പ്രളയ പുനരധിവാസത്തിന് 25,000 കോടി ചെലവ്
September 15, 2018, 12:10 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: പ്രളയത്തെ തുട‌ർന്നുളള പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 25,000 കോടിയിലേറെ ചെലവ് വരുമെന്ന് സർക്കാരിന്റെ കണക്കുകൂട്ടൽ. വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം, അറ്റകുറ്റപ്പണി, ജലസേചനസൗകര്യം, പുനരധിവാസം, ആശുപത്രി, സ്കൂൾ, സർക്കാർ ഓഫീസ് തുടങ്ങിവയുടെ നിർമ്മാണം എന്നിവയും ഇതിലുൾപ്പെടും. ജോലിയും വരുമാനമാർഗങ്ങളും നഷ്ടപ്പെട്ടവരുടെ ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തലുമിതിലുണ്ട്. ഇതിനായി കൃഷി സൗകര്യമൊരുക്കൽ, ചെറുകിട വ്യവസായസംരംഭങ്ങളാരംഭിക്കൽ തുടങ്ങിയവയും നടത്തും. രണ്ടുവർഷം കൊണ്ടെങ്കിലും പൂർത്തിയാവുന്ന വിധത്തിലാണ് മൂലധനച്ചെലവ് നടത്തുക. അതേസമയം റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. പൊതുമരാമത്ത് റോഡുകൾക്കായി 4,800 കോടിയാണ് വേണ്ടത്. ഭാവിയിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നതൊഴിവാക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കും.

ഇപ്പോൾ നടക്കുന്ന റവന്യൂ ചെലവിന് 8000 കോടി രൂപയെങ്കിലുമാവുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, രണ്ടുദിവസമെങ്കിലും വെള്ളപ്പൊക്കത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാരം, പശുക്കൾക്കും ആടുകൾക്കും മറ്റുമുള്ള നഷ്ടപരിഹാരം തുടങ്ങിയവയ്ക്കാണിവ.

അടുത്ത ആഴ്ചയോടെ പുനരധിവാസ പാക്കേജ് തയ്യാറാക്കാനാണ് പദ്ധതി. അതേസമയം കേന്ദ്രത്തിന് പാക്കേജ് സമർപ്പിക്കുന്നതിന് പകരം കേന്ദ്ര സഹായം കിട്ടാവുന്ന വിധത്തിലുള്ള പ്രോജക്ടുകളാക്കി അത് കേന്ദ്രസർക്കാരിന് സമർപ്പിക്കാനാണ് പരിപാടി.

പ്രത്യേക പ്രോജക്ടിനല്ലാതെ പൊതുവായ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ലോകബാങ്ക്, എ.ഡി.ബി എന്നിവയുടെ വായ്പ ആവശ്യപ്പെടുന്നത്. അതിനാൽ ഇത് സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിൽ പെടും. വായ്പാ പരിധി ഉയർത്തണമെന്നഭ്യർത്ഥിക്കാൻ ധനമന്ത്രി തോമസ് ഐസക് 18 നോ 20 നോ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്ര്ലിയെ കാണുന്നുണ്ട്. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായുള്ള നിവേദനം സർക്കാർ നൽകിക്കഴിഞ്ഞു.


കേന്ദ്രത്തിൽ പ്രതീക്ഷിക്കുന്ന മറ്റ് സഹായങ്ങൾ
തൊഴിലുറപ്പിൽ ഒന്നര കോടി തൊഴിൽ ദിനം
കേന്ദാവിഷ്കൃത പദ്ധതികൾക്ക് അധികമായി 2600 കോടി
 ഗ്രാമീണ റോഡിനായി 1000 കോടി
പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി പ്രകാരം 1200 കോടി
ഉപജീവന മിഷൻ വക 243 കോടി
 പ്രധാനമന്ത്രി കൃഷി സിംചായി യോജന വഴി 123 കോടി
 സ്വച്ഛ് ഭാരത് മിഷൻ വഴി 110 കോടി
 ഹഡ്കോ വഴി 1000 കോടി വായ്പ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ