ഉത്രാടംതിരുനാൾ ഒരു സ്വപ്നം കണ്ടു; ഗണേശം ഗണപതിമാളികയായി
September 14, 2018, 1:45 am
എൻ.പി. മുരളീകൃഷ്ണൻ
തിരുവനന്തപുരം: രണ്ടു പതിറ്റാണ്ട് മുമ്പ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഒരു സ്വപ്നം കണ്ടു. സൂര്യ കൃഷ്ണമൂർത്തിക്ക് താൻ ഒരു ഗണപതി വിഗ്രഹം കൊടുക്കുന്നതായിരുന്നു സ്വപ്നം. പിറ്റേന്ന് കൃഷ്ണമൂർത്തിയെ കൊട്ടാരത്തിലേക്ക് വിളിച്ച് ഉത്രാടം തിരുനാൾ നിത്യപൂജ ചെയ്തിരുന്ന ഗ്രാനൈറ്റിൽ തീർത്ത മനോഹരമായ ഗണപതി വിഗ്രഹം സമ്മാനിച്ചു. അത് സ്വാതി തിരുനാൾ പൂജിച്ചിരുന്നതാണെന്ന കാര്യം കൃഷ്ണമൂർത്തി പിന്നീടാണ് അറിഞ്ഞത്. അന്നുതൊട്ട് ഗണപതി വിഗ്രഹങ്ങൾ ശേഖരിക്കുന്നത് വ്രതമാക്കുകയായിരുന്നു കൃഷ്ണമൂർത്തി.
പല ദേശങ്ങളിൽ നിന്നായി ശേഖരിച്ചത് പല രൂപഭാവങ്ങളിലുള്ള രണ്ടായിരത്തിലധികം വിഗ്രഹങ്ങൾ. ഇതെല്ലാം തൈക്കാട്ടെ വീടായ ഗണേശത്തിൽ സൂക്ഷിച്ചു. ഇന്നലെ വിനായകചതുർത്ഥി ദിനത്തിൽ ഈ ഗണേശവിഗ്രഹങ്ങൾ എല്ലാവർക്കും കാണാനായി വീട് തുറന്നുകൊടുത്തു. ചിത്രങ്ങൾ പകർത്താനും വിശദാംശങ്ങൾ ചോദിച്ചറിയാനും നൂറുകണക്കിനാളുകളെത്തി.
ഗണേശം നിൽക്കുന്നിടത്ത് കൃഷ്ണമൂർത്തി ജനിച്ച പഴയ തറവാടായിരുന്നു. 2011ൽ വീട് നവീകരിച്ചപ്പോൾ അതുവരെ ശേഖരിച്ച ഗണപതിവിഗ്രഹങ്ങൾ പ്രദർശിപ്പിക്കാൻ പാകത്തിലാണ് ചുവരലമാരകളും തറയും രണ്ടാംനിലയുമെല്ലാം പണിതത്. അവിടെയെല്ലാം ഗണപതിവിഗ്രഹങ്ങൾ വച്ചു. ചെമ്പിലും വെങ്കലത്തിലും തീർത്തവയാണ് കൂടുതലും. കളിമണ്ണിലും പ്ലാസ്റ്റർ ഒഫ് പാരീസിലും തീർത്തവയുമുണ്ട്. ഒഡിഷയിലെ ആദിവാസികൾക്കിടയിൽ ആരാധിക്കുന്ന ഗണപതിരൂപങ്ങളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവ ഇതിലുണ്ട്. ഒരെണ്ണത്തിന്റെ രൂപംപോലും ആവർത്തിക്കുന്നില്ല.
ഇത്തവണ വിനായകചതുർത്ഥി പ്രമാണിച്ച് ശക്തി, ഉദ്ദണ്ഡ, ദുണ്ഡി, സങ്കടഹര, ത്രിമുഖ, യോഗ, ദ്വജ തുടങ്ങി വ്യത്യസ്തങ്ങളായ 32 ഗണപതിരൂപങ്ങൾ വീടിന്റെ അടുക്കളയിൽ പ്രത്യേകം സജ്ജീകരിച്ചു. വീടിനോട് ചേർന്നുള്ള ആർട്ട് ഗാലറിയിലും ഗണേശത്തിന്റെ രണ്ടാംനിലയിലും വിവിധ കലാകാരന്മാർ വരച്ച ഗണപതിയുടെ ചിത്രങ്ങളും കാണാം.

''ഓരോ ആഴ്ചയിലും മൂന്ന് ഗണപതി വിഗ്രഹങ്ങളെങ്കിലും എന്റെ കൈയിൽ എത്താറുണ്ട്. പരിപാടികൾക്ക് പോകുമ്പോൾ പൈസ വാങ്ങുന്ന ശീലമില്ല. എന്റെ ക്രേയ്സ് തിരിച്ചറിഞ്ഞ് ഇപ്പോൾ മിക്കയാളുകളും ഗണപതി വിഗ്രഹമാണ് സമ്മാനമായി തരാറ്.
-സൂര്യ കൃഷ്ണമൂർത്തി
crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ