ശമ്പള വെല്ലുവിളി: പങ്കാളിത്ത പെൻഷൻ വിഹിതം കുറച്ചേക്കും
September 15, 2018, 12:09 am
കെ.പ്രസന്നകുമാർ
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പേരിൽ സാലറി ചലഞ്ച് പ്രകാരം പിടിക്കുന്ന ഒരു മാസത്തെ മൊത്ത ശമ്പളത്തിൽ നിന്ന് മുക്കാൽ ലക്ഷത്തോളം ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ വിഹിതം കുറയ്‌കുന്നത് സർക്കാർ പരിഗണിച്ചേക്കും. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെ മൊത്തം അഞ്ച് ലക്ഷത്തോളം ശമ്പളക്കാരാണ് സാലറി ചലഞ്ചിന്റെ കരിനിഴലിലുള്ളത്.

2013 ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിച്ച ജീവനക്കാർക്കും അദ്ധ്യാപകർക്കുമാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കിയിട്ടുള്ളത്. അവരുടെ മാസ ശമ്പളത്തിന്റെ പത്ത് ശതമാനമാണ് പെൻഷൻ ഫണ്ടിലേക്ക് പിടിക്കുന്നത്. സാലറി ചലഞ്ചിൽ മൊത്ത ശമ്പളത്തിന്റെ മൂന്ന് ദിവസത്തെ വിഹിതമാണ് പത്ത് മാസത്തേക്ക് പിടിക്കുന്നത്. പങ്കാളിത്ത പെൻഷൻകാരിൽ നിന്ന് അതോടൊപ്പം പത്ത് ശതമാനം പെൻഷൻ വിഹിതം കൂടി പിടിക്കുന്നത് അവരെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിലാണ് അവരിൽ നിന്ന് പെൻഷൻ വിഹിതം കുറച്ചുള്ള തുക ഈടാക്കിയാൽ മതിയെന്ന ആവശ്യം ശക്തമായത്. സി.പി.എം സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതാക്കൾ ഈ ആവശ്യം ഉന്നയിച്ച് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.

മൊത്ത ശമ്പള വ്യവസ്ഥ മാറ്റുന്നതിൽ വിയോജിപ്പ്

ഒരു മാസത്തെ മൊത്ത ശമ്പളം നൽകണമെന്ന വ്യവസ്ഥയോട് ഭരണ - പ്രതിപക്ഷ ഭേദമന്യേ ജീവ‌നക്കാർക്കിടയിൽ എതിർപ്പ് ശക്തമാണെങ്കിലും ഈ വ്യവസ്ഥ ഒഴിവാക്കുന്നതിനോട് ധനകാര്യ വകുപ്പിന് വിയോജിപ്പാണെന്ന് സൂചന. കുറഞ്ഞ ശമ്പളക്കാരുടെ ജീവിതം പത്ത് മാസം കുട്ടിച്ചോറാക്കുന്നതാണ് ഈ വ്യവസ്ഥയെന്ന് തലസ്ഥാനത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഒരു ക്ളാർക്കിന്റെ കുടുംബ ബഡ്ജറ്റ് ഉൾപ്പെടെ കാര്യ കാരണ സഹിതം കേരളകൗമുദി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോ‌ർട്ട് സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ ഒാഫീസുകളിലും വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ഈ റിപ്പോർട്ടിനെ അനുകൂലിക്കുന്ന പ്രതികരണങ്ങൾ ഇന്നലെ സാമൂഹ്യ മാദ്ധ്യമങ്ങളിലും നിറഞ്ഞു. എന്നാൽ, കുറഞ്ഞ ശമ്പളക്കാർക്ക് അധികം ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ വേണ്ടത്ര ഒാപ്ഷനുകൾ നൽകിയിട്ടുണ്ടെന്നാണ് ധനവകുപ്പ് പറയുന്നത്.

മാസ ശമ്പളത്തിൽ നിന്ന് മൂന്ന് ദിവസത്തെ വിഹിതം പത്ത് മാസം പിടിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവർക്ക് 30 ദിവസത്തെ ആർജ്ജിത അവധിയിലോ, ശമ്പള പരിഷ്കരണ കുടിശ്ശികയിലോ,പ്രോവിഡന്റ് ഫണ്ടിലോ നിന്ന് ഒരു മാസത്തെ മൊത്ത ശമ്പളത്തിന് തുല്യമായ തുക നൽകാം. ഒരു മാസത്തെ ശമ്പളം നൽകുന്നതിനോട് വിസമ്മതം അറിയിക്കാൻ ജീവനക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവർത്തിക്കുന്നു. എന്നാൽ, സെക്രട്ടേറിയറ്റിൽ ഭരണപക്ഷ സംഘടനയുടെ നേതാവായിട്ടു പോലും സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞ സെക്‌ഷൻ ഒാഫീസറെ സ്ഥലം മാറ്റി ശിക്ഷിച്ചതാണ് ഇതിന് മറുപടിയായി മൊത്ത ശമ്പള വ്യവസ്ഥയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് ശമ്പളം നൽകാൻ സമ്മതിച്ചപ്പോൾ സ്ഥലം മാറ്റം പിൻവലിക്കുകയും ചെയ്‌തത്, വിസമ്മതിക്കുന്നവരോട് പ്രതികാര നടപടിയുണ്ടാകുമെന്ന വ്യക്തമായ സന്ദേശമല്ലേ എന്നും അവർ ചോദിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ