സോമനാഥും ഭാരതത്തിന്റെ അജയ്യ ചൈതന്യവും
സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന 'സോമനാഥ് സ്വാഭിമാൻ പർവി'ൽ പങ്കെടുക്കാൻ 2026ന്റെ തുടക്കത്തിൽ ഞാൻ സോമനാഥിലെത്തിയിരുന്നു. മുൻ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്, പുനരുദ്ധാരണം പൂർത്തീകരിച്ച് ക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, മേയ് 11ന് ഞാൻ വീണ്ടും സോമനാഥിലെത്തും. സോമനാഥിനെക്കുറിച്ചും തകർച്ചയിൽനിന്നുള്ള അതിന്റെ ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെട്ട് 'വിധ്വംസത്തിൽ നിന്ന് പുനർജനിയിലേക്ക്’ എന്ന് നാം വിശേഷിപ്പിക്കുന്ന സോമനാഥിന്റെ പ്രയാണം സംബന്ധിച്ചും രണ്ട് സുപ്രധാന നാഴികക്കല്ലുകൾക്ക് ആറുമാസത്തിനിടെ സാക്ഷ്യംവഹിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു.
സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നത്. സ്വേച്ഛാധിപത്യത്തിന് മുന്നിൽ പതറാതെ നിന്ന എണ്ണമറ്റ മഹാരഥന്മാരെ സ്മരിക്കേണ്ട സമയമാണിത്. പ്രഭാസത്തെ വലിയൊരു ദർശന കേന്ദ്രമാക്കി മാറ്റിയത് ലകുലീശനും സോമശർമ്മനുമാണ്. വല്ലഭിയിലെ ചക്രവർത്തി മഹാരാജ ധരസേനൻ നാലാമനാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടെ രണ്ടാമത്തെ ക്ഷേത്രം പണിതത്. അധിനിവേശങ്ങൾക്കെതിരെ നാഗരികതയുടെ ആത്മാഭിമാനം സംരക്ഷിച്ചതിന് ഭീമദേവനും ജയപാലനും ആനന്ദപാലനും എന്നും സ്മരിക്കപ്പെടും.
ഭോജരാജനും സോമനാഥിന്റെ പുനർനിർമ്മാണത്തിന് സഹായിച്ചതായി പറയപ്പെടുന്നു. ഗുജറാത്തിന്റെ രാഷ്ട്രീയ സാംസ്കാരിക കരുത്ത് വീണ്ടെടുക്കുന്നതിൽ കർണദേവനും സിദ്ധരാജ ജയസിംഹനും സുപ്രധാന പങ്കുവഹിച്ചു. ഭാവ ബൃഹസ്പതിയും കുമാരപാല സോളങ്കിയും പാശുപത ആചാര്യന്മാരും ഈ പുണ്യക്ഷേത്രത്തെ ആരാധനയുടെയും വിദ്യയുടെയും വലിയ കേന്ദ്രമായി പുനർനിർമ്മിക്കുകയും നിലനിറുത്തുകയും ചെയ്തു. വിശാലദേവ വഘേലയും ത്രിപുരാന്തകനും ബൗദ്ധിക ആത്മീയ പാരമ്പര്യങ്ങളെ സംരക്ഷിച്ചു.
തകർച്ചയ്ക്കുശേഷം ആരാധന പുനരാരംഭിക്കുന്നതിൽ മഹിപാലദേവനും രാ ഖംഗാറും നിർണായക പങ്കുവഹിച്ചു. മുന്നൂറാം ജന്മശതാബ്ദി ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യാബായ് ഹോൾക്കർ അതീവദുഷ്കര സമയത്തും ഭക്തിയുടെ തുടർച്ച ഉറപ്പാക്കി. തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിച്ച ബറോഡയിലെ ഗെയ്ക്വാദുകളുണ്ട്. വീര ഹമീർജി ഗോഹിലിനെയും വീര വേഗ്ദാജി ഭീലിനെയും പോലുള്ള ധീര വ്യക്തിത്വങ്ങളെ വളർത്തിയെടുത്തതാണ് നമ്മുടെ ഈ മണ്ണ് അനുഗ്രഹീതമാകാൻ കാരണം. അവരുടെ ത്യാഗവും ധീരതയും സോമനാഥിന്റെ സജീവ സ്മരണയുടെ ഭാഗമാണ്.
1940കളിൽ സ്വാതന്ത്ര്യത്തിന്റെ ആവേശം രാജ്യത്തുടനീളം അലയടിക്കുകയും സർദാർ പട്ടേലിനെപ്പോലുള്ള മഹാരഥന്മാരുടെ നേതൃത്വത്തിൽ പുതിയൊരു റിപ്പബ്ലിക്കിന് അടിത്തറ പാകുകയും ചെയ്ത സമയത്ത് അദ്ദേഹത്തെ ആഴത്തിൽ വേദനിപ്പിച്ചുകൊണ്ടിരുന്ന ഒരു കാര്യം സോമനാഥിന്റെ അവസ്ഥയായിരുന്നു. 1947 നവംബർ 13ന് ഒരു ദീപാവലി സമയത്ത് തകർന്നടിഞ്ഞ ക്ഷേത്ര അവശിഷ്ടങ്ങൾക്ക് സമീപം സമുദ്രജലം കൈകളിലേന്തി അദ്ദേഹം പറഞ്ഞു: "ഗുജറാത്തി പുതുവർഷത്തിന്റെ ഈ ശുഭദിനത്തിൽ സോമനാഥ് പുനർനിർമ്മിക്കാൻ നാം തീരുമാനിച്ചിരിക്കുന്നു. സൗരാഷ്ട്രയിലെ ജനങ്ങളായ നിങ്ങൾ ഇതിനായി ആവുന്നതെല്ലാം ചെയ്യണം. എല്ലാവരും പങ്കുചേരേണ്ട വിശുദ്ധ ദൗത്യമാണിത്." സർദാർ പട്ടേലിന്റെ ആഹ്വാനത്തോട് ഗുജറാത്തിലെ ജനങ്ങൾ മാത്രമല്ല, രാജ്യമൊന്നടങ്കം ആവേശത്തോടെയാണ് പ്രതികരിച്ചത്.
സർദാർ പട്ടേൽ ഇത്രയേറെ ആഗ്രഹിച്ച സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷ്യംവഹിക്കാൻ നിർഭാഗ്യവശാൽ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പുനരുദ്ധരിച്ച സോമനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും പ്രഭാസ പട്ടണത്തിന്റെ പുണ്യതീരങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം എക്കാലവും നിലകൊണ്ടു.
1951ൽ ക്ഷേത്രനിർമ്മാണം പൂർത്തിയായപ്പോൾ അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിനെ ചടങ്ങിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്റെ ശക്തമായ എതിർപ്പുകളെ മറികടന്ന് ഡോ.പ്രസാദ് ചടങ്ങിൽ പങ്കെടുത്തത് ആ നിമിഷത്തെ കൂടുതൽ സവിശേഷവും ചരിത്രപരവുമാക്കി മാറ്റി. ഞാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്ത് 2001 ഒക്ടോബറിലെ ദിനങ്ങളും എന്റെ ഓർമ്മയിലേക്ക് കടന്നുവരുന്നു.
2001 ഒക്ടോബർ 31ന് സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ സോമനാഥ് ക്ഷേത്രം തുറന്നുകൊടുത്തതിന്റെ 50-ാം വാർഷികാഘോഷം സംഘടിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് ഭാഗ്യം ലഭിച്ചു. സർദാർ പട്ടേലിന്റെ 125-ാം ജന്മവാർഷികാഘോഷങ്ങൾക്കൊപ്പമായിരുന്നു അത്. സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകർക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മെയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ പാതയിലൂടെയാണ്. 'വികാസ് ഭീ, വിരാസത് ഭീ' അഥവാ വികസനവും പൈതൃകവും എന്ന തത്വത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സോമനാഥ് മുതൽ കാശിവരെയും, കാമാഖ്യ മുതൽ കേദാർനാഥ് വരെയും, അയോദ്ധ്യ മുതൽ ഉജ്ജയിൻവരെയും, ത്ര്യംബകേശ്വർ മുതൽ ശ്രീശൈലം വരെയും ഭാരതത്തിന്റെ ആത്മീയ കേന്ദ്രങ്ങളെ അവയുടെ പരമ്പരാഗത സ്വഭാവം നിലനിറുത്തി ആധുനിക സൗകര്യങ്ങളാൽ സജ്ജമാക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
പോരാട്ടവും ത്യാഗവും
വിസ്മരിക്കപ്പെടില്ല
സോമനാഥിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചവരുടെയും അത് വീണ്ടും വീണ്ടും പുനർനിർമ്മിച്ചവരുടെയും പോരാട്ടങ്ങളും ത്യാഗവും ഒരിക്കലും വിസ്മരിക്കപ്പെടില്ല. സോമനാഥ് അതിന്റെ എല്ലാ പ്രഭാവത്തോടെയും എക്കാലവും ഉയർന്നുനിൽക്കും. കാരണം ഐക്യത്തിന്റെയും പങ്കിട്ട നാഗരിക ബോദ്ധ്യത്തിന്റെയും ആ വികാരം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ കുടികൊള്ളുന്നു. ഇതിന് ആദരമെന്ന നിലയിൽ ആയിരം വർഷത്തെ അസാധാരണ ധീരതയുടെ സ്മരണാർത്ഥം അടുത്ത ആയിരം ദിവസത്തേക്ക് സോമനാഥിൽ പ്രത്യേക പൂജകളുണ്ടാവും.
ഈ സവിശേഷ വേളയിൽ സോമനാഥിലേക്ക് യാത്ര പോകാൻ എന്റെ സഹപൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഭക്തിയുടെ ആവേശത്തിനൊപ്പം ഒരിക്കലും മങ്ങാത്തതും തകർക്കാനാവാത്തതും കീഴടങ്ങാത്തതുമായ നാഗരിക ചൈതന്യത്തിന്റെ ശക്തമായ സ്പന്ദനവും നിങ്ങൾക്ക് അനുഭവസ്ഥമാകും. ഭാരതത്തിന്റെ അജയ്യമായ ചൈതന്യം നിങ്ങളറിയും. ഏതെല്ലാം ശ്രമങ്ങൾക്കിടയിലും എന്തുകൊണ്ടാണ് ഭാരതത്തിന്റെ സംസ്‌കാരം അപരാജിതമായി നിലകൊണ്ടതെന്ന് നിങ്ങൾ തിരിച്ചറിയും.
(ശ്രീ സോമനാഥ് ട്രസ്റ്റ് ചെയർമാൻ കൂടിയാണ് നരേന്ദ്ര മോദി)