മുഖ്യമന്ത്രിയെ ഇനിയും നിശ്ചയിച്ചില്ല? കെ മുരളീധരനും കെ സുധാകരനും ഉൾപ്പെടെയുള്ളവർ ഡൽഹിയിലേക്ക്

Monday 11 May 2026 3:23 PM IST

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി മുൻ അദ്ധ്യക്ഷന്മാരെയെല്ലാം ഡൽഹിയിലേക്ക് വിളിപ്പിച്ച് എഐസിസി. നാളെ എഐസിസി നേതൃത്വം ഇവരുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്. മുഖ്യമന്ത്രി ആരാകുമെന്നതിൽ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നിരിക്കെയാണ് നേതാക്കളെ എഐസിസി വിളിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം പുരോഗമിക്കുന്നതിനിടെ നേരത്തേ വട്ടിയൂർക്കാവ്‌ നിയുക്ത എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രതികൂലകാലാവസ്ഥയിൽ ട്രെയിൻ വൈകുന്നത് പോലെയാണ് മുഖ്യമന്ത്രിനിർണയം വൈകുന്നത്. തീരുമാനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കിലും ഗവൺമെന്റ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ അവ മറികടക്കാനാകുമെന്നും കെ മുരളീധരൻ പറഞ്ഞു. ഘടകകക്ഷികൾ ഒരു നേതാവിന് വേണ്ടിയും വാദിക്കുന്നില്ലെന്നും അത്തരം വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾ പുരോഗമിക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേര് മുന്നിട്ടുനിൽക്കുന്നുവെന്നാണ് വിവരം. ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രഖ്യാപനം കേരളത്തിൽ വേണോ അതോ ഡൽഹിയിൽ വേണോ എന്നതിലും ചർച്ച നടക്കുന്നുണ്ട്. ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനായിരുന്നു.

എന്നാൽ ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. ചേരിതിരിഞ്ഞ് അണികൾ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.