ജീവിക്കാൻ 'വെല്ലുവിളിച്ച്'സാലറി ചലഞ്ച്, താഴ്ന്ന ശമ്പളക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും
September 14, 2018, 8:32 am
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പേരിൽ 'സാലറി ചലഞ്ച്' പ്രകാരം സർക്കാർ ഒരു മാസത്തെ ഗ്രോസ് സാലറി (ആകെ ശമ്പളം) പിടിക്കുന്നത് കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് കടുത്ത 'വെല്ലുവിളി'യാകും. ഒരാൾക്ക് മാത്രം സർക്കാർ ജോലിയുള്ള കുടുംബങ്ങൾ ഈ വെല്ലുവിളിയിൽ കൂടുതൽ ഉരുകും. അതേസമയം അടിസ്ഥാന ശമ്പളമാണ് പത്തുമാസമായി പിടിക്കുന്നതെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നെന്നാണ് ജീവനക്കാർ പൊതുവെ പറയുന്നത്. ചുരുങ്ങിയ പക്ഷം കുറഞ്ഞ ശമ്പളക്കാർക്കെങ്കിലും ഈ വ്യവസ്ഥ ഏർപ്പെടുത്തണമായിരുന്നു.

ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറുള്ളവർ സമ്മതപത്രം നൽകേണ്ടതിന് പകരം അതിന് പറ്റാത്തവർ വിസമ്മത പത്രം നൽകണമെന്ന വ്യവസ്ഥയാണ് വിചിത്രം. ഈ വ്യവസ്ഥ ഒരു ഭീഷണിയാണെന്ന ആക്ഷേപം ശക്തമാണ്. ഇവരെ നോട്ടപ്പുള്ളികളാക്കി പ്രതികാര നടപടികൾ എടുക്കാനുള്ള ആയുധമാണ് വിസമ്മത പത്രമെന്ന് ജീവനക്കാർ ആരോപിക്കുന്നതിൽ വസ്തുതയില്ലാതില്ല.

ഭൂരിഭാഗം ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും മറ്റ് സഹായങ്ങളും നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തെ ശമ്പളവും പിന്നീട് ഫെസ്റ്റിവൽ അലവൻസും പിടിക്കാൻ തീരുമാനിച്ചപ്പോൾ ആരും എതിർത്തില്ല. ഇതിൽ ഫെസ്റ്റിവൽ അലവൻസ് എല്ലാവരുടെയും പിടിച്ചു. 2 ദിവസത്തെ ശമ്പളം നേരത്തേ ശമ്പളം കൈപ്പറ്റാത്തവരിൽ നിന്ന് ഇതിനകം പിടിക്കുകയും ചെയ്തു. ഇങ്ങനെ പിടിച്ചത് മൊത്തം പിടിത്തത്തിൽ നിന്ന് കുറച്ചു നൽകുമെന്ന് സ‌ർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തെ ശമ്പളം മാത്രമേ സ്വീകരിക്കൂ എന്ന സർക്കാരിന്റെ കടുംപിടിത്തം അങ്ങേയറ്റത്തെ ധാർഷ്ട്യമാണെന്നും ദുരന്തത്തിന്റെ മറവിൽ ജീവനക്കാരെ പിടിച്ചു പറിക്കുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.

കുടുംബ ബഡ്ജറ്റ് കുട്ടിച്ചോറാവും
എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തിൽ നിന്ന് മൂന്ന് ദിവസത്തെ ശമ്പളം വീതം പത്ത് തവണയായി പോലും പിടിക്കുന്നത് ആ പത്ത് മാസവും ഇടത്തരക്കാരും സാധാരണക്കാരുമായ ഭൂരിഭാഗം ജീവനക്കാരുടെ കുടംബ ബഡ്ജറ്റ് താളം തെറ്റിക്കും. തിരുവനന്തപുരം നഗരത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന ഒരു ക്ലാർക്കിന്റെ കുടുംബ ബ‌ഡ്‌ജറ്റ് നോക്കാം.

ആഗസ്റ്റിൽ
അടിസ്ഥാന ശമ്പളം : 22,200 രൂപ
ക്ഷാമബത്ത : 3,330 രൂപ
വീട്ടുവാടക അലവൻസ് : 1,500 രൂപ
സിറ്റി കോമ്പൻസേറ്ററി
അലവൻസ് : 350 രൂപ
ആകെ ശമ്പളം : 27,380 രൂപ

പിടിക്കുന്നത്
ഇ.പി.എഫ് : 5,000
ഗ്രൂപ്പ് ഇൻഷ്വറൻസ് : 400
എൽ.ഐ.സി : 1,000
പി.എഫ് തിരിച്ചടവ് : 2,500
പങ്കാളിത്ത പെൻഷൻ
പ്രീമിയം : 2,553
ആകെ പിടിത്തം : 11,453
നെറ്റ് സാലറി (27,380 - 11,453) :15,927

ഇതിൽ നിന്ന് സെപ്തംബറിലെ ശമ്പളം മുതൽ ഓണം അഡ്വാൻസ് തിരിച്ചടവായ 3000 രൂപയും (അഞ്ച് മാസം) പ്രളയ ഗഡുവായി മൂന്ന് ദിവസത്തെ ശമ്പളം 2738 രൂപയും (പത്ത് മാസം) കുറയും. അതോടെ അഞ്ച് മാസം കൈയിൽ കിട്ടുന്ന തുക 10,189 രൂപയായി ചുരുങ്ങും. ഇതിൽ വീട്ടുവാടക, വാഹന വായ്പ, തിരിച്ചടവ്, പെട്രോൾ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, ഭക്ഷണ സാധനങ്ങൾ, പത്രം, പാൽ, കറണ്ട്, വെള്ളം, കേബിൾ ടി.വി, മറ്റ് പിരിവുകൾ തുടങ്ങിയ ചെലവുകൾ എങ്ങനെ നിൽക്കാനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ