ലൈസൻസ് പുതുക്കണമെങ്കിൽ കൈക്കൂലി വേണം, തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്
Sunday 30 March 2025 7:28 AM IST
കണ്ണൂർ: വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ തന്ത്രപരമായി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശേരിയിലെ വീട്ടിൽ വച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. സുരേഷ് കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പടക്കക്കട ഉടമ പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോഗസ്ഥൻ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തി.