സൂപ്പ‌ർ മാർക്കറ്റിലെ അഞ്ച് ലക്ഷം രൂപ വില വരുന്ന ചോക്‌ളേറ്റ് പായ്‌ക്കുകൾ അടിച്ചുമാറ്റി, പക്ഷെ കള്ളൻ ഒരു കാര്യം മറന്നുപോയി, പിന്നാലെ ജയിലിൽ

Friday 08 May 2026 9:29 PM IST

വെയിൽസ്: വിൽപനയ്‌ക്ക് അടുക്കിവച്ചിരുന്ന ചോക്ളേറ്റ് പായ്‌ക്കുകൾ ഒന്നാകെ അടിച്ചുമാറ്റി ഒരു കള്ളൻ. മോഷണത്തിനിടെ സൂപ്പർമാർക്കറ്റിൽ നിറയെ സിസിടിവി ക്യാമറകളുണ്ടെന്ന് അയാൾ വിട്ടുപോയി. ബ്രിട്ടണിലെ സൗത്ത് വെയിൽസിലെ ടെസ്‌കോ സ്റ്റോറിലാണ് സംഭവം. ഏകദേശം 4000 പൗണ്ട് വിലവരുന്ന (ഏകദേശം 5.16 ലക്ഷം രൂപ) കാ‌ഡ്‌ബറിയുടെ മിനി എഗ്‌സ് ചോക്‌ളേറ്റുകളാണ് കള്ളൻ കട്ടെടുത്തത്. അഷ്‌ലി ഡാലി എന്ന 39കാരനാണ് മോഷണം നടത്തിയത്. ഇയാൾ ഫെബ്രുവരി 21നാണ് അറസ്റ്റിലായത്.

കാർഡിഫ്, ടാഫ്‌സ്‌ വെൽ, മെർതിർ ടൈഡ്‌ഫിൽ, ചെപ്‌സ്റ്റോ, കാൽഡിക്കോ എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും ഇയാൾ മുൻപ് കയറി ചോക്‌ളേറ്റും മാംസവും മോഷ്‌ടിച്ചിരുന്നു. ജനുവരി മാസത്തിലായിരുന്നു ഇത്. പിന്നീട് ഫെബ്രുവരി രണ്ടിന് ഒരു സ്‌ത്രീയോടൊപ്പം മറ്റൊരിടത്ത് സൂപ്പർ മാർക്കറ്റിൽ കയറി 271 പൗണ്ടിന്റെ സാധനങ്ങൾ കട്ടെടുത്തു. തുടർച്ചയായി മൂന്നാഴ്‌ചകളിൽ വെയിൽസിലെ വിവിധ ഭാഗങ്ങളിൽ ഇയാൾ മോഷണം നടത്തി. ഫെബ്രുവരി 21ന് ഇയാൾ അറസ്റ്റിലാകുമ്പോൾ കൈയിലൊരു കത്തിയുമുണ്ടായിരുന്നുവെന്നാണ് വിവരം.

ചോക്ളേറ്റ് മോഷണത്തെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ 'നോ കമൻറ്സ്' എന്നാണ് അഷ്‌ലി ഡാലി മറുപടി നൽകിയത്. കുറ്റം കൃത്യമായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതിനാൽ ഇയാൾക്ക് നാല് മാസം തടവുശിക്ഷ ലഭിച്ചു.