കൂടൽമാണിക്യം ക്ഷേത്രമുറ്റത്ത് മദ്യപാനം: നാലുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടയിൽ ക്ഷേത്രമുറ്റത്ത് വച്ച് പരസ്യമായി മദ്യപിച്ച് ആചാരലംഘനം നടത്തുകയും ഭക്തരെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശികളായ തയ്യേരി വീട്ടിൽ പ്രദീഷ് (51), ശൂലംപറമ്പിൽ വീട്ടിൽ അനൂപ് (38), അയ്യേരി വീട്ടിൽ ലാലു മോഹൻ (40), തയ്യേരി വീട്ടിൽ അരുൺ (56) എന്നിവരെയാണ് പിടികൂടിയത്. മേയ് ആറിന് രാത്രി 11ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ഭക്തർക്കിടയിൽവച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികൾ, ഇത് ചോദ്യംചെയ്ത പരാതിക്കാരിക്ക് നേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കൽ, പൊതുസ്ഥലത്ത് മദ്യപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ അനൂപ് മുൻപ് മതിലകം സ്റ്റേഷൻ പരിധിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൂടിയാണ്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ ടി.ദിലീഷ്, എസ്.ഐ ടി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.