മേളകൾക്ക് നല്ല മാതൃക സൃഷ്ടിക്കാം
September 13, 2018, 12:23 am
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൗ വർഷം സ്കൂൾ മേളകൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയാൻ സർക്കാർ നടപടിയെടുത്തത് ഉചിതംതന്നെയായി. മേളകൾ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം വേണ്ടത്ര ആലോചന കൂടാതെയായിരുന്നു. മാത്രമല്ല ഒട്ടുംതന്നെ യുക്തിസഹവുമായിരുന്നില്ല അത്. ഇൗ പംക്തിയിൽ ഞങ്ങൾ ആദ്യംതന്നെ അക്കാര്യം ചൂണ്ടിക്കാണിച്ചതുമാണ്. പൊതുസമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും കലാ-സാംസ്കാരിക പ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് സ്കൂൾ മേളകൾ ആർഭാടരഹിതമായി നടത്താനാണ് സർക്കാരിന്റെ പുതിയ തീരുമാനം. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെകൂടി നിർദ്ദേശത്തോടെയാണ് പരമാവധി ചെലവുകൾ കുറച്ച് മേള പതിവിൻപടി നടക്കട്ടെ എന്ന തീരുമാനത്തിൽ എത്തിയിട്ടുള്ളത്. മത്സരഇനങ്ങളിലും ഇതനുസരിച്ച് മാറ്റങ്ങൾ ഉണ്ടായേക്കാം. ആലപ്പുഴയിൽവച്ച് നടത്താനിരുന്ന സ്കൂൾ യുവജനോത്സവ വേദിക്ക് പ്രളയ സാഹചര്യത്തിൽ മാറ്റം അനിവാര്യമാണ്. ഇക്കാര്യത്തിൽ ഇൗമാസം 17ന് തീരുമാനമുണ്ടാകും. എല്ലാ സൗകര്യങ്ങളുമുള്ള തലസ്ഥാന നഗരി വേദിയാക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യം.
അതിവിശാലമായ പന്തലുകളും ഉൗട്ടുപുരകളും ഘോഷയാത്രകളും ഒഴിവാക്കിയാൽത്തന്നെ വലിയ തോതിൽ ചെലവു ചുരുക്കാനാകും. മേളനടത്തിപ്പിനുള്ള സർക്കാർ ചെലവിന്റെ സിംഹഭാഗവും ഇത്തരം ആഡംബരങ്ങൾക്ക് വേണ്ടിയുള്ളതാണ്. സുസജ്ജമായ ഹാളുകളും അനുബന്ധ സൗകര്യങ്ങളുമുള്ള നഗരം വേദിയായി തിരഞ്ഞെടുക്കാൻ കഴിയും. മത്സരങ്ങൾക്കെത്തുന്ന കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് ഒഴിവാക്കാനാകില്ല. അതേസമയം മേള കാണാനെത്തുന്നവർക്കും വിഭവ സമൃദ്ധമായ സദ്യ വിളമ്പി ആഢ്യത്വം കാണിക്കേണ്ട കാര്യമില്ല. കുട്ടികളുമായി എത്തുന്ന രക്ഷാകർത്താക്കളും കഴിവതും സ്വന്തം നിലയ്ക്ക് സൗകര്യം കണ്ടെത്തുന്നതാവും ഏറ്റവും ഉചിതം. അങ്ങനെവന്നാൽ വലിയതോതിൽ സംഘാടക സമിതിക്ക് പണം ലാഭിക്കാം. കലാമേളകളെപ്പോലെ കായിക-ശാസ്ത്ര- പ്രവൃത്തിപരിചയമേളകൾക്കും മുടക്കം വരില്ലെന്നത് വളരെയധികം കുട്ടികൾ ആശ്വാസത്തോടെയാണ് കാണുന്നത്. സ്വന്തം കഴിവും വാസനയും പ്രദർശിപ്പിക്കാൻ ലഭിക്കുന്ന അവസരം പൊടുന്നനെ ഇല്ലാതാവുന്നത് പല കുട്ടികൾക്കും കടുത്ത ഇച്ഛാഭംഗത്തിന് കാരണമാകും. കുട്ടികളുടെ വികാരം ബോദ്ധ്യമുള്ളതുകൊണ്ടാവാം മേളകൾക്കനുസൃതമായി സർക്കാരും മാറിചിന്തിച്ചത്.
കലാമേള ചിട്ടയോടും ഭംഗിയോടുംകൂടി നടത്താനുതകുംവിധം പരിഷ്കാരങ്ങൾ കൊണ്ടുവരാവുന്നതാണ്. മേളയുടെ നിറംതന്നെ കെടുത്തുന്ന അപ്പീൽ പ്രളയം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത് നല്ല കാര്യമാണ്. എണ്ണൂറും ആയിരവുമൊക്കെയാണ് അപ്പീൽ ബലത്തിൽ മത്സരിക്കാനെത്തുന്നവരുടെ ഇപ്പോഴത്തെ സംഖ്യ. പത്തുപന്തീരായിരം കുട്ടികൾ പങ്കെടുക്കുന്ന മേളയുടെ നടത്തിപ്പിന് ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന അഭിപ്രായം നേരത്തെതന്നെ ഉയർന്നിരുന്നു. ലളിതമായി മേള നടത്താനുള്ള സർക്കാർ തീരുമാനത്തിനനുസൃതമായി വിദ്യാർത്ഥികളുടെ ഭാഗത്തും പുതിയ സമീപനങ്ങളുണ്ടാകണം. വേഷഭൂഷാദികളിലും ഒരുക്കങ്ങളിലും കാണുന്ന ആഡംബരപ്പൊലിമയും ധൂർത്തും ഒഴിവാക്കാൻ കുട്ടികളെക്കാൾ രക്ഷിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. കലാമേളകളിലെ നൃത്ത ഇനങ്ങളുൾപ്പെടെ ചിലത് ധനിക വർഗത്തിന്റെ കുത്തകയായി മാറിയിട്ടുണ്ട്. ഇവർക്കൊപ്പമെത്താൻ കിടപ്പാടവും കെട്ടുതാലിയും വരെ പണയപ്പെടുത്തേണ്ടിവരുന്ന സാധാരണക്കാരുടെ എണ്ണവും കുറവല്ല. വിധികർത്താക്കളെ മാത്രമല്ല, കാണികളെയും കൈയിലെടുക്കാൻ പാകത്തിലുള്ള വേഷഭൂഷാദികൾക്കായി വൻ സംഖ്യയാണ് ചെലവഴിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസം പോലെ നൃത്ത ഇനങ്ങളിലെ മത്സരം സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ മേളകളിലെ ധൂർത്തും ആഡംബരവും ഒഴിവാക്കുന്ന പ്രവണത ഭാവിയിലും തുടരാവുന്നതാണ്. ആഡംബരം കുറഞ്ഞുപോയെന്നുവച്ച് കുട്ടികളിലെ സർഗവാസനയ്ക്കോ വൈഭവത്തിനോ ഒരുവിധ മങ്ങലുമുണ്ടാകാൻ പോകുന്നില്ല. പക്ഷേ ഇത്തവണത്തെ മേളകളുടെ ഏറ്റവും ക്രിയാത്മകമായ നല്ലവശം ഇത്തരം അനുകരണീയ മാതൃകയാകാനും മതി.
കാള പെറ്റെന്നുകേൾക്കുന്ന മാത്രയിൽ കയറെടുക്കാൻ ഒാടുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ടാണ് ഒരുവിധ ആലോചനയും കൂടാതെ പ്രളയം മറയാക്കി ഒരുവർഷത്തേക്ക് ഒരുവിധ ആഘോഷങ്ങളും വേണ്ടെന്നു തീരുമാനിച്ചത്. വരുംവരായ്കയെക്കുറിച്ച് ചിന്തയുണ്ടെങ്കിലല്ലേ ഇത്തരത്തിലുള്ള കഥയില്ലാത്ത തീരുമാനമെടുക്കുന്നതിലെ വങ്കത്തം ബോദ്ധ്യമാകു. അല്ലെങ്കിൽത്തന്നെ ആയിരക്കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചുനടത്തുന്ന ഇത്തരം മേളകൾക്കായി മുടക്കേണ്ടിവരുന്ന തുച്ഛസംഖ്യ ഒാർത്തു സർക്കാർ ആകുലപ്പെടേണ്ട കാര്യമില്ല.
ആവശ്യപ്പെട്ടാൽ ഇത്തരം മേളകൾ ഏറ്റെടുക്കാൻ സമൂഹം സർവ്വാത്മനാ പുറത്തുകാത്തുനില്പുണ്ട്. അതുമല്ലെങ്കിൽ കുട്ടികൾതന്നെ സംഭാവനകൾ വഴി മേളനടത്തിപ്പിനുള്ള വക കണ്ടെത്തും. ആരും ആവശ്യപ്പെടാതെതന്നെ പ്രളയബാധിതർക്ക് ആശ്വാസമേകാൻ സംസ്ഥാനത്തെ വിദ്യാർത്ഥിസമൂഹം കാണിച്ച ഉദാത്ത മാതൃക സർക്കാരിനും സമൂഹത്തിനും മുന്നിലുണ്ട്. അവരുടെ സർഗവാസന പോഷിപ്പിക്കാനായി നടത്തുന്ന മേളകൾക്കായി നന്നേ ചെറിയൊരു സംഖ്യ ഖജനാവിൽ നിന്നു മുടക്കേണ്ടിവന്നാൽത്തന്നെ ബോധമുള്ള ആരും അതിനെ തള്ളിപ്പറയുകയില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ