അണക്കെട്ടുകളല്ല പ്രളയത്തിന് കാരണം
September 13, 2018, 12:21 am
എ കെ ബാലൻ
കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തം നമുക്ക് ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ട്. ശാസ്ത്രീയമായ പഠനവും വിലയിരുത്തലും അതിജീവനത്തിനുള്ള ശ്രമങ്ങളും നാം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ പ്രളയത്തിലും രാഷ്ട്രീയം കലർത്തി ചിലർ നടത്തുന്ന പ്രചരണങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. ഡാമുകളിലെ വെള്ളവും ഡാം മാനേജ്‌മെന്റിലെ പിശകുമാണ് ദുരന്തത്തിന് കാരണമെന്നും അതിനാൽ ഇതൊരു സർക്കാർ സൃഷ്ടി ദുരന്തമാണെന്നുമാണ് രാഷ്ട്രീയ പ്രചരണം. എന്താണ് വസ്തുത?
പ്രളയത്തെക്കുറിച്ച് കേന്ദ്ര ജലക്കമ്മീഷന്റെ പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഒഴുകി എത്തിയ വെള്ളമാണ് പ്രളയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. 1924 ലേതിനു സമാനമായ മഴയാണ് കഴിഞ്ഞമാസം കേരളത്തിൽ ലഭിച്ചത്. 2250 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് മഴയിലൂടെ ഒഴുകി എത്തിയത് എന്നും ജലക്കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം സംബന്ധിച്ച് സംസ്ഥാന സർക്കാർ വ്യക്തമാക്കിയ കാരണങ്ങൾ ശരിവെക്കുന്നതാണ് കേന്ദ്ര ജലക്കമ്മീഷന്റെ റിപ്പോർട്ട്.
ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്നതാണ് പ്രചരണം. ഓരോ ഡാമിന്റെയും ജലസംഭരണ ശേഷിയും അധികമായി ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവും പരിശോധിച്ചാണ് ഡാമുകൾ തുറക്കുന്നത്. കേരളത്തിൽ 42 മേജർ ഡാമുകൾ അടക്കം ആകെ 82 ഡാമുകളാണ് ഉള്ളത്. ഇവ മഴയുടേയും സംഭരണ ശേഷിയുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത സമയങ്ങളിലാണ് തുറന്നിട്ടുള്ളത്. ജൂൺ മാസത്തിൽ തന്നെ പല ഡാമുകളും തുറന്നിട്ടുണ്ട്. മെച്ചപ്പെട്ട കാലവർഷം ലഭിച്ചതിനാൽ ചെറിയ ഡാമുകളും ബാരേജുകളും ജൂലൈ അവസാനത്തോടെ തന്നെ തുറന്നിരുന്നു. വലിയ സംഭരണ ശേഷിയുള്ള ഇടുക്കി, ഇടമലയാർ, പമ്പ, കക്കി-ആനത്തോട്, കല്ലട ഡാമുകൾ ആഗസ്ത് ആദ്യവാരത്തിലും തുറന്നു. ഡാമുകൾ ഓരോന്നും അതത് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ഘട്ടങ്ങളിലാണ് തുറന്നിട്ടുള്ളത്. എല്ലാ ഡാമുകൾ ഒന്നിച്ചു തുറന്നു എന്നത് ഒരു വസ്തുതയും ഇല്ലാത്ത ആരോപണം മാത്രമാണ്.
കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തന്ന മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പ്രളയകാരണമായത് എന്ന ആക്ഷേപവും വസ്തുതാ വിരുദ്ധമാണ്. കാലാവസ്ഥാവകുപ്പിന്റെ മാനദണ്ഡ പ്രകാരം ശക്തമായ മഴ (Heavy Rain), അതിശക്തമായ മഴ (Very Heavy Rain), അതിതീവ്രമഴ (Extremely Heavy Rain), എന്നിങ്ങനെ മൂന്ന് വിഭാഗം മഴയുണ്ട്. 70 മുതൽ 115 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ. അതിന് മുകളിൽ 205 മില്ലീ മീറ്റർ വരെ അതിശക്തമായ മഴയും 205 മില്ലീ മീറ്ററിന് മുകളിൽ അതി തീവ്രമഴയുമാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഓഗസ്ത് മാസത്തിലെ പ്രതിവാര പ്രവചനത്തിലൊന്നും അതിതീവ്ര മഴ ഉണ്ടാകുമെന്ന് സൂചന നൽകിയിട്ടില്ല.
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രതിവാര ബുള്ളറ്റിനിൽ ആഗസ്ത് ഒന്ന് മുതൽ എട്ട് വരെ ശക്തമായ മഴയുടെ സാധ്യതയാണ് പ്രവചിച്ചത്. ആഗസ്ത് 9 മുതൽ 15 വരെ അതിശക്തമായ മഴയും. ആഗസ്ത് 9 മുതൽ 15 വരെ ദീർഘകാല ശരാശരി മഴയായി പ്രവചിച്ചത് 9.85 സെന്റി മീറ്ററും ആണ്. എന്നാൽ ലഭിച്ചത് 35.22 സെന്റിമീറ്ററും. പ്രവചിച്ചതിന്റെ മൂന്നിരട്ടി. യഥാർത്ഥത്തിൽ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിടത്ത് പെയ്തത് അതി തീവ്രമഴയാണ്. അതിശക്തമായ മഴ എന്നത് കേരളത്തിൽ എല്ലാവർഷവും പെയ്യാറുള്ളതാണ്. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുമുണ്ട്. എന്നാൽ അതി തീവ്രമഴ നാം പ്രതീക്ഷിച്ചതല്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിൽ പറഞ്ഞതുമല്ല.
ആഗസ്ത് 15 ന് അതിതീവ്രമഴ പെയ്യുമെന്ന റെഡ് അലർട്ട് ഉണ്ടായിരുന്നുവെന്നും അത് അവഗണിച്ചു എന്നുമാണ് മറ്റൊരു ആക്ഷേപം. ആഗസ്ത് 8, 9 തീയ്യതികളോടെ തന്നെ കേരളത്തിലെ എല്ലാ ഡാമുകളും തുറന്നുകഴിഞ്ഞിരുന്നു. ആഗസ്ത് 15 ന് റെഡ് അലർട്ട് കിട്ടി എന്ന് പറയുന്ന സന്ദർഭത്തിൽ കേരളത്തിൽ പ്രളയാന്തരീക്ഷം തുടങ്ങിയിരുന്നു. ഈ സമയത്ത് പ്രളയത്തെ നേരിടുക എന്നല്ലാതെ തുറന്നുകിടക്കുന്ന ഡാമുകളുടെ പേരിൽ എങ്ങനെയാണ് മുൻകരുതലുകൾ സ്വീകരിക്കുക.?
ഡാം മാനേജ്‌മെന്റിന്റെ പിഴവാണ് പ്രളയത്തിന് കാരണം എന്നതാണ് മറ്റൊരു വാദം. ഇതിന് കേന്ദ്ര ജലക്കമ്മീഷൻ റിപ്പോർട്ട് തന്നെ കൃത്യമായ മറുപടി നൽകുന്നുണ്ട്. എങ്കിലും ചില കാര്യങ്ങൾ കൂടി നാം അറിയേണ്ടതുണ്ട്. കേരളത്തിലെ ഡാമുകളിൽ നിന്നും വെള്ളം തുറന്നുവിട്ടു എന്ന് കേൾക്കുമ്പോൾ ജനം ധരിക്കുക ഡാമുകളിൽ സംഭരിച്ചു വെച്ചിരിക്കുന്ന വെള്ളം തുറന്നുവിട്ടു എന്നാണ്. എന്നാൽ ഇതല്ല യാഥാർത്ഥ്യം. സംഭരിച്ചു നിർത്തിയ വെള്ളം തുറന്നുവിട്ടിട്ടില്ല. ഇടുക്കി അടക്കമുള്ള സംഭരണ ശേഷി കൂടിയ ഡാമുകളിൽ ഓരോ സമയത്തും ഡാമിലേക്ക് വന്നുചേർന്ന മഴവെള്ളം പോലും പൂർണമായി പുറത്തേക്ക് ഒഴുക്കുക പോലും ഉണ്ടായിട്ടില്ല.

അണക്കെട്ടിൽ നിന്നും വരുന്ന വെള്ളവും മഴപെയ്ത് സ്വാഭാവികമായി വരുന്ന വെള്ളവും തമ്മിൽ താരതമ്യം ചെയ്യരുത് എന്നാണ് ഒരു മുൻമന്ത്രി പറഞ്ഞത്. ഡാമിൽ സംഭരിച്ചുവെച്ചിട്ടുള്ള വെള്ളത്തിന്റെ സമ്മർദ്ദമാണ് വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഡാം തകരുമ്പോൾ ഡാമിൽ സംഭരിച്ചുവെച്ചിട്ടുള്ള വെള്ളത്തിന്റെ സമ്മർദ്ദവും കുത്തൊഴുക്കും പ്രളയത്തിനും വ്യാപകമായ നഷ്ടങ്ങൾക്കും കാരണമാകും എന്ന് അദ്ദേഹം കേട്ടിട്ടുണ്ടാകും. അതിൽ നിന്നുള്ള തെറ്റിദ്ധാരണയിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. കേരളത്തിൽ ഒരു ഡാം പോലും തകർന്നിട്ടില്ല. ഡാമുകളിൽ നിന്നും നിയന്ത്രിതമായി പുറത്തുപോകുന്ന വെള്ളത്തോടൊപ്പം നദികളിൽ സ്വാഭാവികമായി ഒഴുകിയെത്തിയ വെള്ളവും ചേർന്നാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത്.
വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വെള്ളത്തിന്റെ ആകെ അളവാണ്. അത് ഡാമിൽ നിന്ന് വന്നതായാലും മഴ പെയ്ത് എത്തിയതായാലും. ഡാമിലെ വെള്ളത്തിന് ഡാമിന്റെ ഉയരത്തിന് അനുസരിച്ച് മർദ്ദം ഉണ്ടാകും. എന്നാൽ ഡാമിൽ നിന്നും ഒഴുകി താഴെ സമതലത്തിൽ എത്തിക്കഴിഞ്ഞാൽ അത് എത്ര അളവുണ്ട് എന്നത് മാത്രമെ പ്രസക്തമാകു. വെള്ളത്തിന്റെ അളവ് കൂടുമ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. അണകളിലെ വെള്ളത്തിന്റെ സമ്മർദ്ദം വെള്ളപ്പൊക്കത്തിന് കാരണമായി എന്നൊക്കെയുള്ള വാദങ്ങൾ നിരർത്ഥകമാണ്.

കല്ലട തുറന്നു വിട്ടിട്ടും കൊല്ലത്ത് വെള്ളപ്പൊക്കവും ഉണ്ടായില്ല. എന്നാൽ ഇതിനെ, കല്ലട മാത്രമാണ് കൃത്യസമയത്ത് തുറന്നതെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്റ് നടന്നത് ഇവിടെ മാത്രമാണെന്നും സ്ഥാപിക്കാനാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രിമാർ ശ്രമിച്ചിട്ടുള്ളത്. എന്നാൽ കല്ലടയാണ് ജലവിഭവ വകുപ്പിന്റെ ഏറ്റവും സംഭരണ ശേഷിയുള്ള അണക്കെട്ടെന്നു കാര്യം മറച്ചുവെച്ചുകൊണ്ടാണ് ഈ വാദം ഉന്നയിക്കുന്നത്.
പ്രളയമുണ്ടായത് ഡാമുകൾ തുറന്നതുകൊണ്ടോ ഡാം മാനേജ്‌മെന്റിൽ വന്ന പിശകോ അല്ലെന്ന വസ്തുത മുല്ലപ്പെരിയാർ കേസ്സിൽ കേരളത്തിന്റെ വാദങ്ങൾക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല കേരളത്തിന്റെ വാദത്തെ ശരിവെക്കുന്ന നിലപാടാണ് കേന്ദ്ര ജലക്കമ്മീഷൻ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
അണക്കെട്ടുകളല്ല പ്രളയത്തിന് കാരണമായത് എന്നതിനോടോപ്പം കേന്ദ്ര ജലക്കമ്മീഷൻ നടത്തിയിട്ടുള്ള മറ്റൊരു നിരീക്ഷണം കൂടി പ്രസക്തമാണ്. പ്രളയം നിയന്ത്രിക്കാൻ മാത്രം ശേഷിയുള്ള ജലസംഭരണികൾ കേരളത്തിലില്ല എന്നും പ്രളയ നിയന്ത്രണം സാദ്ധ്യമാക്കും വിധം അച്ചൻകോവിൽ, മീനച്ചിലാർ തുടങ്ങിയ നദികളിൽ കൂടി അണകെട്ടി വെള്ളം സംഭരിക്കുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമ്മീഷൻ നിരീക്ഷിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ കഴിയുന്ന വിധം കേരളത്തിലെ ജലസംഭരണം മെച്ചപ്പെടുത്തേണ്ടതുണ്ട്. അച്ചൻകോവിൽ, മീനച്ചിലാർ എന്നിവക്കുപുറമേ ജലസംഭരണികളില്ലാത്ത ചാലിയാർ അടക്കമുള്ള മറ്റു നദികളിലും അണക്കെട്ടുകൾ സാദ്ധ്യമാകുമോ എന്ന പരിശോധനയും ഉണ്ടാകേണ്ടതുണ്ട്.
ജലവൈദ്യുതി ഉൽപാദനം സംബന്ധിച്ച് സ്റ്റോറേജ് പദ്ധതികൾ ആവശ്യമില്ല ''റൺ ഓഫ് ദ റിവർ'' മാതൃകയില്ലുള്ള ചെറുകിട ജലവൈദ്യുത നിലയങ്ങൾ മതി എന്ന ഒരു ധാരണ വളർന്നു വന്നിട്ടുണ്ട്. പ്രളയത്തിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ഈ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കണം. കേന്ദ്ര ജലക്കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ജലസംഭരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുരിയാർകുറ്റി-കാരപ്പാറ, പൂയംകുട്ടി, ട്വിൻകല്ലാർ തുടങ്ങിയ പദ്ധതികളൊക്കെ പുനരാലോചിക്കണം. പരിസ്ഥിതി പ്രശ്‌നങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഇത്തരം സാദ്ധ്യതകൾ എങ്ങിനെ ഉപയോഗപ്പടുത്താം എന്ന ആലോചന ഉണ്ടാകേണ്ടതുണ്ട്.
പ്രളയത്തിന്‌ശേഷം അതി രൂക്ഷമായ വളർച്ചയാണ് കേരളം നേരിടാൻ പോകുന്നത്. അതിന്റെ സൂചനയാണ് വറ്റി വരളുന്ന പുഴകൾ. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിന്റെ ഒരു ഭാഗത്ത് എടുത്ത് പറയുന്നത് 50 വർഷം കഴിഞ്ഞ ഡാമുകൾ എല്ലാം തകർക്കണം എന്നാണ്. ഇതിന് സമാനമായ ഒരാശയമാണ് - നദികളിൽ ഡാം പാടില്ലാ, പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തരുത്, അണക്കെട്ടുകൾ പാടില്ലാ തുടങ്ങിയവ. ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുകയും ഡെഡ് സ്റ്റോറേജിൽ നിന്നും മണ്ണും മണലും മാറ്റുകയും പുതിയ ജലവൈദ്യുത/ജലസേചന പദ്ധതികൾ ആരംഭിക്കുകയും ശാസ്ത്രീയമായ രീതിയിൽ അണക്കെട്ടുകൾ രൂപപ്പെടുത്തുകയും ചെയ്യുക എന്നതുമാത്രമാണ് നമുക്ക് ഇനി കരണീയമായിട്ടുള്ളത്. നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ഇടപെടലുകളിൽ ഇത്തരം ആലോചനകളും ഉണ്ടാവേണ്ടതുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ