Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.18 PM IST
 MORE
Go!

  <
 


 
H dQ Jjq  


വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

Posted on: Wednesday, 04 November 2015

തിരുവനന്തപുരം: നിയമ സാധുതയുള്ള ഒന്നിൽ പിടിച്ച് നിയമ വിരുദ്ധമായ ഒട്ടനവധി കാര്യങ്ങൾ ഒറ്റയടിക്ക് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്നു. വിജിലൻസ് ഡയറക്ടറുടെ പരമാധികാരം സംരക്ഷിക്കാനും വിജിലൻസിന്റെ പ്രവർത്തന സ്‌തംഭനം ഒഴിവാക്കാനുമെന്ന മട്ടിൽ ഹൈക്കോടതിയിൽ നൽകുന്ന റിവ്യൂഹർജിയിൽ വിജിലൻസ് ആവശ്യപ്പെടുന്നത് തിരുവനന്തപുരം വിജിലൻസ് ജഡ്ജി ജോൺ.കെ. ഇല്ലിക്കാടന്റെ ഉത്തരവ് ഒന്നാകെ റദ്ദാക്കണമെന്നാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ ഡയറക്ടർക്ക് അധികാരമില്ലെന്നാണ് വിജിലൻസ് കോടതി വിധി. എന്നാൽ വിജിലൻസ് മാനുവൽ പ്രകാരമുള്ള ഡയറക്ടറുടെ അധികാരം പുനഃസ്ഥാപിച്ചു കിട്ടണമെന്നാണ് റിവ്യൂ ഹർജിയിലൂടെ ആവശ്യപ്പെടുക. ഡയറക്ടറുടെ അധികാരം ഹൈക്കോടതി അംഗീകരിച്ചാൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയുള്ള അന്തിമറിപ്പോർട്ടും സ്വീകാര്യമാവും. ഈ റിപ്പോർട്ട് അംഗീകരിച്ചാൽ മാണിക്കെതിരായ എഫ്.ഐ.ആർ സ്വാഭാവികമായി റദ്ദാക്കപ്പെടും. വിജിലൻസിന്റെ പേരിൽ നൽകുന്ന റിവ്യൂഹർജിയുടെ ഗുണഫലം മന്ത്രി കെ.എം. മാണിക്കാവുമെന്ന് ചുരുക്കം. ബാറുടമകളിൽ നിന്ന് 25ലക്ഷം കോഴ വാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും മാണിക്കെതിരെ തുടരന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചത്. കോടതിവിധി അംഗീകരിക്കുന്നുവെന്നും അപ്പീൽ പോകുന്നില്ലെന്നും പ്രഖ്യാപിച്ച സർക്കാർ ഡയറക്ടർക്കെതിരായ പരാമർശങ്ങൾ നീക്കികിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ റിവ്യൂഹർജി നൽകാനാണ് അഡ്വക്കേറ്റ് ജനറൽ തീരുമാനമെടുത്തത്. അന്വേഷണത്തിൽ ഇടപെടാനുള്ള വിജിലൻസ് ഡയറക്ടറുടെ അധികാരം ഹൈക്കോടതി അംഗീകരിച്ചാൽ ബാർകോഴക്കേസ് ഇതോടെ ഇല്ലാതാക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. കേസുകളുടെ വിചാരണഘട്ടത്തിൽ മാത്രമാണ് തെളിവുകൾ കോടതിയുടെ പരിഗണനയ്ക്ക് വരികയെന്നും റിവ്യൂഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തുടരന്വേഷണത്തെ ഒരുഘട്ടത്തിലും പരസ്യമായി എതിർക്കരുതെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വിജിലൻസിന്റെ റിവ്യൂഹർജി ഹൈക്കോടതി അംഗീകരിച്ചാൽ വീണ്ടും വിജിലൻസ് കോടതിയിൽ കേസെത്തുന്ന സാഹചര്യം ഒഴിവാക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ കേസ് കീഴ്‌ക്കോടതിയിൽ വീണ്ടും കേൾക്കേണ്ട ആവശ്യമില്ലെന്നും മാണിക്കെതിരായ എഫ്.ഐ.ആർ ഹൈക്കോടതിയിൽ തന്നെ റദ്ദാക്കപ്പെടുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ആറിന് വിജിലൻസ് റിവ്യൂഹർജി ഫയൽചെയ്യും. റിവ്യൂഹർജി നൽകാൻ വിജിലൻസിന് സർക്കാർ ഇന്നലെ അനുമതി നൽകി. വിജിലൻസ് മാനുവൽ പ്രകാരമാണ് വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചിട്ടുള്ളത്. അന്വേഷണത്തിന് ദോഷകരമാകുന്നതോ അനധികൃതമായ ഇടപെടലുകളോ അദ്ദേഹം നടത്തിയിട്ടില്ല. വിജിലൻസിന്റെ സൽപ്പേരിന് കളങ്കമുണ്ടായേക്കാവുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും റിവ്യൂഹർജിയിൽ വിജിലൻസ് ആവശ്യപ്പെടും. പക്ഷേ സർക്കാർ നൽകുന്ന റിവ്യൂ ഹർജി സർക്കാർ വിചാരിക്കുന്ന രീതിയിൽ കോടതി സ്വീകരിക്കണമെന്നില്ല. അതാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.

Error connecting to mysql