Friday, 22 September 2017 3.24 PM IST
അസാധുവായ പ്രവാസി
December 20, 2016, 12:15 am
2016 നവംബർ 8ന് അസാധുവാക്കപ്പെട്ട 500, 1000 കറൻസി നോട്ടുകളോടൊപ്പം അസാധുവായ പ്രവാസികളെക്കുറിച്ചാണ് ഇവിടെ ചിന്തിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നട്ടെല്ലാകുന്ന പ്രവാസികളുടെ മണലാരണ്യത്തിലെ വിയർപ്പിന്റെ ഗന്ധമുള്ളതും മനസിന്റെ നീറ്റലുള്ളതുമായ പണത്തെപ്പറ്റി ഈ സാഹചര്യത്തിൽ ആരും പറഞ്ഞു കേട്ടില്ല.
ദീർഘകാല പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് അവധിക്കും സ്ഥിരതാമസത്തിനുമായി വരുന്ന പ്രവാസിക്ക് അനേകം കണക്കുകൂട്ടലുകൾ ഉണ്ട്. അതിൽ പ്രധാനമായും ബാങ്കുകളുടെയും വായ്പകളുടെയും കണക്കുതീർക്കലുകൾ, നിക്ഷേപങ്ങൾ, സംഭാവനകൾ, ക്രയവിക്രയങ്ങൾ തുടങ്ങിയവയാണ്. വിദേശത്തെ ബാങ്കുകളിൽ നിന്നോ ഇന്ത്യൻ ബാങ്കുകളിൽ നിന്നോ വായ്‌പ തരപ്പെടുത്തി നാട്ടിലെ ഇടപാടുകൾക്കായി അവധിക്ക് വരുന്നവരും അനേകം. ഇപ്പോഴത്തെ പണത്തിന്റെ ദൗർലഭ്യം മൂലം ഇത്തരമിടപാടുകളിൽ ഒന്നും ചെയ്യാനാകാതെ മടങ്ങുന്ന പ്രവാസികളുടെ അവധിക്കാലം നഷ്ടഭാരങ്ങൾ മാത്രം നൽകുന്ന ഓർമ്മകൾ മാത്രമായി തീരുന്നു.
കടലുകൾ കടന്ന നേരം തിരിഞ്ഞുനോക്കിയപ്പോൾ കണ്ട ചെറുകൂരയെ കൊട്ടാരമാക്കിയില്ലെങ്കിലും അഭിമാനത്തോടെ ജീവിക്കാൻ ഒരു വീടാക്കി തീർക്കാനുള്ള സ്വപ്നമാണ് ഏതൊരു പ്രവാസിയുടെയും മണലാരണ്യത്തിലെ മരുപ്പച്ച. നിർമ്മാണ മേഖലയിൽ കറൻസിയുടെ അഭാവംമൂലം ഉണ്ടാകുന്ന സ്തംഭനം പ്രവാസിയെ ഒരു നഷ്ടസ്വപ്നത്തിന്റെ വീട്ടിലെത്തിക്കുന്നു. ഒരു വീടോ ഫ്ളാറ്റോ സ്വന്തമാക്കാനുള്ള സ്വപ്നത്തിലെത്തുന്ന പ്രവാസിക്ക് നിലച്ചു നിൽക്കുന്ന നിർമ്മാണ മേഖലയെ നോക്കി നിശ്ചലനായി നിൽക്കാനേ കഴിയുന്നുള്ളൂ.
പ്രവാസികളെ ബാധിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് സഹകരണ മേഖലയിൽ ഉണ്ടായിരിക്കുന്ന സ്തംഭനം. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ നിക്ഷേപങ്ങളിൽ നല്ലൊരു പങ്ക് സഹകരണ സംഘങ്ങളിലോ ബാങ്കുകളിലോ ആണ്. സർക്കാർ അനുവദിച്ചിട്ടുള്ള വർദ്ധിത നിക്ഷേപ നിരക്കാണ് ഇതിനൊരു കാരണം. സഹകരണ മേഖലയിലെ നിയന്ത്രണങ്ങൾ, പ്രവാസികൾക്ക് തങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള ആവലാതികൾ അസ്വസ്ഥത ഉണർത്തുന്നു.

പ്രശ്ന പരിഹാരങ്ങൾ
1. ബാങ്കുകളുടെ എൻ.ആർ.ഐ ശാഖകൾ പ്രത്യേക സഹായമെത്തിക്കാൻ തയ്യാറാകണം.
2. നോർക്ക, ബാങ്കുകളുടെ സഹകരണത്തോടെ സ്വദേശ, വിദേശ വിമാനത്താവളങ്ങളിൽ താത്‌കാലിക എക്സ്‌ചേഞ്ചുകളുടെ സ്ഥാപനം.
3. ഗവൺമെന്റ് ഗ്യാരന്റിയുള്ള പർച്ചേസ് കാർഡുകൾ പ്രവാസികൾക്ക് പ്രത്യേക പരിഗണനയോടെ നൽകാൻ ഗവൺമെന്റിനും ബാങ്കിനും സംയുക്തമായി പ്രവർത്തിക്കാവുന്നതാണ്.
4. നോർക്കയുടെ നേതൃത്വത്തിൽ പ്രവാസികൾക്ക്, പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കാവുന്നതാണ്.
5. സഹകരണ മേഖലയ്ക്ക് പ്രവാസികളെ സഹായിക്കുന്നതിനായി പ്രത്യേക സേവന സംരംഭ വാരങ്ങൾ ആരംഭിക്കാവുന്നതാണ്.
പലപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് താങ്ങായിട്ടുള്ള ഇന്ത്യൻ പ്രവാസിയുടെ വിയർപ്പിന്റെ വില നഷ്ടമായിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ സർക്കാരും സാമ്പത്തിക സ്ഥാപനങ്ങളും സംഘടനകളും ഫലപ്രദമായി പ്രവർത്തിക്കേണ്ട സമയമാണിത്.

വി.കെ. അനിൽകുമാർ
vk.anil.k@gmail.com
മുൻ ഫിനാൻസ് മാനേജർ (ഫ്യൂച്ചർ ടവേഴ്സ് കോൺട്രാക്ടിംഗ്, ദുബായ്)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ