ക്ലാസ് മുറിയിലും കാറിലും പീഡനം; വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത ബയോളജി അദ്ധ്യാപിക അറസ്റ്റിൽ

Monday 11 May 2026 9:14 PM IST

ജോർജിയ: സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബയോളജി അദ്ധ്യാപിക അറസ്റ്റിൽ. യുഎസിലെ ജോർജിയയിലുള്ള അലക്‌സാണ്ടർ ഹൈസ്‌കൂളിലെ അദ്ധ്യാപിക മാരിസ് നിക്കോൾസിനെയാണ് (25) പൊലീസ് അറസ്റ്റുചെയ്തത്. അധികാരം ദുരുപ‌യോഗം ചെയ്ത് ലൈംഗികാതിക്രമം നടത്തിയതിന് രണ്ട് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരേ വിദ്യാർത്ഥിയെ തന്നെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി മാരിസ് പീഡിപ്പിച്ചു എന്നാണ് ആരോപണം. ഏപ്രിൽ 23നാണ് ആദ്യ സംഭവം. ഹൈസ്‌കൂളിലെ രണ്ട് ക്ലാസ് മുറികൾക്കിടയിൽ വച്ചാണ് ആദ്യം പീഡനം നടന്നത്. മേയ് രണ്ടിന് ഡഗ്ലസ്‌വില്ലെയിലെ ഒരു വീടിന്റെ ഡ്രൈവ്‌വേയിൽ പാർക്ക് ചെയ്തിരുന്ന ഹമ്മർ കാറിനുള്ളിൽ വച്ചും പീഡനം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

സംഭവം പുറത്തറിഞ്ഞതോടെ അദ്ധ്യാപികയെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സ്‌കൂൾ വെബ്‌സൈറ്റിൽ നിന്നും ഇവരുടെ വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം പ്രൊഫഷണലല്ലെന്നും സ്‌കൂൾ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ലിബർട്ടി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടിയ മാരിസ് നിക്കോൾസ്, 2023 ഏപ്രിലിലാണ് അലക്‌സാണ്ടർ ഹൈസ്‌കൂളിൽ ഫുട്‌ബോൾ ഓപ്പറേഷൻസ് മാനേജറായി ചേർന്നത്. ഒരു മാസത്തിന് ശേഷം ബയോളജി അദ്ധ്യാപികയായും ചുമതലയേറ്റു. രണ്ട് തസ്തികകളിലും ഇവർ ഒരേസമയം ജോലി ചെയ്തു വരികയായിരുന്നു.

യുഎസിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകൾ വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ൽ മാത്രം ഏകദേശം 350 അദ്ധ്യാപകരാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ അറസ്റ്റിലായത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, അദ്ധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിലെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നത്, കൃത്യമായ പരിശീലനങ്ങളുടെ അഭാവം തുടങ്ങിയവ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നു.