ആര്യനാട്ട് ഡോക്ടർക്ക് ക്രൂരമർദ്ദനം, ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചു, സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ
ആര്യനാട്: ആര്യനാട് ഗവൺമെന്റ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ചികിത്സയ്ക്കെത്തിയ മൂന്നുപേർ ക്രൂരമായി മർദ്ദിച്ചു.കുറ്റിച്ചൽ സ്വദേശി ഡോ.ജോയ് മോനെയാണ് ആര്യനാട് കാനക്കുഴി സ്വദേശികളായ യുവാക്കൾ ആക്രമിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. തലയിൽ പത്ത് തുന്നലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കാനക്കുഴി ഊരുവള്ളി തലയ്ക്കൽ തടത്തരികത്ത് വീട്ടിൽ അമൽ ഐസന്റ് (26),സഹോദരൻ അഖിൽ ഐസന്റ് (25),ഇവരുടെ സുഹൃത്ത് കാനക്കുഴി ഏദൻസിൽ ഷിജി (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
കൈയിൽ മുറിവേറ്റ അഖിൽ ഐസന്റുമായി ചികിത്സയ്ക്കെത്തിയതായിരുന്നു പ്രതികൾ.ഒ.പി ടിക്കറ്റെടുത്ത് വരാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും ഇവർ തയ്യാറായില്ല.തുടർന്ന് മടങ്ങിപ്പോയ ഇവർ ഓട്ടോറിക്ഷയിൽ തിരികെയെത്തി ഒ.പി ടിക്കറ്റെടുത്തു.തുടർന്ന് ഡോക്ടറെ കണ്ട ഉടൻ 'നീ പരിശോധിക്കില്ലേ' എന്ന് ആക്രോശിച്ചുകൊണ്ട് അക്രമിസംഘം ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ വിവരമറിഞ്ഞ് തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്ന് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഡോക്ടറെ ഉടൻ നെടുമങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചത്.ഡോക്ടറുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കൾ അക്രമം അഴിച്ചുവിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.ആശുപത്രികൾക്ക് നേരെയും ആരോഗ്യപ്രവർത്തകർക്ക് നേരെയും വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം രേഖപ്പെടുത്തി.പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് ആശുപത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.പൊലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.