Sunday, 28 May 2017 6.42 AM IST
ഇ.പി.എഫ് പെൻഷൻകാരുടെ കഞ്ഞികുടി മുട്ടിക്കരുത്
December 14, 2016, 12:20 am
പി.എഫ് പെൻഷൻകാരുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് കേരളത്തിൽ മുൻ സർക്കാർ അനുവദിച്ച ക്ഷേമ പെൻഷനുകൾ എൽ.ഡി.എഫ് സർക്കാർ നിറുത്തലാക്കിയിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരത്തിന് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലുള്ള നാലുലക്ഷം വരുന്ന പി.എഫ് പെൻഷൻകാരിൽ മഹാഭൂരിപക്ഷത്തിനും ആയിരം രൂപയ്ക്ക് താഴെ മാത്രമാണ് പെൻഷനുള്ളത്. കേന്ദ്ര-സംസ്ഥാന സർവീസ് പെൻഷൻകാർക്ക് തുല്യമായി, ഇ.പി.എഫ് പെൻഷൻകാരെയും കണക്കാക്കിയാണ് ക്ഷേമ പെൻഷൻ സർക്കാർ നിഷേധിച്ചിട്ടുള്ളത്. ഇ.പി.എഫ് പെൻഷന്റെ നിജസ്ഥിതി മനസിലാക്കാതെയുള്ള ഈ നടപടിയിൽ ശക്തമായ പ്രതിഷേധം പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു.
99 ശതമാനം തൊഴിലാളി വിഹിതം നൽകിയുള്ള ഒരു പങ്കാളിത്ത പെൻഷനാണ് ഇ.പി.എഫ് പെൻഷൻ സംസ്ഥാന സർക്കാർ ഒരു പൈസപോലും ഇതിലേക്ക് വിഹിതം നൽകുന്നതുമില്ല. 6500 രൂപ ശമ്പള പരിധി വച്ച് പെൻഷൻ നിശ്ചയിക്കുന്നതിനാൽ ഒരു പൊതുമേഖലാ കമ്പനിയിൽ നിന്നും പിരിയുന്ന പ്യൂണിനും മാനേജിംഗ് ഡയറക്ടർക്കും തുച്ഛമായ ഒരേ തുകയാണ് ലഭിക്കുന്നത്. ക്ഷാമബത്ത ഇല്ലാത്തതിനാൽ റിട്ടയർ ചെയ്യുന്ന സമയത്തു ലഭിക്കുന്ന തുകയാണ് മരണം വരെയും ലഭിക്കുന്നത്. 35 വർഷം സർവീസ് കഴിഞ്ഞ് റിട്ടയർ ചെയ്യുന്ന ഒരു സർവീസ് പെൻഷനുള്ളവർക്ക് ശമ്പളത്തിന്റെ 50ശതമാനത്തോളം തുക പെൻഷനായും കാലാകാലം ക്ഷാമബത്ത വർദ്ധനവും ലഭിക്കുമ്പോൾ അതേ സർവീസുള്ള ഒരു കമ്പനി ജീവനക്കാരന് 5 ശതമാനത്തിലും താഴെയുള്ള തുകയാണ് പെൻഷൻ കിട്ടുന്നത്. ഇതാകട്ടെ സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെക്കാൾ കുറവുമാണ്. ഇക്കാര്യം ബോദ്ധ്യപ്പെട്ട ശേഷമാണ് ഒരു ലക്ഷം രൂപ വാർഷിക വരുമാനപരിധിക്കുള്ളിൽ എന്ന വ്യവസ്ഥ വച്ച് പി.എഫ് പെൻഷൻകാർക്കുകൂടി ക്ഷേമ പെൻഷനുകൾ കഴിഞ്ഞ സർക്കാർ അനുവദിച്ചത്.
ക്ഷേമ പെൻഷൻ അനുവദിച്ചു ഉത്തരവിറക്കിയ അതേ സെക്രട്ടറിതന്നെയാണ് ഇപ്പോൾ അത് നിറുത്തലാക്കി കൊണ്ടും ഉത്തരവിറക്കിയത്. നിഷേധിച്ച ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരത്തിന് വയോധികരായ ഇ.പി.എഫ് പെൻഷൻകാർ തീരുമാനിച്ചിട്ടുണ്ട്. 28ന് വില്ലേജ് ഓഫീസുകൾക്കുമുന്നിലെ ധർണയാണ് ആദ്യഘട്ടസമരം. ക്ഷേമ പെൻഷൻ നിഷേധിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രിമാരോടും അഭ്യർത്ഥിക്കുന്നു.
ഡി.മോഹനൻ
സെക്രട്ടറി
9447461610
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ