ആശുപത്രിയിൽവച്ച് സഹോദരനെ വെട്ടിയ അനുജൻ അറസ്റ്റിൽ

Tuesday 12 May 2026 2:39 AM IST

വിഴിഞ്ഞം: കോവളത്ത് കുടുംബ വഴക്കിന്റെ തുടർച്ചയായി ആശുപത്രിയിൽവച്ച് ജ്യേഷ്ഠനെ വെട്ടുകത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അനുജൻ അറസ്റ്റിൽ.വിഴിഞ്ഞം ടൗൺഷിപ്പ് കോളനി പുളിമുട്ടുവിളാകം മാ മൻസിലിൽ മുഹമ്മദ് ആഷികിനെയാണ് (25) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.സഹോദരൻ അഹമ്മദ് ഹാഷിം (30) തലയ്ക്കേറ്റ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദ് ഹാഷിം വീട്ടിൽ പ്രശ്‌നമുണ്ടാകുന്നത് പതിവാണത്രെ.ഇന്നലെ അഹമ്മദ് ഹാഷിം മാതാവിനോടും സഹോദരിയോടും വഴക്കുണ്ടാക്കി.ഇതിനിടെ മാതാവ് ബോധരഹിതയായി വീണതിനെ തുടർന്ന് സഹോദരി ഇവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.തുടർന്ന് ആശുപത്രിയിൽ വച്ചാണ് മുഹമ്മദ് ആഷിക് കൈവശമുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് ജ്യേഷ്ഠനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.