Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Sunday, 24 June 2018 23.38 PM IST
 MORE
Go!

  <
 


 
H dQ ltiv  


ജനാധിപത്യത്തിൽ വധശിക്ഷയുടെ പ്രസക്തി !!!

Posted on: Friday, 22 February 2013


 വധശിക്ഷയ്ക്കെതിരായ വാദങ്ങൾ ലോകത്തെല്ലായിടത്തും ചൂടുപിടിക്കുമ്പോൾ ഇന്ത്യയിൽ വളരെക്കാലത്തിനു ശേഷം ഒന്നിനുപുറകെ ഒന്നായി ദയാഹർജികൾ തള്ളപ്പെടുകയും വധശിക്ഷകൾ നടപ്പിലാക്കപ്പെടുകയുമാണ്. 1995ൽ ഓട്ടോ ശങ്കറിനെ തൂക്കിക്കൊന്നതിനുശേഷം പിന്നെയൊരു വധശിക്ഷ നടപ്പാക്കുന്നത് 2004ൽ ധനഞ്ജയ് ചാറ്റർജിയെ തൂക്കിക്കൊന്നുകൊണ്ടാണ്. അതിനു മുന്നുമ്പിന്നുമായി നിരവധി കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും പലതും ദയാഹർജികളായി രാഷ്ട്രപതിയുടെ തീർപ്പുകാത്തുകിടന്നു.

എന്നാൽ പ്രണബ് മുഖർജി രാഷ്ട്രപതിയായി ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ ദയാഹർജി തള്ളിയതിനെത്തുടർന്ന് രണ്ടുപേരെ തൂക്കിക്കൊന്നു.  ഇപ്പോൾ ദയാഹർജി തള്ളിയ കേസുകളിലും ദയാഹർജി സമർപ്പിക്കാത്ത കേസുകളിലും ശിക്ഷ നടപ്പായാൽ, ഇന്ത്യ വധശിക്ഷയുടെ കാര്യത്തിൽ ലോകത്തിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

യു.എന്നിലെ 193 രാജ്യങ്ങളിൽ 140ലും വധശിക്ഷ അസാധുവാക്കിക്കഴിഞ്ഞു. വധശിക്ഷ നിലനിൽക്കുന്ന രാജ്യങ്ങളിൽപ്പോലും വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം നിജപ്പെടുത്തി ഇത്തരം ശിക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരുത്തിയിട്ടുണ്ട്. അമേരിക്കയിൽ 16 സംസ്ഥാനങ്ങളിൽ വധശിക്ഷ പൂർണമായും നിർത്തലാക്കി. ചൈന 13 കുറ്റങ്ങളെ വധശിക്ഷയുടെ പരിധിയിൽനിന്ന് ഒഴിവാക്കി.

എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ പിന്നോട്ടാണോ സഞ്ചരിക്കുന്നത്? 2001 മുതൽ 2011 വരെയുള്ള പത്തുവർഷത്തിൽ 5776 കേസുകളിൽ വധശിക്ഷ വിധിക്കണമെന്ന ആവശ്യമുയർന്നു. ഇതിൽ 4321 എണ്ണം ജീവപര്യന്തമായി കുറച്ചപ്പോൾ 1455 പേരെ വിവിധ കോടതികൾ തൂക്കിക്കൊല്ലാൻ  വിധിച്ചു.

കാര്യങ്ങൾ വസ്തുനിഷ്ടമായി മനസ്സിലാകാൻ ആദ്യം വേണ്ടത് വികാരപരമായ മുൻവിധികളോടെ അതിനെ സമീപിക്കാതിരിക്കുക എന്നതാണ്.

അജ്മൽ കസബും മുഹമ്മദ് അഫ്സൽ ഗുരുവും

മുംബയ് ഭീകരാക്രമത്തിൽ പിടിയിലായ ഏക കുറ്റവാളി അജ്മൽ കസബിന്റെ വിചാരണയും ദയാഹർജി തീർപ്പാക്കലും ശിക്ഷ നടപ്പാക്കലും ഇന്ത്യൻ നീതിന്യായവ്യവസ്ഥിതിയുടെ പൊതുരീതിയിൽനിന്ന് വിഭിന്നമായി അതിവേഗത്തിലായിരുന്നു. ദയാഹർജി തള്ളിയശേഷം ശിക്ഷ നടപ്പാക്കുന്നതിൽ കാണിച്ച രഹസ്യ സ്വഭാവം വിമർശനവിധേയമായിരുന്നു. വധശിക്ഷയെ എതിർക്കുന്നവ അവരുടേതായ ന്യായങ്ങൾ നിരത്തി കസബിന്റെ തൂക്കികൊലയെ എതിർത്തിരുന്നു. എന്നാൽ അവിടെ മറുപക്ഷത്തിന്റെ പ്രതികാരാഗ്നിക്ക്, നേരിൽ കണ്ട ഒരു കൂട്ടക്കൊലയുടെ സാധൂകരണമുണ്ടായിരുന്നു.

അഫ്സൽ ഗുരുവിന്റെ കാര്യത്തിൽ മേൽപ്പറഞ്ഞ വിമർശനങ്ങൾ ഉൾക്കൊണ്ടില്ല എന്നു തെളിയിക്കുന്നവിധം ശിക്ഷ നടപ്പാക്കലിൽ രഹസ്യാത്മകത നിലനിർത്തി. പക്ഷെ ഇത്തവണ വിമർശങ്ങൾ മുൻപുള്ളതിലും അധികമായിരുന്നു. കേസിന്റെ അന്വേഷണരീതിയെക്കുറിച്ചും വിധിപ്രസ്താവനയിൽ കോടതിയിൽനിന്നുണ്ടായ ചില പരാമർശങ്ങളെക്കുറിച്ചും മുൻപുണ്ടായിരുന്ന വിമർശനങ്ങൾ വീണ്ടും ഉറക്കെക്കേട്ടു.

2001 ഡിസംബർ 13 ന് നടന്ന പാർലമെന്റ് ആക്രമണത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു തോട്ടക്കാരനും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ അഞ്ചുപേരെയും ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ത്വരഗതിയിലായപ്പോൾ, രണ്ടു ദിവസത്തിനുള്ളിൽ 'ഗൂഢാലോചനയിലെ പ്രധാന പങ്കാളികളാ'യ എസ്.എ.ആർ. ഗീലാനി, ഷൗക്കത്ത് ഗുരു, അഫ്സൽ ഗുരു എന്നിവർ അറസ്റ്റിലായി. ഗിലാനിയെ ന്യൂഡൽഹിയിൽനിന്നും മറ്റു രണ്ടുപേരെ ശ്രീനഗറിൽനിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്.

ഗീലാനിയാണ് അഫ്സലിലേക്ക് ചൂണ്ടുപലകയായതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അഫ്സലിന്റെ അറസ്റ്റിനുശേഷമായിരുന്നു ഗീലാനിയുടെ അറസ്റ്റ്. ഹൈക്കോടതി ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയെങ്കിലും റിപ്പോർട്ടിൽ മാറ്റമൊന്നും വരുത്തിയില്ല. അഫ്സലിന്റെ വീട്ടിൽനിന്ന് അറസ്റ്റിനുശേഷം പൊലീസ് കണ്ടുകെട്ടിയതെന്ന് പറയപ്പെടുന്ന ഹാർഡ് ഡിസ്ക്കിൽ പൊലീസിനു വേണ്ട രീതിയിൽ തെളിവുകൾ കുത്തിനിറച്ചുവെന്നും ആരോപണമുണ്ട്. പിന്നീട് ഗീലാനിയെയും ഷൗക്കത്ത് ഗുരുവിനെയും കോടതി വെറുതെ വിട്ടു.

ഒരുപാട് വൈരുദ്ധ്യങ്ങളും അസത്യങ്ങളും ചേർത്തു തുന്നിയെടുത്ത ഒരു കേസായിരുന്നു അഫ്സൽ ഗുരുവിനെതിരെയുണ്ടായിരുന്നത്. "സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്" എന്നു കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തെളിവുകളൊന്നും സംശയലേശമന്യെ ഗൂഢാലോചന തെളിയിക്കാൻ കഴിയുന്നതായിരുന്നില്ല.

കേസിൽ വിചാരണ ആരംഭിച്ചപ്പോൾ അഫ്സലിനായി ഹാജരാകാൻ അഭിഭാഷകരില്ലായിരുന്നു. കോടതി അനുവദിച്ച ജൂനിയർ വക്കീൽ ഒരിക്കൽ പോലും അഫ്സൽ ഗുരുവിനെ കണ്ടില്ല. എല്ലാം കഴിഞ്ഞ്, തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തിയ കോടതി, വിധി പ്രസ്താവിച്ചപ്പോൾ ഇങ്ങനെ കൂടി പറഞ്ഞു - "ഈ കേസിൽ വധശിക്ഷ നൽകിയില്ലെങ്കിൽ സമൂഹത്തിന്റെ പൊതുബോധത്തിനു തൃപ്തിയാകില്ല." സംഭവത്തിൽ നേരിട്ട് പങ്കില്ലായിരുന്ന അഫ്സൽ ഗുരുവിന്റെ വിചാരണ സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് അത് സൂക്ഷ്മമായി പരിശോധിക്കുന്ന ആർക്കും മനസ്സിലാകും.

ദയാഹർജി തീർപ്പാക്കലും അതിലെ രാഷ്ട്രീയവും

ജനഹിതമനുസരിച്ച് വധശിക്ഷ നടപ്പിലാക്കി ചോരയിൽ കൈകഴുകി ജനപ്രിയത ഉറപ്പിക്കുന്ന അധികാരത്തിന്റെ രീതി ചരിത്രത്തിൽ പലയിടത്തും കാണാം. സ്വയം പരിഷ്‌കൃതരെന്ന് ഏവരും സ്വയം വിശ്വസിക്കുന്നൊരു കാലഘട്ടത്തിൽ ഇത്തരത്തിലൊന്ന് അസംഭവ്യമാണെന്നു തോന്നിയേക്കാം. എന്നാൽ, ഈയടുത്ത് നടന്ന രണ്ട് വധശിക്ഷകളെ സൂക്ഷ്മമായി നോക്കിയാൽ അതിൽ രു രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയം തോന്നാം. അജ്മൽ കസബിനെ തൂക്കിക്കൊന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. പൊതുവികാരത്തെ തൃപ്തിപ്പെടുത്തി ഭൂരിപക്ഷ വോട്ടുകൾ നേടിയെടുക്കുവാനുള്ള ഒരു ഗൂഢലക്ഷ്യം ഇതിനുപിന്നിൽ കാണാനാകും. പക്ഷെ അതുകൊണ്ട് കോൺഗ്രസിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

ബി.ജെ.പി മോഡിയെ ഉയർത്തിക്കാട്ടി അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. അതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ വിവാദമായ ‘കാവിഭീകരത പ്രസ്താവന’ ഒരു വർഗീയ ആയുധമാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ അതിനു തടയിടാനുള്ള ഒരു കോൺഗ്രസ് തന്ത്രവുമായിരുന്നു അഫ്സൽ ഗുരുവിന്റെ വധശിക്ഷ. നിരവധി ദയാഹർജികൾ തീർപ്പുകാത്ത് കിടന്നിരുന്നെങ്കിലും ബി.ജെ.പിയുടെ ഏറെനാളായുള്ള ആവശ്യം അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കണമെന്നത് മാത്രമായിരുന്നു.

അജ്മൽ കസബിനെ 2012 നവംബർ 21 തൂക്കിക്കൊന്നതോടെ അഫ്സൽ ഗുരുവിന്റെ രക്തത്തിനായുള്ള മുറവിളി പലകോണിൽനിന്നും വീണ്ടുമുയർന്നു. എന്നാൽ, നവംബർ 15ന് പ്രണബ് മുഖർജി അഫ്സൽ ഗുരുവിന്റെ ഫയൽ പുനർചിന്തനത്തിനായി ആഭ്യന്തര മന്ത്രാലയത്തിനു തിരിച്ചയച്ചിരുന്നു.

ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വിവാദമായ കാവി ഭീകരത പ്രസ്താവന നടത്തിയത് ഇക്കഴിഞ്ഞ ജനുവരി 20 നാണ്. അതേത്തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ ബി.ജെ.പി, സംഘപരിവാർ കക്ഷികൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ജനുവരി 23 ന് ആഭ്യന്തര മന്ത്രാലയം അഫ്സൽ ഗുരുവിന്റെ ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി. അതിൽ തീർച്ചയായും ഒരു കൈകഴുകൽ രാഷ്ട്രീയം കാണാനാകും

അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലാൻ വിധിച്ചത് 2004ലാണ്. പിന്നീട് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചെങ്കിലും അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമോ പിന്നീടുവന്ന പ്രതിഭ പാട്ടീലോ അതിൽ തീർപ്പുകൽപ്പിച്ചില്ല. എന്നാൽ പ്രണബ് മുഖർജി രാഷ്ട്രപതിയായ ശേഷം തള്ളിയ മൂന്നാമത്തെ ദയാഹർജിയായിരുന്നു അഫ്സലിന്റേത്. പ്രണബ് ചുമതലയേറ്റതിനുശേഷം ഇതിനോടകം ഏഴുപേരുടെ ദയാഹർജികൾ തള്ളി.

അഫ്സൽ ഗുരുവിന്റെ ദയാഹർജി ഫെബ്രുവരി മൂന്നിനു രാഷ്ട്രപതി തള്ളി. ഒൻപതിനു തൂക്കിക്കൊന്നു. ദയാഹർജികൾ തള്ളിയാൽ അത് പ്രതിയെയും ബന്ധുക്കളെയും അറിയിക്കും. അവർക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ട്. എന്നാൽ അഫ്സൽ ഗുരുവിന്റെ കാര്യത്തിൽ അതുണ്ടായില്ല. അതിനാൽ കോടതിയെ സമീപിക്കാൻ അവസരവും ലഭിച്ചില്ല. തൂക്കിക്കൊല്ലുന്നതിനു മുൻപ് കുടുംബത്തെ കാണാനും അവസരം നൽകിയില്ല.

അപ്പീലിന് സമയം നൽകാതിരിക്കുന്നത് ഈയടുത്തു നടപ്പാക്കിയ രണ്ട് വധശിക്ഷകളിലും കണ്ടു. ഒപ്പം ഓർക്കേണ്ട ഒന്നുകൂടിയുണ്ട്. ദയാഹർജികൾ തള്ളിയാൽ 16 ദിവസത്തിനുള്ളിൽ തൂക്കിക്കൊല്ലണം എന്നാണ് നിയമം. എന്നാൽ, വീണ്ടും കോടതിയെ സമീപിച്ച് ശിക്ഷയിൽ ഇളവ് നേടിയവർ നിരവധിയാണ്.

1993ൽ ഡൽഹി യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിനടുത്ത് കാർ ബോംബ് സ്‌ഫോടനം നടത്തി ഒൻപതുപേരെ കൊന്ന കുറ്റവാളി ദേവീന്ദർ പാൽ സിംഗ് ഭുല്ലർക്ക് 2002ൽ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ 2006 ഡിസംബർ 27ന് സുപ്രീം കോടതി ശരിവച്ചു. 2011 മേയിൽ രാഷ്ട്രപതി ദയാഹർജി തള്ളി. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പായിട്ടില്ല.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെയും മറ്റു 17 പേരെയും 1995ൽ കൊന്ന ബൽവന്ത് സിംഗ് രജോനയെ 2012 മാർച്ച് 31ന് തൂക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഒരു സിക്ക് സംഘടന നൽകിയ അപ്പീൽ പരിഗണിച്ച് മാർച്ച് 28 ന് ആഭ്യന്തര വകുപ്പ് ശിക്ഷ നടപ്പാക്കുന്നത് നിർത്തിവച്ചു.

അഫ്സൽ ഗുരുവിന്റെ ദയാഹർജി തള്ളുന്നതിന് ഒരു മാസം മുൻപ്, 2005ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വധശിക്ഷ ശരിവച്ചശേഷം ദയാഹർജിയുടെ തീർപ്പുകാത്ത് ബെൽഗാം ജയിലിൽ കഴിഞ്ഞിരുന്ന സയ്ബണ്ണ നിംഗപ്പ നടികരുടെ അപേക്ഷ ജനുവരി നാലിന് രാഷ്ട്രപതി തള്ളിയിരുന്നു. ആദ്യ ഭാര്യയെ കൊന്ന് ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ, 1994ൽ പരോളിലിറങ്ങി രണ്ടാം ഭാര്യയെയും മകളെയും കൊന്നിട്ട് ആത്മഹത്യക്ക് ശ്രമിച്ചതിനാണ് കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ സയ്ബണ്ണയുടെ ദയാഹർജി തള്ളുന്നതിനുമുൻപ്, 2009ൽ മറ്റൊരു കേസിന്റെ വിധി പ്രസ്താവനയ്ക്കിടെ സയ്ബണ്ണയുടെ വിധിയിൽ തെറ്റുപറ്റിയതായി സുപ്രീം കോടതി സമ്മതിച്ചത് പതിനാല് മുൻ ന്യായാധിപന്മാരുടെ ഒരു സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

വിധിയിൽ തെറ്റുപറ്റി എന്ന് കോടതി ഏറ്റുപറയുന്ന ഒരേയൊരു കേസല്ല സയ്ബണ്ണയുടേത്. ഇത്തരം പിഴവുകൾക്ക് പകരം നൽകാനുള്ളതാണോ മനുഷ്യജീവൻ!

അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ ഉടൻ തന്നെ 1993ൽ കുഴിബോംബ് സ്ഫോടനം നടത്തി 21 പൊലീസുകാരെ കൊന്ന കേസിൽ വീരപ്പന്റെ നാലു കൂട്ടാളികളുടെ ദയാഹർജി തള്ളിയിരുന്നു. എന്നാൽ ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച അവരുടെ വധശിക്ഷ താൽകാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. രാജീവ് ഗാന്ധി വധത്തിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവരും രാഷ്ട്രപതി ദയാഹർജി തള്ളിയതിനുശേഷം കോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു.

പൊതുബോധത്തിലെ ജനാധിപത്യവിരുദ്ധത

പൊതുസമൂഹത്തിന്റെ പകയാണ് വധശിക്ഷയിലെത്തുന്നതെന്ന് പല വിധികളിലും നമുക്ക് കാണാം. ഈയടുത്ത് നടന്ന ഡൽഹി കൂട്ടമാനഭംഗക്കേസിലും വിധി മറ്റൊന്നാവില്ലെന്ന് പൊതുബോധത്തെ നോക്കി പ്രവചിക്കാനാകും. സ്ത്രീപീഡനത്തിനെതിരെയുള്ള പുതിയ നിയമനിർമ്മാണത്തിനായി ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച വർമ്മ കമ്മിഷൻ, വധശിക്ഷ ഒഴിവാക്കി നൽകിയ റിപ്പോർട്ടിൽ പല രീതിയിൽ വെള്ളം ചേർത്ത് ഇതേ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വധശിക്ഷകൂടി ചേർത്ത് ഓർഡിനൻസായി പുറത്തിറക്കിയ സർക്കാൻ നീക്കവും നാം കണ്ടതാണ്.

അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയപ്പോൾ ഉയർന്ന പ്രധാന ആരോപണം കുടുംബത്തെ വിവരമറിയിച്ചില്ല എന്നാണ്. എന്നാൽ പഴിതീർക്കാൻ അയച്ച സ്പീഡ് പോസ്റ്റിന്റെ തുമ്പിൽ പിടിച്ച് അതിൽനിന്ന് ഊരാൻ സർക്കാർ ശ്രമിച്ചു. ഈയൊരു വിവാദത്തോട് മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ പ്രതികരണം ഇങ്ങനെയാണ് - "അവർ പാർലമെന്റ് ആക്രമിച്ചത് കത്തയച്ച് അറിയിച്ചിട്ടായിരുന്നോ?"

പ്രതികാരയുക്തി മാത്രമുള്ള ഈയൊരു ചോദ്യം ഉയരുമ്പോൾ തീവ്രവാദവും ജനാധിപത്യവും തമ്മിലെന്താണ് വ്യത്യാസം! വധശിക്ഷയ്ക്കെതിരെയുള്ള പ്രസ്താവനകളെ, അതാരുടെ എന്നതനുസരിച്ച് ബാലിശമെന്നും രാജ്യദ്രോഹമെന്നും മുദ്ര കുത്തുന്നതും കാണാം.

റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഓസ്കാർ അവാർഡ് നേടിയ ഗ്ലാഡിയേറ്റർ എന്ന സിനിമയിൽ കൊളോസിയത്തിലെ പോരുകൾ കാണാം. പോരിന്റെ അവസാനം തോറ്റവന്റെ വിധി നിർണയിക്കേണ്ടത് ചക്രവർത്തിയാണ്. അതിനായി അവിടെ കൂടിയ ജനാവലിയുടെ അഭിപ്രായം ആരായും. അപ്പോൾ 'കൊല്ലവനെ, കൊല്ലവനെ' എന്ന് ഒരേ സ്വരത്തിൽ ആക്രോശിക്കുന്ന കാണികളെ കാണാം. പലപ്പോഴും മാദ്ധ്യമശ്രദ്ധയിൽ വരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളുടെ കേസുകളിലൊക്കെയും ഇത്തരത്തിലുള്ള യുക്തിരഹിതവും കേവലവികാരാധിഷ്ഠിതവുമായ ആക്രോശങ്ങളാണ് കോടതിവിധികളെ നിർണയിക്കുന്നതെന്നതിന് തെളിവുകൾ അനവധിയാണ്. പലപ്പോഴും പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നു.

മറ്റെല്ലാക്കാര്യങ്ങളിലും അമേരിക്കയെയും യൂറോപ്പിനെയും മാതൃകയായി ചൂണ്ടിക്കാട്ടുന്നവർ, ഈയൊരു കാര്യത്തിൽ ലോകത്തെ ഏറ്റവും അപരിഷ്‌കൃതമായ -പൊതുജനമദ്ധ്യത്തിൽ വധശിക്ഷ നടപ്പാക്കുന്ന- രീതിയെ മാതൃകയാക്കണം എന്ന് ഊറ്റംകൊള്ളും.

വധശിക്ഷയോട് വിയോജിക്കാൻ ഈ ഒരു വരിമാത്രം മതി - "ഒരു കുറ്റകൃത്യം കൊണ്ട് മറ്റൊരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാവില്ല." 'നിയമപ്രകാരമുള്ള വധ'ത്തെ അംഗീകരിക്കുന്നവരോട് ഒന്നുകൂടി പറയാം - "ഹിറ്റ്‌ലർ ജർമനിയിൽ ചെയ്തതതൊക്കെയും നിയമപ്രകാരം ശരിയായിരുന്നു.
 


References:
1)       T. R. Andhyarujina, An execution most foul, The Hindu, Dated Feb 19, 2013
2)       Asian Centre for Human Rights, 1,455 persons awarded death penalty in India from 2001 to 2011, www.achrweb.org, Dated Feb 14, 2013Error connecting to mysql