Saturday, 23 September 2017 1.13 PM IST
കോരന് കുമ്പിളിൽ കഞ്ഞി പോരേ?
December 3, 2016, 12:05 am
'കാണാതെ പോയ ഒരു ആത്മബലി' എന്ന കേരളകൗമുദിയുടെ ശ്രദ്ധേയമായ മുഖപ്രസംഗം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ആരു ഭരിച്ചാലും സർക്കാർ ജീവനക്കാരിൽ പലരുടെയും ധാർഷ്ട്യത്തിനും ചുവപ്പുനാടയ്ക്കും ഒരു മാറ്റവും വരില്ലെന്നതാണ് ജനങ്ങളുടെ ശാപം.
പിതൃസ്വത്തായി തനിക്കു ലഭിച്ച കൃഷിഭൂമി പോക്കുവരവ് ചെയ്തുകിട്ടാൻ വർഷങ്ങളോളം ഓഫീസ് കയറി ഇറങ്ങിയിട്ടും ഒരു ഫലവുമില്ലാതെ വന്നപ്പോഴാണ് സാംകുട്ടി എന്ന സാധുകർഷകൻ വെള്ളറട വില്ലേജ് ഓഫീസ് തീയിടാൻ നിർബന്ധിതനായത്. വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ ഈ ദൗർഭാഗ്യകരമായ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും നമ്മുടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനശൈലി അതേപടി തുടരുന്നുവെന്നതാണ് സങ്കടകരം.
ഒൻപത് വർഷം കഴിഞ്ഞിട്ടും തനിക്ക് അർഹതപ്പെയട്ട കെട്ടിട വാടക സർക്കാർ ഓഫീസിൽ നിന്നും കിട്ടാതെ വന്നപ്പോൾ മറ്റു വരുമാന മാർഗമില്ലാതെ ജീവിതം വഴിമുട്ടിയ വിമുക്തഭടൻ ജയകുമാർ നൽകിയ ആത്മബലി സാക്ഷര കേരളത്തിന് അപമാനകരമാണ്.
അഞ്ചുവർഷത്തിലൊരിക്കൽ മുടങ്ങാതെ ശമ്പള പരിഷ്കരണത്തിലൂടെ വൻ തുക പ്രതിമാസം ശമ്പളവും അലവൻസുകളുമായി പറ്റുന്ന സർക്കാർ ജീവനക്കാർ പണവും സ്വാധീനവുമില്ലാത്ത സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങൾ തങ്ങളുടെ ജീവിതപ്രശ്നവുമായി ഓഫീസുകളിൽ ചെന്നാൽ അവരോട് സൗമ്യമായി പെരാമാറാനോ അവരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചു കാലവിളംബം കൂടാതെ പരിഹരിക്കുന്നതിനോ സന്മനസ് കാട്ടാറില്ലെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. അഴിമതിക്കാർക്കും ജോലിയിൽ വീഴ്ച വരുത്തുന്നവർക്കും തങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെയും സർവീസ് സംഘടനയുടെയും പൂർണ സംരക്ഷണം ലഭിക്കുമെന്ന ഉറച്ച വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം മെച്ചപ്പെട്ട ഒരു സിവിൽ സർവീസ് എന്ന ജനങ്ങളുടെ അഭിലാഷം എന്നാണാവോ പൂവണിയുക?

ആർ. പ്രകാശൻ
ചിറയിൻകീഴ്
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ