ബാങ്കുകൾ നയം കടുപ്പിക്കുന്നു; ആ 10 ലക്ഷം വായ്പ ത്രിശങ്കുവിൽ
September 14, 2018, 7:00 am
സി.പി. ശ്രീഹർഷൻ
തിരുവനന്തപുരം: ബാങ്കുകൾ പിടിമുറുക്കിയതോടെ പ്രളയ ദുരന്തത്തിനിരയായ ചെറുകിട കച്ചവടക്കാർക്ക് 10 ലക്ഷം രൂപ വായ്പ നൽകുമെന്ന സർക്കാർ വാഗ്ദാനം ഇരുട്ടിൽതപ്പുന്നു.

ഈടില്ലാതെ നൽകുന്ന വായ്പയുടെ പലിശയിലും സർക്കാർ ഗാരണ്ടിയിലുമാണ് ബാങ്കുകൾ ആശങ്ക വയ്ക്കുന്നത്. 12 ശതമാനം പലിശയ്ക്ക് വായ്പ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. അതുപോരെന്നാണ് ബാങ്കുകൾ പറയുന്നത്. സർക്കാർ ഗാരണ്ടിയിലും വ്യക്തത വേണം. ഇത് രണ്ടും കിട്ടിയാലെ വായ്പ നൽകാനാകൂ എന്ന നിലപാടിലാണ് ബാങ്കുകൾ.

ദുരന്തത്തിനിരയായവർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാനും മറ്റുമായി കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകുമെന്ന തീരുമാനത്തോടൊപ്പം പ്രഖ്യാപിച്ചതാണ് 10 ലക്ഷത്തിന്റെ വായ്പയും. ഒരു ലക്ഷം അനുവദിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയിറങ്ങി. 10 ലക്ഷത്തിന്റെ കാര്യത്തിൽ മിണ്ടാട്ടമില്ല.

കേന്ദ്ര സർക്കാരിന്റെ മുദ്ര വായ്പാ പദ്ധതിയുടെ മാതൃകയിലാണ് 10 ലക്ഷം വായ്പാപദ്ധതി സർക്കാർ ആലോചിച്ചത്. തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കുറഞ്ഞ പലിശയ്ക്കാണ് ബാങ്കുകൾ മുദ്ര സ്കീമിൽ വായ്പ നൽകി വരുന്നത്. കേന്ദ്രസർക്കാരുമായുള്ള ധാരണയനുസരിച്ചാണ് ബാങ്കുകൾ വായ്പ നൽകുന്നത്. അതേ മാതൃകയിലുള്ള പദ്ധതിക്ക് കേരളം തീരുമാനിച്ചത് 12 ശതമാനം പലിശയും. പ്രളയത്തിൽ തകർന്ന കടകളുടെയും സ്ഥാപനങ്ങളുടെയും പേരിലാകും വായ്പ അനുവദിക്കുക. സർക്കാർ ഗാരണ്ടി നൽകും.

ഈ വ്യക്തത പോരെന്നാണ് ബാങ്കുകൾ പറയുന്നത്. പലിശനിരക്ക് ഉയർത്തുന്നതിനോട് സർക്കാരിന് യോജിപ്പില്ല. ആസൂത്രണ കാര്യവകുപ്പും റവന്യൂ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും തമ്മിലും ഇക്കാര്യത്തിൽ പരസ്പര ധാരണയിലെത്തിയില്ല. ഈ ആശയക്കുഴപ്പവും വായ്പാ പദ്ധതി നീളുന്നതിന് കാരണമത്രേ. ഫലമോ, വായ്പ കിട്ടുമെന്ന് കാത്തിരിക്കുന്ന ചെറുകിട കച്ചവടക്കാരുടെ പുത്തൻ മോഹങ്ങളും പുതിയ പ്രതീക്ഷകളും വീണുടയുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ