ഏത് ഭരണത്തിലും സമീപനം ഒന്നുതന്നെ
September 15, 2018, 1:05 am
നിരവധി ബാങ്കുകളിൽനിന്ന് നേടിയ ഒൻപതിനായിരം കോടിരൂപയുടെ വായ്പയുമായി രാജ്യംവിട്ട് ഒളിച്ചോടുന്നതിനുമുമ്പ് വിജയ് മല്ല്യ പാർലമെന്റ് മന്ദിരത്തിൽ വച്ച് ധനമന്ത്രി അരുൺ ജയ്‌റ്റ്ലിയെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലാണ് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സ്തോഭജനകമായ വിവാദം. മോദി സർക്കാരിനെ ആഞ്ഞടിക്കാൻ കിട്ടുന്ന ഒരായുധവും വെറുതേ കളയാൻ തയ്യാറില്ലാത്ത കോൺഗ്രസ് നേതാക്കൾ ഏതാനും ദിവസമായി ഇൗ വിവാദത്തിന് പിന്നാലെ തന്നെയുണ്ട്. മല്ല്യ രാജ്യം വിടുന്ന കാര്യം അറിഞ്ഞിട്ടും ധനമന്ത്രി കൂടിയായ ജയ്‌റ്റ്ലി അത് തടയാൻ യാതൊന്നും ചെയ്തില്ലെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരുടെ ആക്ഷേപം. പറയുന്നത് കേട്ടാൽ തോന്നും മല്ല്യയെ കണ്ടപാടെ ജയ്‌റ്റ്ലി അദ്ദേഹത്തെ സൂത്രത്തിൽ പിടിച്ച് ഏതെങ്കിലും മുറിയിലടച്ച് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഏല്പിക്കണമായിരുന്നുവെന്ന്. ജയ്റ്റ്ലിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നത് മറ്റൊരു കാര്യം.ബാങ്കുകളെ വെട്ടിച്ച് മുങ്ങിനടക്കുന്നത് മല്ല്യ മാത്രമല്ലെന്നും വമ്പൻമാർ ധാരാളം വേറെയുണ്ടെന്നും ആർക്കാണ് അറിഞ്ഞുകൂടാത്തത്. എട്ടുലക്ഷം കോടിയിൽപ്പരം രൂപയാണ് ബാങ്കുകളുടെ കിട്ടാക്കടം. ഏത് പാർട്ടി അധികാരത്തിലിരുന്നാലും പിടിപാടും സ്വാധീനവുമുള്ളവൻ വ്യവസായികൾക്കും ബിസിനസുകാർക്കും ഭൂസ്വാമിമാർക്കുമൊക്കെ വായ്പ എത്രവേണമെങ്കിലും തരപ്പെടുത്തുന്നതിന് കൂട്ടുനിൽക്കാറുള്ളത് രാഷ്ട്രീയക്കാർ തന്നെയാണ്. മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് യു.പി.എ സർക്കാരിന്റെ കാലത്തും ഇതൊക്കെത്തന്നെയാണ് നടന്നുവന്നിരുന്നത്. മല്ല്യയുടെ ഒൻപതിനായിരംകോടിരൂപയുടെ വായ്പതന്നെ യു.പി.എ ഭരണകാലത്ത് അനുവദിക്കപ്പെട്ടതാണെന്ന വസ്തുത സൗകര്യപൂർവം മറച്ചുവച്ചാണ് കോൺഗ്രസ് നേതാക്കൾ ഇളകിയാടുന്നത്. ഏത് കക്ഷി അധികാരത്തിലിരുന്നാലും മല്ല്യയെപ്പോലുള്ളവർക്ക് വായ്പ ലഭിക്കാൻ ഒരു പ്രയാസവുമില്ല. ഇൗ ഗണത്തിൽപ്പെടുന്നവരുടെ വായ്പാ അപേക്ഷകൾ ക്ഷിപ്രവേഗത്തിൽ പാസാകും. ബാങ്കിംഗ് നിയമങ്ങളും ചട്ടങ്ങളും ഇവർക്കായി വഴിമാറും. നിയമം മുറുകെ പിടിക്കാൻ ശ്രമിക്കുന്ന ബാങ്ക് ഒാഫീസർമാർക്ക് അതിനുള്ള ശിക്ഷയും ലഭിക്കും. ഏതായാലും മല്ല്യ ബാങ്കുകളിൽ നിന്നെടുത്ത വായ്പത്തുക ഇൗടാക്കാൻ രാജ്യത്തും പുറത്തും അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുവകകൾ ധാരാളമാണെന്നത് ആശ്വാസകരമാണ്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഏറ്റെടുക്കാൻ പാകത്തിൽ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. രത്‌നവ്യാപാരി നീരവ് മോദി ഉൾപ്പെടെ മറ്റു വിരുതന്മാർക്കും രക്ഷപ്പെടാനാകാത്ത വിധം കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണ്.
വൻകിട വ്യവസായികൾക്കും ബിസിനസുകാർക്കും ഭരണതലത്തിലുള്ള സ്വാധീനം പുതിയ കാര്യമൊന്നുമല്ല. ഇപ്പോൾ റിലയിൻസിനോട് ചതുർത്ഥിയുള്ള കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ ചെയ്തുകൊടുത്ത സേവനങ്ങളും സഹായങ്ങളും എന്തൊക്കെയായിരുന്നുവെന്ന് പലരും മറന്നുകാണില്ല. വഴിവിട്ട ഒരിടപാടിന് എതിർപ്പ് പ്രകടിപ്പിച്ചപ്പോഴാണ് കോൺഗ്രസ് മന്ത്രിസഭയിലുണ്ടായിരുന്ന എണ്ണ വകുപ്പുമന്ത്രി ജയ്‌പാൽ റെഡ്ഡിയുടെ കസേര തെറിച്ചത്. ബിസിനസ് അഭിവൃദ്ധികരമായി കൊണ്ടുപോകാൻ സാമർത്ഥ്യവും കൗശലവുമുള്ള വ്യവസായികൾ ഭരണമാറ്റത്തിനനുസരിച്ച് നയസമീപനവും മാറ്റിക്കൊണ്ടിരിക്കും. കോൺഗ്രസാണ് അധികാരത്തിലിരിക്കുന്നതെങ്കിൽ അതിന്റെ നേതാക്കളായിരിക്കും ചങ്ങാതികൾ. എൻ.ഡി.എയാണെങ്കിൽ കൂറും സേവയും അവരോടാകും.
ബാങ്കുകളുടെ കഥയെടുത്താൽ വായ്പ തിരിച്ചുപിടിക്കുന്നതിലെ വാശിയും നിശ്ചയദാർഢ്യവുമൊക്കെ സാധാരണക്കാരുടെ കാര്യത്തിൽ മാത്രമേ കാണുകയുള്ളു. ഒൻപതിനായിരം കോടിരൂപ കടംകൊണ്ട വിജയ് മല്ല്യയും 4000 കോടിയുമായി മുങ്ങിയ നീരവ് മോദിയും 3400 കോടിയുമായി രാജ്യംവിട്ട ചോംസ്‌കിയുമൊക്കെ ബാങ്കുകളുടെ മുന്നിൽ ആദരിക്കപ്പെടേണ്ടവർ തന്നെയാണ്. കൃഷി ജീവിതമാർഗമായി കൊണ്ടുനടക്കുന്ന ജനലക്ഷങ്ങളും വീട്ടുമുറ്റത്തു ചായപ്പീടിക തുടങ്ങാൻ ഏതാനും ആയിരങ്ങൾ വായ്പയെടുക്കേണ്ടിവരുന്ന സാധാരണക്കാരും വായ്പ മുടങ്ങിയാൽ അനുഭവിക്കേണ്ടിവരുന്ന ദുരനുഭവങ്ങൾ പറഞ്ഞാൽ തീരില്ല. ഇതിന്റെ ഒരു ഒന്നാന്തരം ഉദാഹരണമാണ് ഏതാനും ആഴ്ച മുമ്പ് കൊച്ചി നഗരത്തിൽ അരങ്ങേറിയ ബാങ്ക് നാടകം. അനിൽകുമാർ എന്നയാൾ കോർപ്പറേഷൻ ബാങ്കിന്റെ രവിപുരം ശാഖയിൽ നിന്ന് 2015 ൽ അൻപതിനായിരം രൂപ വായ്പ എടുത്തു. പ്രധാനമന്ത്രിയുടെ മുദ്ര‌യോജന പദ്ധതി പ്രകാരമുള്ളതാണ് വായ്പ. മൂന്നുവർഷമാണ് വായ്പ തിരിച്ചടവുകാലാവധി. എന്നാൽ അത്രയും കാത്തിരിക്കാനുള്ള ക്ഷമ ബാങ്കിനുണ്ടായില്ല. സെപ്തംബറിലാണ് കാലാവധി എത്തുന്നതെങ്കിലും ജൂലായ് 24ന് ബാങ്ക് മാനേജർ ഒരുസംഘം ആൾക്കാരെയുംകൂട്ടി അനിൽകുമാറിന്റെ വീട്ടിലെത്തി വായ്പ തിരിച്ചടയ്ക്കാത്തതിനെച്ചാെല്ലി ബഹളം വച്ചു. ബാങ്കിന്റെ പണം മടക്കിനൽകു എന്നും മറ്റുമെഴുതിയ പ്ളക്കാർഡുകളുമായാണ് സംഘം എത്തിയത്. അയൽക്കാരുടെ മുമ്പിൽ നാണംകെട്ട അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ച് സങ്കടപരിഹാരം തേടി. വായ്പ തിരിച്ചടവ് വൈകിയതിന്റെ പേരിൽ ഇടപാടുകാരെ നാണംകെടുത്താൻ ബാങ്കുകൾക്ക് അധികാരമില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രവൃത്തി അങ്ങേയറ്റം തരംതാണതായിപ്പോയെന്നുമാണ് ഹർജി തീർപ്പാക്കിക്കൊണ്ടുള്ള സിംഗിൾബഞ്ചിന്റെ വിധി. വായ്പ എടുത്ത അൻപതിനായിരം രൂപയിൽ 37000 രൂപ തിരിയെ അടച്ചിരുന്നു. ശേഷിക്കുന്ന തുക പലിശയടക്കം 25000 രൂപ മാത്രമാണ്. ഇൗ നിസാര തുകയ്ക്കുവേണ്ടിയാണ് ബാങ്ക് മാനേജരുടെ നേതൃത്വത്തിൽ വായ്പക്കാരനെ നാണംകെടുത്തി വായ്പത്തുക വസൂലാക്കാൻ പൊറാട്ടുനാടകം കളിച്ചത്. വായ്പത്തുക മാനംമുട്ടെ ഉയരുന്തോറും തട്ടിപ്പുകാരനോടുള്ള ആദരവും കൂടുന്ന പാരമ്പര്യമാണ് ബാങ്കുകൾക്കുള്ളത്. മല്ല്യയും നീരവ് മോദിയുമൊക്കെ എത്ര ലാഘവത്തോടെയാണ് ബാങ്കുകളെ കബളിപ്പിച്ച് വിദേശത്ത് സസുഖം വാഴുന്നതെന്ന് നോക്കിയാൽമതി ഇവരുടെ സമീപനത്തിലെ പൊള്ളത്തരം മനസിലാക്കാൻ. മല്ല്യയുടെ പേരിൽ വിവാദമുണ്ടാക്കി ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചെളിവാരിയെറിയുന്നവരിൽ എത്രപേർ ഇൗ വിവാദവ്യവസായിയുടെ ആതിഥ്യവും സേവനവും പറ്റാത്തവരായി ഉണ്ടെന്നറിയണമെങ്കിൽ മഷിനോട്ടംതന്നെ വേണ്ടിവരും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ