Sunday, 24 September 2017 9.23 PM IST
സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കണോ?
December 23, 2016, 12:05 am
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് പന്തളം മുതൽ ശബരിമല വരെ വനമായിരുന്ന കാലത്തായിരുന്നു. ഞാൻ പത്തനംതിട്ടയിൽ ജനിച്ചു വളർന്ന ആളാണ്. എന്റെ ചെറുപ്പകാലത്ത് പത്തനംതിട്ട മുതൽ അയ്യപ്പൻമാർ നടന്നാണ് പോയിരുന്നത്. എനിക്ക് 80 വയസുണ്ട്. കരിമല കയറാനോ ഇറങ്ങാനോ സ്ത്രീകൾക്ക് സാദ്ധ്യമല്ല. അതുപോലെ നീലിമലകയറാനും സ്ത്രീകൾക്ക് പ്രയാസമാണ്, മാത്രമല്ല പത്തനംതിട്ട മുതൽ വന്യമൃഗങ്ങളുടെ ശല്യവും. അതുകൊണ്ടാണ് അന്നത്തെ ക്ഷേത്രം നടത്തിപ്പുകാർ അങ്ങനെ ഒരു നിയമം വച്ചത്. ബ്രാഹ്മണർ എന്റെ ചെറുപ്പത്തിൽ ശബരിമലയിൽ പോകുമായിരുന്നില്ല. കാരണം അത് ബുദ്ധക്ഷേത്രമായതിനാലാണ്. പിൽക്കാലത്താണ് അവിടെ ബ്രാഹ്മണർ പോയിത്തുടങ്ങിയത്. ശാന്തിഗിരി മഠാധിപതി കരുണാകര ഗുരുവിന്റെ അരുളപ്പാടിൽ പറയുന്നത് അദ്ദേഹത്തിന്റെ അയൽവാസിയായിരുന്ന ചീരപ്പൻ ചിറക്കാരൻ അയ്യപ്പനാണ് പന്തളം രാജാവിന്റെ സേനാ നായകനായതും മറവപ്പടയെ നേരിടാൻ രാജാവ് നിയോഗിച്ചതും. മറവപ്പട ശബരിമല ബുദ്ധ ക്ഷേത്രത്തെയും ശബരിപീഠത്തെയും നിരന്തരം ആക്രമിച്ചിരുന്നു. അക്കാലത്തും ഇക്കാലത്തും അഴുത, പമ്പ, കരിമല തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികൾ വസിക്കുന്നു. അവരുടെ ആരാധനാ കേന്ദ്രമായിരുന്നു പൊന്നമ്പലമേട്. അക്കാലത്ത് നാട്ടിലെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചത് ശരി തന്നെ. അക്കാലത്തും ഇക്കാലത്തും ആദിവാസി സ്ത്രീകൾ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. അവർക്ക് ആരും ഭ്രഷ്ടു കല്പിക്കുന്നില്ല.
ഇപ്പോഴോ ശബരിമല, പമ്പ, വടശേരിക്കര, റാന്നി, എരുമേലി, പത്തനംതിട്ട എന്നീ സ്ഥലങ്ങളെല്ലാം പട്ടണമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ശബരിമലയിൽ പോകുന്നവർക്ക് മലകയറണ്ട. വന്യമൃഗങ്ങളെ ഭയക്കണ്ട. ഈ സാഹചര്യത്തിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചുകൂടെന്നു പറയുന്നതിൽ യുക്തിയില്ല.
സ്ത്രീകൾക്ക് പ്രകൃതി ചില പ്രത്യേകതകൾ നൽകിയിട്ടുണ്ട്. അത് പ്രകൃതി നിയമം മാത്രം. അവരെ നികൃഷ്ടരായി കരുതി മാറ്റി നിറുത്താൻ ബ്രാഹ്മണാധിപത്യമാണ് മുന്നോട്ട് വന്നത്. അതിനെ വെല്ലുവിളിച്ചത് ബുദ്ധനും ജൈനനുമായിരുന്നുവെന്നത് മറക്കരുത്. അതിനുശേഷം സ്ത്രീകൾക്ക് പുരുഷനെപ്പോലെ തുല്യപദവി ഭരണഘടനവഴിയും സ്വന്തം നിലയ്ക്കും നൽകിയ മഹാനാണ് ഡോ. ബാബാ സുഹേബ് അംബേദ്കർ. ഇതെല്ലാം മറന്നുകൊണ്ടാണ് സ്ത്രീ അപലയാണ് അശുദ്ധയാണ് എന്നെല്ലാം, അമ്മയും, ഭാര്യയും, സഹോദരിമാരും ഉള്ള പുരുഷന്മാർ വാദിക്കുന്നത്. ഇതിൽ യാതൊരു കഴമ്പുമില്ലെന്ന് കാലം തെളിയിക്കും. കാലം സമൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവന്നു. എനിക്ക് പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. വഴിയിൽ കൂടി നടക്കാൻ അനുവദിച്ചിരുന്നില്ല. അഞ്ചു വയസുള്ളപ്പോൾ അച്ഛനോടൊപ്പം ശബരിമലയിൽ പോയി. ആരും തടഞ്ഞില്ല. മറ്റു ക്ഷേത്രങ്ങളിൽ ഞാൻ പോയിട്ടില്ല. എൺപതു വയസുള്ള എനിക്ക് ഈ മാറ്റങ്ങൾ അനുഭവിക്കാൻ കഴിയുന്നു. തുരുമ്പിച്ച ആശയങ്ങളും അഭിലാഷങ്ങളും മനുഷ്യ പുരോഗതിക്കും ജനാധിപത്യത്തിനും സോഷ്യലിസത്തിനും എതിരാണെന്നു തിരിച്ചറിയണം.

ധമ്മചാരി കുമ്പഴ ദാമോദരൻ, ചെയർമാൻ
കേരള ബുദ്ധിസ്റ്റ് കൗൺസിൽ
വികാസ് നഗർ, ശ്രീകാര്യം,
തിരുവനന്തപുരം. ഫോൺ : 0471 - 2593123.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ