യാത്രക്കാരെ വലയ്ക്കരുത്
September 14, 2018, 12:00 am
വിവാദങ്ങളൊഴിയാത്ത കെ.എസ്.ആർ.ടി.സിയിൽ ഏറ്റവും ഒടുവിലത്തേത് ഷെഡ്യൂൾ പരിഷ്കരണവുമായി ബന്ധപ്പെട്ടതാണ്. ജീവനക്കാരുടെ സംഘടനകളും മാനേജ്‌മെന്റും തമ്മിൽ ഇതേച്ചൊല്ലി പോരു മൂത്തതോടെ ഫലത്തിൽ യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഷെഡ്യൂൾ പരിഷ്കരണം ഏർപ്പെടുത്തിയത്. പ്രധാനമായും ഓർഡിനറി സർവീസുകളെ ഉദ്ദേശിച്ചാണ് ഇത്. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകളും തിരക്കില്ലാത്ത നേരങ്ങളിൽ പരിമിതമായ സർവീസുകളും നടത്തുക വഴി ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണം തുടങ്ങിയത്. സ്വകാര്യ ബസുകൾ വേണ്ടുവോളമുള്ള പ്രദേശങ്ങളിൽ പ്രശ്നമൊന്നുമില്ലെങ്കിലും ദേശസാൽകൃത റൂട്ടുകളിൽ യാത്രാക്ളേശം രൂക്ഷമായിരിക്കുകയാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പതിനഞ്ചും ഇരുപതും മിനിട്ട് ഇടവിട്ട് ഓടിക്കൊണ്ടിരുന്ന ബസുകളിലൊന്ന് പൊടുന്നനെ പിൻവലിക്കപ്പെട്ടാൽ അതിനെ ആശ്രയിച്ചുവന്ന യാത്രക്കാർ ബുദ്ധിമുട്ടിലാകും. സർവീസുകൾ തമ്മിൽ അകലം കൂടുന്തോറും തിരക്കും അതനുസരിച്ചു വർദ്ധിക്കും. തൊഴുത്തിൽക്കുത്തും വിവാദങ്ങളുമൊന്നുമില്ലാതിരുന്ന അവസരങ്ങളിൽപ്പോലും ഷെഡ്യൂൾ റദ്ദാക്കലിൽ റിക്കാർഡുകൾ എഴുതിച്ചേർത്തിട്ടുള്ള ട്രാൻസ്പോർട്ട് കോർപറേഷൻ സദുദ്ദേശത്തോടെയാണ് പുതിയ ഷെഡ്യൂൾ പരിഷ്കാരം കൊണ്ടുവന്നിട്ടുള്ളതെങ്കിലും ജീവനക്കാരുടെ പൂർണ പിന്തുണ ഉറപ്പാക്കുന്നതിൽ വിജയിച്ചില്ലെന്നു വേണം കരുതാൻ. പുതിയ പരിഷ്കാരം പരാജയമാണെന്നു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് യൂണിയനുകളും ജീവനക്കാരും. സ്വാഭാവികമായും ഷെഡ്യൂൾ നടത്തിപ്പിനെയും അതിലൂടെ യാത്രക്കാരെയുമാണ് ഇത് ബാധിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബസ് കാത്തുനിന്നു വലയുന്ന യാത്രക്കാരിൽ നിന്ന് പരാതികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഓർഡിനറി സർവീസുകളെ ഉദ്ദേശിച്ച് നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തോടും ജീവനക്കാർക്ക് എതിർപ്പാണ്. ഷെഡ്യൂളുകൾ കുറച്ചുകൊണ്ടുള്ള പുതിയ പരിഷ്കാരം വരുമാനത്തിൽ ചോർച്ചയുണ്ടാക്കുമെന്ന വാദവും ഉണ്ട്. ഒരാഴ്ചയെങ്കിലും കഴിഞ്ഞാലേ ഇതിലെ ലാഭനഷ്ടം വിലയിരുത്താനാവൂ എന്നിരിക്കെ മുൻവിധിയോടെ നിഗമനങ്ങളിൽ എത്തുന്നതും ഉചിതമല്ല.
ഓടുന്ന എല്ലാ ബസുകളും യാത്രക്കാർ നിറഞ്ഞുകവിയണമെന്നു ശഠിക്കാനാവില്ല. തിരക്കുള്ള നേരത്ത് കൂടുതൽ ബസുകൾ ഓടിച്ച് അധിക വരുമാനം ഉറപ്പാക്കുന്നതിനൊപ്പം തിരക്കു കുറഞ്ഞ നേരങ്ങളിലും ജനങ്ങളുടെ യാത്രാ ആവശ്യം നിറവേറ്റാൻ കോർപറേഷനു ബാദ്ധ്യതയുണ്ടെന്നു മറക്കരുത്. ഏകപക്ഷീയമായി ഒരു റൂട്ടിൽ സർവീസുകൾ കുറയ്ക്കുന്നതിനു മുൻപ് കൃത്യമായ പഠനം നടത്തേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണോ ഇപ്പോഴത്തെ പരിഷ്കാരം ഏർപ്പെടുത്തിയതെന്നു നിശ്ചയമില്ല. ട്രാൻസ്പോർട്ട് ബസുകൾ കാത്ത് ബസ് സ്റ്റോപ്പുകളിൽ ആളുകൾ മണിക്കൂറുകൾ കാത്തുനിന്ന ഒരു കാലമുണ്ടായിരുന്നു. ഒരിക്കൽക്കൂടി ആ സ്ഥിതിയിലേക്കു യാത്രക്കാരെ തള്ളിവിടാതിരിക്കാൻ കോർപറേഷൻ ജാഗ്രത കാണിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം ബസുകളിൽ തിരക്കില്ലാത്ത ഘട്ടം വളരെ കുറവാണ്. ഉച്ചസമയത്തെ ട്രിപ്പുകളിലെ കണക്കുവച്ച് യാത്രക്കാരുടെ തലയെണ്ണി ലാഭനഷ്ടം വിലയിരുത്തുന്നതും അശാസ്ത്രീയമാണ്. തിരക്കുള്ള സമയങ്ങളിൽ രണ്ട് ബസുകളിൽ കയറുന്ന യാത്രക്കാരാണ് തിങ്ങി ഞെരുങ്ങി ഒരു ബസിൽ സഞ്ചരിക്കുന്നത്. ഒരിടത്തുണ്ടാകുന്ന കുറവ് മറ്റൊരിടത്ത് നികത്തപ്പെടുന്നുണ്ട്.
വ്യാപകമായ പരാതികൾ ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങളോടെ ഷെഡ്യൂളുകൾ പുനർ നിർണയിക്കാൻ നടപടി ആവശ്യമാണ്. ഈ പ്രശ്നത്തിലും ജീവനക്കാരുടെ പിന്തുണയും സഹകരണവും ഒഴിച്ചുകൂടാനാവാത്തതാണെന്ന ബോധത്തോടെ വേണം മാനേജ്‌മെന്റ് പ്രശ്നം കൈകാര്യം ചെയ്യാൻ.
വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാനാകാതെ വർഷങ്ങളായി വലയുന്ന കോർപറേഷന്റെ നിലനില്പ് കൂടുതൽ അപകടത്തിലാക്കുന്ന സാഹസങ്ങളിൽ ചെന്നുചാടാതിരിക്കാനുള്ള വിവേകബുദ്ധി മാനേജ്‌മെന്റിനും ജീവനക്കാർക്കും ഒരുപോലെ ഉണ്ടാകണം. അതില്ലെങ്കിൽ ഫലം എന്തായിരിക്കുമെന്ന് പുറത്തുനിന്ന് ആരും പഠിപ്പിക്കേണ്ടതില്ല. ശമ്പളം പോലും ആഴ്ചകൾ മുടങ്ങിപ്പോയ ഗുരുതരാവസ്ഥയിൽ നിന്ന് വല്ലവിധേനയും കയറിവരികയായിരുന്ന സ്ഥാപനം ഉൾപ്പോരുകളാൽ വീണ്ടും കുത്തഴിഞ്ഞ നിലയിലേക്കു പോകുന്നത് വളരെ കഷ്ടമാണ്. കൂടിയാലോചനകളിലൂടെ തീർപ്പുണ്ടാക്കാവുന്ന പ്രശ്നങ്ങൾ ഇരുഭാഗക്കാരും അഭിമാന പ്രശ്നമായെടുക്കുമ്പോഴാണ് അകൽച്ചയും കാലുഷ്യവും വർദ്ധിക്കുന്നത്. ഷെഡ്യൂൾ പരിഷ്കരണത്തെച്ചൊല്ലി ഉയർന്നുവന്നിരിക്കുന്ന തർക്കങ്ങൾക്കും എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്. കോർപറേഷന്റെ നിലനില്പിനും യാത്രക്കാരുടെ താത്പര്യങ്ങൾക്കും അത് ആവശ്യമാണ്. ഷെഡ്യൂളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് യാത്രക്കാർക്കു തന്നെയാകണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ