കടകംപള്ളിയിൽ വസ്തു ഉടമകളെ ആക്രമിച്ചതായി പരാതി
തിരുവനന്തപുരം: കടകംപള്ളി വെൺപാലവട്ടം ഗ്രീൻപാർക്കിൽ പൊതുവഴിയിലെ കൈയേറ്റം ചോദ്യം ചെയ്‌ത വസ്തു ഉടമകളെ ആക്രമിച്ചതായി പരാതി. ആർ.ഡി.ഒ ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിച്ചതിൽ പ്രകോപിതരായ സമീപവാസിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി.
അനീഷ് കുമാർ,മഹേഷ് കുമാർ എന്നിവരെ കാറിലിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രീൻപാർക്കിലെ കോർപ്പറേഷൻ പൊതുവഴി മതിൽ കെട്ടി അടച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ ഉടമകൾ ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിരുന്നു.
പരാതിയിൽ വസ്തുതയുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് വഴിയിലെ മതിൽ പൊളിച്ച് മാറ്റി വഴി പുനഃസ്ഥാപിക്കാൻ ആർ.ഡി.ഒ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പിലാക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അനീഷും മഹേഷും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിറുത്തിയ സംഘം വലിയ കല്ലുകൾ ഉപയോഗിച്ച് കാർ തകർക്കുകയായിരുന്നു.