Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 20 July 2018 18.08 PM IST
 MORE
Go!

  <
 


 
H dQ et  


നമുക്കത്യാവശ്യം എയർ ആംബുലൻസാണോ?

Posted on: Wednesday, 05 August 2015

കൊച്ചിയിലെ ഒരു സ്വകാര്യാശുപത്രിയിൽ ഹൃദയം മാ​റ്റിവച്ച് ആധുനിക ചികിത്സാരംഗത്ത് വിപ്ലവം കുറിച്ചിരിക്കുന്നു. ഇത് ആരോഗ്യ രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന കാര്യത്തിൽ സംശയമില്ല. നീലകണ്ഠ ശർമയുടെ ഹൃദയം മാത്യൂസിന് മാ​റ്റി വച്ചതു നല്കുന്ന സാമൂഹ്യ സന്ദേശം എന്താണെന്നും അവസരോചിതമായി ചർച്ച ചെയ്യപെടുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്ന ശക്തികൾക്ക് ഒരു കൊട്ടു കൊടുക്കാനായി സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഈ അവസരം കൃത്യമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. എന്നാൽ  ഈ അവസരമുപയോഗിച്ചു പറഞ്ഞു വയ്‌ക്കേണ്ട മ​റ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. അവ ഇപോൾത്തന്നെ ചർച്ച ചെയ്യാതെ പോയാൽ വലിയ നഷ്ടമാകും.

ഹൃദയം മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയയിൽത്തന്നെ തുടങ്ങാം. ആധുനിക ചികിസാശാസ്ത്രം പുരോഗമിച്ച് എവിടെയെത്തി  നിൽക്കുന്നുവെന്നതിനെക്കുറിച്ചും ശാസ്ത്രത്തിന്റെ  അനന്ത സാദ്ധ്യതകളെപ്പ​റ്റിയും നമ്മെ ഓർമ്മിപ്പിക്കുകയാണ് ഈ ശസ്ത്രക്രിയ. ധനിക രാജ്യങ്ങളിലെ ലോകോത്തര സംവിധാനങ്ങളുള്ള വൻകിട ആശുപത്രികളിൽ മാത്രമേ സാധിക്കൂവെന്ന് നമ്മൾ ധരിച്ചിരുന്ന ഈ ശസ്ത്രക്രിയ നമ്മുടെ നാട്ടിലും സംഭവിപ്പിച്ച ഡോക്ടർ ജോസ് ചാക്കോയും സംഘവും അർഹിക്കുന്ന അഭിനന്ദനങ്ങൾ വാക്കുകൾക്ക് അതീതമാണ്. ഈ ചരിത്ര സംഭവത്തിന് പിന്തുണ നല്കിയ സർക്കാരും പോലീസും നേവിയും ഒക്കെ പ്രശംസയർഹിക്കുന്നു. അവയവ ദാനത്തിന്റെ ആവശ്യകതയെപ്പ​റ്റി കാര്യമായ ബോധവത്കരണം ഉണ്ടാക്കാനും ഇക്കാര്യത്തിൽ നമുക്കുള്ള ആശങ്കയും ഭയവും ഒക്കെ ഒരളവുവരെ കുറയ്ക്കാനും ഈസംഭവത്തിനു കഴിഞ്ഞുവെന്നു വേണം കരുതാൻ.  ഈ വിജയത്തിന്റെ പേരിൽ നമ്മൾ വളരെ സന്തോഷിച്ചു നിൽക്കുമ്പോൾത്തന്നെ സത്യസന്ധമായതും പൊതുജനാരോഗ്യ കാഴ്ച്ചപ്പാടോടെയുള്ളതുമായ ചില കാര്യങ്ങൾ പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.ആദ്യം ഹൃദയമാ​റ്റ  ശസ്ത്രക്രിയയുടെ കാര്യം. ചില പ്രത്യേക രോഗാവസ്ഥകളിലും മ​റ്റു നിരവധി അനുകൂല സാഹചര്യങ്ങളുടെ അകമ്പടിയോടെയും മാത്രമാണ് ഹൃദയം മാ​റ്റിവയ്ക്കൽ സാധ്യമാവുക. മറിച്ച്, ഹൃദയത്തിന് പ്രശ്നമുള്ളവർക്കെല്ലാം ഇതോടെ പരിഹാരമായെന്ന തെ​റ്റിദ്ധാരണ പരക്കാൻ പാടില്ല. ഊതിവീർപ്പിച്ച പ്രചരണങ്ങളും അതുവഴിയുണ്ടാകുന്ന അമിതമായ പ്രതീക്ഷകളും ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ വിളിച്ചുവരുത്തും. ഹൃദയം മാ​റ്റിവച്ചാൽ രക്ഷപ്പെടാവുന്ന ഒരു രോഗിയാണെങ്കിൽത്തന്നെ ഓടിപ്പോയി ഹൃദയം മാ​റ്റിവച്ച് വരാൻ കഴിയില്ല. ആദ്യം തന്നെ, മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളിൽ നിന്നും ആരോഗ്യവും ചേർച്ചയുമുള്ള ഹൃദയം കിട്ടണം. അതിനു വേണ്ടി കാത്തിരിക്കണം. ഒരു മരണം നടന്നാൽ അവയവ ദാനത്തെപ്പ​റ്റി ചർച്ചചെയ്യാനുള്ള സാഹചര്യം ഇന്നും എത്റ വീടുകളിൽ ഉണ്ട്? ഹൃദയ മാ​റ്റ ശസ്ത്റക്റിയ നടത്താൻ തീരുമാനിച്ചാൽത്തന്നെ അതിനായി കു​റ്റമ​റ്റ ആധുനിക സംവിധാനങ്ങളും മികവു​റ്റ ശസ്ത്രക്രിയ വിദഗ്ദ്ധരും ഉള്ള ആശുപത്രിയിൽത്തന്നെ പോകണം. അതിന് വലിയ ചെലവുമുണ്ടാകും. മാത്യൂസിന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിച്ചെലവു മാത്രം കാൽക്കോടി രൂപ കഴിഞ്ഞുവെന്നാണ് കേട്ടത്. സംഭവത്തിന്റെ പുതുമ കൊണ്ടും വൈകാരികമായ ഇടപെടൽ കാരണവും ആദ്യത്തെ ചില രോഗികൾക്ക് നാട്ടുകാരിൽ നിന്നും എന്തുവലിയ തുകയും പിരിച്ചെടുക്കാൻ കഴിഞ്ഞെന്നുവരും. എന്നാൽ ഇതൊന്നും സ്ഥിരം സംവിധാനമായി മാറില്ല.

ശസ്ത്രക്രിയയോടുകൂടി പ്രശ്നങ്ങൾ മുഴുവനും അവസാനിക്കുന്നില്ല എന്നതാണ് മ​റ്റൊരു കാര്യം. മാത്രമല്ല, പുതിയ പല പ്രശ്നങ്ങളും തുടങ്ങുകയും ചെയ്യും. മ​റ്റൊരാളിൽ നിന്നും സ്വീകരിച്ച എത് അവയവത്തെയും എന്നപോലെ ഹൃദയത്തെയും തിരസ്‌കരിക്കാൻ അത് സ്വീകരിച്ചയാളിന്റെ ശരീരം ശ്രമിക്കും. ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനങ്ങളാണ് ഇതിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഹൃദയം മാ​റ്റിവയ്ക്കപ്പെട്ടയാൾ സ്വന്തം പ്രതിരോധ സംവിധാനത്തിന്റെ ബലം കുറയ്ക്കാനുള്ള മരുന്നുകൾ മുടങ്ങാതെ ജീവിതകാലം മുഴുവനും കഴിക്കണം. ശരീരം പുതിയ ഹൃദയത്തെ തിരസ്‌കരിക്കാതിരിക്കാൻ നിരന്തരം കഴിക്കേണ്ടി വരുന്ന മരുന്നുകളും വിലപിടിപ്പുളളതാണ്. മറുവശത്ത്, പ്രതിരോധ ശക്തിയെ തളർത്തുന്ന മരുന്നുകൾ നിരന്തരമായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറയ്ക്കും. ഇതുകാരണം അണുബാധകൾ പിടിപെടാനും മ​റ്റു ചില ഗുരുതര രോഗങ്ങൾ  ഉണ്ടാകാനും ഇടയാകാം. ഹൃദയം പുറന്തള്ളപ്പെടാനുള്ള സാധ്യതയുണ്ടോ എന്നറിയാൻ ഇടവിട്ട് കാര്യമായ പരിശോധനകളും നടത്തേണ്ടിവരും. ഇതൊക്കെക്കൊണ്ടുതന്നെ ഹൃദയം മാ​റ്റിവയ്‌ക്കേണ്ടത് ആർക്കെന്ന കാര്യത്തിൽ ആശുപത്റികൾ വളരെ ആലോചിച്ചും മ​റ്റു താല്പര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാതെയും തീരുമാനമെടുക്കേണ്ടിവരും. വൃദ്ധരായവരിലും മ​റ്റുകാരണങ്ങളാൽ അനാരോഗ്യമുള്ളവരിലും ഒക്കെ ശസ്ത്രക്രിയ ആലോചിക്കാനും കഴിയില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ആയുഷ്‌ക്കാല ചികിത്സ നടത്താനുള്ള സാമ്പത്തിക ശേഷി രോഗിയ്ക്കും കുടുംബത്തിനുമുണ്ടോ, മ​റ്റെന്തെങ്കിലും ധനസഹായങ്ങൾ ലഭ്യമാണോ എന്നൊക്കെ ശസ്ത്രക്രിയയ്ക്ക് മുമ്പുതന്നെ അന്വേഷിക്കേണ്ടിവരും.

ഹൃദയം മാ​റ്റിവച്ചതിന്റെ ബാധ്യത കാരണം കുഞ്ഞുങ്ങൾ ഉൾപ്പെടെ മുഴുവൻ കുടുംബവും പട്ടിണിയിലാകാകുന്ന അവസ്ഥ ഉണ്ടാകരുതല്ലോ.
ഈ പുതിയ രംഗത്തെ വരുമാന സാദ്ധ്യത ഇന്നത്തെ സാഹചര്യത്തിൽ ചില സ്വകാര്യ ആശുപത്രികളെയെങ്കിലും സംശയത്തിന്റെ നിഴലിലാക്കുമെന്ന കാര്യവും ഉറപ്പാണ്. ഇതിനെ ചു​റ്റിപ്പ​റ്റിയുള്ള പുതിയ കമ്മിഷൻ ആക്ഷേപങ്ങളും ഹൃദയമോഷണ ആരോപണങ്ങളും ഉണ്ടാകാതെയുമിരിക്കട്ടെ. പാവങ്ങൾക്ക് ഹൃദയം മാ​റ്റിവയ്ക്കാൻ സർക്കാർ ആശുപത്രികളിൽ സംവിധാനം വേണമെന്ന ആവശ്യം സ്വാഭാവികമായും ഉയർന്നുവരും. ലക്ഷക്കണക്കിന് നിർദ്ധനർ ആശ്രയിക്കുന്ന സർക്കാരാശുപത്രികളിൽ അവശ്യം നടക്കേണ്ട സാധാരണ ശസ്ത്രക്രിയകൾ തന്നെ മുടങ്ങുന്ന കാലമാണിത്. അതുകൊണ്ടു തന്നെ ഹൃദയം മാ​റ്റിവയ്ക്കൽ എന്നത് സർക്കാർ മെഡിക്കൽ കോളേജുകളിലോ മ​റ്റോ അക്കാദമിക് താൽപ്പര്യങ്ങൾ കാരണം നടന്നേക്കാം.
തീർന്നില്ല, ദാതാവിൽ നിന്ന് വേർപെടുത്തിയ ഹൃദയം കൊണ്ടുപോകാൻ പലപ്പോഴും വിമാനവും റോഡുനീളെ ട്രാഫിക് നിയന്ത്റണണവും ഒക്കെ വേണ്ടിവരും. എയർ ആംബുലൻസ് ഒരു സ്ഥിരം സംവിധാനം ആക്കുമെന്ന് ഗവൺമെന്റ് പറയുന്നു.

അതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെ നമുക്ക് ബഹുമാനിക്കാം. പക്ഷേ, ഇക്കാര്യത്തിൽ പ്രയോഗിക പ്രശ്നങ്ങൾ അത്ര നിസ്സാരമല്ല. നാട്ടിൽ ധനം പണ്ടേ കമ്മിയാണ്. വലിയ കടമുള്ള സംസ്ഥാനത്ത്പണം ഒരു പെട്ടിയിൽ നിന്ന് എടുത്തുമാ​റ്റി മാത്രമേ മ​റ്റൊരു പെട്ടിയിൽ വയ്ക്കാൻ കഴിയൂ. കടം വാങ്ങിയ പണമെല്ലാം കൂടി ഹൃദയചികിത്സയ്ക്ക് മാത്രമായി മാ​റ്റിവയ്ക്കാൻ കഴിയില്ല. റോഡുപണിയും ട്രാൻസ്‌പോർട്ട് ബസും സ്‌കൂളും റേഷൻകടയും ജലവിതരണവും ഒക്കെ മാ​റ്റിവച്ചിട്ട് ഹൃദയമാ​റ്റത്തിന് പണമിറക്കാൻ നമുക്ക് കഴിയില്ല. ചെറിയ ചെലവിൽ അനേകായിരം ജീവനുകൾ രക്ഷിക്കാൻ കഴിയുന്ന നിലവിലുള്ള ആരോഗ്യ പദ്ധതികൾ മുടക്കാനും പാടില്ല. കുടിക്കാൻ ശുദ്ധജലം ഇല്ലാത്തതു കാരണം വയറിളക്കം മൂലം പ്രതിവർഷം ഒരു ലക്ഷം കുഞ്ഞുങ്ങൾ  മരിക്കുന്ന രാജ്യത്ത്, സാമ്പത്തിക ഞെരുക്കം കാരണം പ്രവർത്തിക്കാത്ത ഓപ്പറേഷൻ തീയ​റ്ററുകളും ഓടാത്ത ആംബുലൻസുകളും ഉള്ള ആരോഗ്യവകുപ്പിന് പറക്കാത്ത വിമാനങ്ങളും കൂടി വേണോ എന്നാലോചിക്കേണ്ടതുണ്ട്. എവിടുന്നെങ്കിലും ധനം കണ്ടെത്തി ഒന്നോ രണ്ടോ എയർ ആംബുലൻസ്  വാങ്ങാൻ കഴിഞ്ഞേക്കും. പക്ഷേ, അതോടെ പ്റശങ്ങളെല്ലാം തീരുകയില്ല. ഇനി, എയർ  ആംബുലൻസ് ഇടപാടിൽ ആരെങ്കിലും കൈക്കൂലിക്ക് ശ്റമിച്ചെന്നും വരാം. അഴിമതിയാരോപിക്കപ്പെട്ട് പുതിയ സമരങ്ങൾ പ്റതീക്ഷിക്കാം. അതിന്റെപേരിൽ നാട്ടിൽ ബാക്കിയുള്ള സർക്കാർ ബസുകൾ കൂടി എറിഞ്ഞു തകർക്കുകയും പോലീസ് വാനുകൾ കത്തിക്കുകയും ചെയ്യുന്ന കാലവും വിദൂരമായിരിക്കില്ല.

ഹൃദയമാ​റ്റ ശസ്ത്രക്രിയ നിരുത്സാഹപ്പെടുത്തേണ്ട കാര്യമല്ല. ഒരു വഴിക്ക് അതും നടക്കട്ടെ. പക്ഷേ, മ​റ്റെല്ലാം നിർത്തിവച്ച് നടത്തേണ്ട കാര്യമല്ല അത്. കൂടാതെ, ഹൃദയത്തിന്റെ എല്ലാ പ്രശ്നത്തിനുംപരിഹാരം ഹൃദയം മാ​റ്റിവയ്ക്കലാണെന്ന്  ധരിച്ചുപോകുന്ന രീതിയിലുള്ള പ്രചരണവുമുണ്ടാകരുത്. സർക്കാരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരും ചേർന്ന് കൃത്യമായ വിലയിരുത്തൽ നടത്തി ഇക്കാര്യത്തിൽ നയതീരുമാനങ്ങൾ കൈക്കൊള്ളുകയും വേണം.


Error connecting to mysql