Sunday, 24 September 2017 9.21 PM IST
പെൻഷനർമാരുടെ ദുരിതപർവം സർക്കാർ അവസാനിപ്പിക്കണം
December 24, 2016, 12:12 am
സർക്കാർ സർവീസ് പെൻഷനർമാരുടെ ഈ സാമ്പത്തികവർഷത്തെ ഇൻ കം ടാക്സ് നടപടികൾ ബാങ്കുകൾ കൃത്യമായി ഏപ്രിലിൽ തുടങ്ങുമായിരുന്നത് സർക്കാറിന്റെ ഇടപെടൽ കാരണം ഉപേക്ഷിച്ചു.പിന്നീട് ജൂൺ മാസമാണ്‌ ട്രഷറിവകുപ്പ് എല്ലാ പെൻഷനർമാരും ഇൻ കം ടാക്സ് വിവരങ്ങൾ ട്രഷറിയിൽ കൊടുക്കണമെന്ന് പറയുന്ന ഒരു പത്രക്കുറിപ്പ് ആദ്യം ഇറക്കിയത്.അതിന്ന് ശേഷം അതിന്മേൽ യാതൊരു നടപടിയും എടുക്കാതെ വെച്ചിരിക്കുകയുമാണ്‌.ഇത് കാരണം പെൻഷനർമാരുടെ ഈ സാമ്പത്തികവർഷത്തെ ഇൻ കം ടാക്സ് കാര്യങ്ങൾ തികഞ്ഞ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്‌.കഴിഞ്ഞ ആറ്‌മാസക്കാലമായി നിരന്തരം ഇത് ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതിന്നുത്തരവാദിയായ സർക്കാർ ധനവകുപ്പ് ഇക്കാര്യത്തിൽ നടപടി എടുത്തിട്ടില്ല.

പിന്നീട് നവംബറിൽ ചെയ്യേണ്ട ലൈഫ് സർട്ടിഫിക്കറ്റ് നടപടികൾ നിലവിലുള്ള വ്യവസ്ഥകളെല്ലാം മാറ്റിമറിച്ച് ബാങ്കിന്ന് പകരം ട്രഷറികളിൽ ചെയ്യണമെന്ന ട്രഷറിഡയറക്ടറുടെ ഒരു പത്രക്കുറിപ്പ് വളരെ താമസിച്ച് ഡിസംബർ രണ്ടാംവാരമാണ്‌ ഇറങ്ങിയിരിക്കുന്നത്.ലൈഫ് സർട്ടിഫിക്കറ്റിന്നും മസ്റ്ററിങ്ങിന്നും കേന്ദ്രഗവൺമെന്റ് ഇന്ത്യയിലെ മാത്രമല്ല ലോകമെങ്ങുമുള്ള പൊതുമേഖലാബാങ്കുകളെ അധികാരപ്പെടുത്തി ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന പെൻഷനർമാർക്ക് കാര്യങ്ങൾ സൗകര്യമാക്കിക്കൊടുത്തിരിക്കുമ്പോൾ, കേരളസർക്കാർ ബാങ്കുകളിലെ ലൈഫ് സർട്ടിഫിക്കറ്റ് ഇല്ലാതാക്കി പെൻഷനർമാരെ ദുരിതമനുഭവിക്കാൻ കൂട്ടത്തോടെ ദുരിതകേന്ദ്രങ്ങളായ ട്രഷറികളിൽ ചെന്ന് കാത്ത്കിടക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ സ്വയം ബയൊമെട്രിക്ക് ഉപകരണം വാങ്ങി ഇന്റെർനെറ്റ് വഴിയോ അക്ഷയകേന്ദ്രം കണ്ട്പിടിച്ച് അത് വഴിയോ അയക്കണമത്രെ.ഈ ബയൊമെട്രിക് സ്വീകരിക്കാൻ ട്രഷറികൾ സജ്ജമല്ല എന്ന അടിസ്ഥാനകാര്യം തന്നെ അറിയാതെയാണ്‌ സർക്കാർ ഇത് പറയുന്നത്.

ലൈഫ് സർട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങാൻ മറ്റൊരു “എളുപ്പ”വഴി സർക്കാർ കല്പിക്കുന്നത് ഒരു ഗസറ്റഡ് ഓഫിസർ എന്ന പിടികിട്ടാത്ത ആകാശപുഷ്പത്തെ അന്വേഷിച്ച് പോകണമെന്നാണ്‌.എന്ന് മാത്രമല്ല, ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫിസർ ഒപ്പിട്ടാൽ അന്നുതന്നെ മരണപ്പാച്ചിൽ നടത്തി ട്രഷറിയിൽ എത്തിച്ചില്ലെങ്കിൽ അത് സ്വീകരിക്കുകയുമില്ലത്രെ. ഈ ലൈഫ് സർട്ടിഫിക്കറ്റ് വെച്ചാണ്‌ അടുത്ത ഒരു കൊല്ലത്തേക്ക് പെൻഷൻ കൊടുക്കാൻ പോകുന്നത് എന്നും ഏതാനും ദിവസങ്ങൾ കഴിഞ്ഞാലും പ്രത്യേകമായി ഒന്നും വരാനില്ല എന്നുമുള്ള ധാരണ പോലുമില്ലാത്ത കല്പിക്കൽ.ഈ ‘ഗസറ്റഡ് ഓഫിസർ അറ്റസ്റ്റ് ചെയ്യുക’ എന്ന ബുദ്ധിശൂന്യമായ വ്യവസ്ഥതന്നെ ഇപ്പോഴത്തെ പ്രധാനമന്ത്രി അധികാരത്തിൽ വന്ന ഉടനെ എടുത്ത് കളഞ്ഞതാണ്‌. ആ പ്രാകൃതവ്യവസ്ഥയാണ്‌ കേരളസർക്കാർ ഇപ്പോഴും മുറുകെപ്പിടിക്കുന്നത്.

ഇങ്ങിനെ അപ്രായോഗികവും ജനവിരുദ്ധവുമായ നിബന്ധനകൾ ഒന്നിന്‌ പിറകെ ഒന്നായി പെൻഷനർമാരുടെ മേൽ അടിച്ചേല്പിക്കുകയാണ്‌ കേരളസർക്കാർ.കേന്ദ്രഗവണ്മെന്റിലും മറ്റ് സംസ്ഥാനങ്ങളിലും പെൻഷൻ കാർക്ക് സൗകര്യപ്രദമായ ബാങ്ക് വഴി ലൈഫ് സർട്ടിഫിക്കറ്റടക്കം എല്ലാ പെൻഷൻ കാര്യങ്ങളും അനുവദിച്ചിട്ടുള്ളപ്പോഴാണ്‌ (ഇപ്പോൾ അമേരിക്കയിലുള്ള എന്റെ ഒരു സഹപ്രവർത്തകൻ അവിടത്തെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബ്രാഞ്ചിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റും മസ്റ്ററിങ്ങും നടത്തി ഇന്ത്യയിലെ ബാങ്കിലേക്കയച്ച് കഴിഞ്ഞു) ഈ പ്രബുദ്ധ കേരളത്തിൽ പെൻഷനർമാർക്ക് ഇപ്പോഴുള്ള സൗകര്യങ്ങൾ കൂടി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.കേന്ദ്രഗവണ്മെന്റിലും മറ്റ് സംസ്ഥാനങ്ങളിലും നിലവിലുള്ള രീതിയിൽ ബാങ്കിന്റെ ലൈഫ് സർട്ടിഫിക്കറ്റ് തുടർന്നും അംഗീകരിച്ച് മുന്നോട്ട് പോകുന്നതിന്ന് യാതൊരു തടസ്സവുമില്ല.സർക്കാറിലെ ചിലരുടെ ബാങ്കുകളോടുള്ള വൈരനിര്യാതനത്തിന്ന് നിരപരാധികളായ പെൻഷനർമാരെ ഇരയാക്കുകയാണ്‌.അതുകൊണ്ടാണ്‌ ഇവിടെ മാത്രം ബാങ്കുകളുമായി ഈ പ്രശ്നം എന്ന് പറയപ്പെടുന്നു.

ട്രഷറിയിലെയും ബാങ്കുകളിലെയും അക്കൗണ്ടിലെ തുകകളിൽ കുറെ തുകക്ക് കണക്ക് കാണുന്നില്ലെന്നും മിസ്സിങ്ങ് ക്രെഡിറ്റുകൾ ഉണ്ടെന്നുമാണ്‌ സർക്കാർ ഇതിന്ന് ന്യായീകരണമായി പറയുന്നത്.അതിന്ന് പെൻഷനർമാർ എന്ത് പിഴച്ചു.ഇത്തരം ഡിപ്പാർട്ട്മെന്റ് തല വീഴ്ചകൾക്ക് ഡിപ്പാർട്ട്മെന്റ് തല പരിഹാരമല്ലെ കാണേണ്ടത്.അല്ലാതെ അതിന്റെ പേരിൽ നിരപരാധികളായ പെൻഷനർമാരെയാണോ ദ്രോഹിക്കേണ്ടത്.അവരാണോ അതിന്ന് പിഴ് മൂളേണ്ടതും നരകയാതന അനുഭവിക്കേണ്ടതും.വർഷങ്ങൾക്ക് മുമ്പ് വളരെയധികം ആലോചിച്ചും തയാറെടുപ്പുകൾ നടത്തിയും നടപ്പിലാക്കിയ പുരോഗമനജനപ്രിയ പെൻഷൻ നടപടിക്രമങ്ങൾ യാതൊരു വീണ്ടുവിചാരമില്ലാതെ ഭവിഷ്യത്തുകളെ കാണാതെ ഇപ്പോൾ വലിച്ചെറിയുന്നത് ശരിയല്ല.

ഇന്നത്തേതിന്റെ പകുതിയിൽ താഴെ പെൻഷനർമാർ ഉണ്ടായിരുന്ന കാലത്ത് തന്നെ ട്രഷറികളിൽ അനുഭവപ്പെട്ടിരുന്ന താങ്ങാനാവാത്ത ജോലിഭാരം കുറച്ചെടുക്കാനാണ്‌ ബാങ്കുകളെക്കൂടി ഈ ജോലി ഏല്പിച്ചത്. ഇത്രയും പെൻഷനർമാരുടെ ഇൻ കം ടാക്സ് നടപടിക്രമങ്ങൾ,അക്കൗണ്ട് ട്രാൻസാക് ഷനുകൾ,ലൈഫ് സർട്ടിഫിക്കറ്റ്,മസ്റ്ററിങ്ങ് തുടങ്ങിയ കാര്യങ്ങളെല്ലാം ബാങ്കുകൾ കാര്യക്ഷമമായി നിർവഹിച്ച്കൊണ്ടിരുന്നതാണ്‌. അവ അതുപോലെ നിർവഹിക്കാൻ കെല്പില്ലാത്ത ട്രഷറികളെക്കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാണ്‌.

മറിച്ച് കൂടുതൽ ബാങ്ക് ശാഖകളെ പരിധിയിൽ ഉൾപെടുത്തി പെൻഷൻ വിതരണം കൂടുതൽ വികേന്ദ്രീകരിച്ച് വിപുലപ്പെടുത്തി കാര്യക്ഷമമാക്കുകയാണ്‌ കാലഘട്ടത്തിന്റെ ആവശ്യം. പെൻഷനർമാരുടെ എണ്ണവും ജീവിത ദൈർഘ്യവും തല്ഫലമായി അതിനോടനുബന്ധിച്ചുള്ള ഇൻ കം ടാക്സടക്കം ഉള്ള കാര്യങ്ങളിലെ സങ്കീർണമായ, വർദ്ധിച്ച് വരുന്ന ജോലിഭാരവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്ന ഇന്ന് ഈ അധികഭാരം കൂടി ട്രഷറികളെ കെട്ടിയേല്പിച്ചാൽ കാര്യക്ഷമമായ സേവനമില്ലാതെ പെൻഷനർമാർക്കും ട്രഷറിവകുപ്പിന്നും വിവരണാതീതമായ യാതനകളും പങ്കപ്പാടുകളുമാണ്‌ അത് വരുത്തിവെക്കാൻ പോകുന്നത്.പെൻഷൻ വിതരണം താറുമാറായിരുന്ന പഴയ ഇരുണ്ടകാലത്തിലേക്ക് തിരിച്ച് പോകാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് ബാങ്ക് വഴിയുള്ള പെൻഷൻ നടപടിക്രമങ്ങൾ പഴയത് പോലെ പുനസ്ഥാപിക്കണം.
ഡോ.എം.വിജയനുണ്ണി,മുൻ ചീഫ് സെക്രട്ടറി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ