുഷ്യനെ സ്നേഹിക്കുകയും ചെയ്യുക: അതാണ് വിവേകാനന്ദ സാരസർവസ്വം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ