8000 കുട്ടികൾക്ക് പ്രമേഹം; പരിചരണ പരിശീലനം കിട്ടാതെ അദ്ധ്യാപകർ

Saturday 09 May 2026 12:04 AM IST

കൊച്ചി: പ്രമേഹബാധിതരായ 8000ൽപ്പരം കുട്ടികൾ സംസ്ഥാനത്ത് സ്കൂളുകളിലുണ്ട്. അടിയന്തര ഘട്ടത്തിൽ ഇവരെ പരിചരിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകാൻ വർഷങ്ങൾക്കു മുമ്പ് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഈ അവധിക്കാലത്ത് പരിശീലനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് പറഞ്ഞ ഉറപ്പും വെറുതേയായി.

ഒരു സ്കൂളിൽ രണ്ട് അദ്ധ്യാപകർക്ക് വീതം പരിശീലനം നൽകണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിരുന്നു. കുട്ടികളെ പരിചരിക്കാൻ അദ്ധ്യാപകർക്ക് വേണ്ടത്ര അവബോധമില്ലാത്തത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നു. മക്കളെ രാവിലെ കൊണ്ടുവിട്ടശേഷം വൈകിട്ടുവരെ സ്കൂളിൽ കാത്തിരിക്കുന്ന രക്ഷിതാക്കളുമുണ്ട്. അദ്ധ്യാപകർക്ക് പരിശീലനം കിട്ടിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടും ഒഴിവാകുമായിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്ന ഹൈപ്പോഗ്ലൈസീമിയ പോലുള്ള സാഹചര്യമുണ്ടായാൽ ഉടൻ പ്രഥമശുശ്രൂഷ നൽകണം. ആവശ്യമെങ്കിൽ ഇൻസുലിൻ കുത്തിവയ്ക്കണം. ഇതിനൊന്നും അദ്ധ്യാപകർക്ക് പരിശീലനം ലഭിച്ചിട്ടില്ല.

ടൈപ്പ് വൺ, ടൈപ്പ് ടു പ്രമേഹങ്ങൾ തമ്മിലുള്ള വ്യത്യാസവും പല അദ്ധ്യാപകർക്കും അറിയില്ല. കൃത്യസമയത്ത് ലഘുഭക്ഷണം കൊടുക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടിയും വരും.

സ്കൂളിൽ ചികിത്സാ

കിറ്റ് വേണം

1. ഇൻസുലിൻ പേന ഉപയോഗിക്കുന്ന രീതി, ഗ്ലൂക്കോമീറ്റർ റീഡിംഗ് എടുക്കൽ എന്നിവയിൽ അദ്ധ്യാപകർക്ക് ഡയറ്റ് വഴി പരിശീലനം നൽകണം

2. എല്ലാ സ്കൂളുകളിലും ഗ്ലൂക്കോസ് ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ മധുരപാനീയങ്ങൾ അടങ്ങിയ അടിയന്തര കിറ്റുകൾ സജ്ജമാക്കണം

3. കുട്ടികളിൽ പഞ്ചസാരയുടെ അളവിൽ വ്യതിയാനം വന്നാൽ ഉടൻ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ സംവിധാനം ഒരുക്കണം

അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിന് ഒരു നിർദ്ദേശം ലഭിച്ചിട്ടില്ല. ഇപ്രാവശ്യം പരിശീലനം നടക്കാൻ സാദ്ധ്യതയില്ല ഡോ. എ.ആർ. സുപ്രിയ, പ്രോജക്ട് ഡയറക്ടർ, സർവശിക്ഷ അഭിയാൻ കേരള

ഓരോ സ്‌കൂളിലും വി​ദഗ്ദ്ധ പരിശീലനം ലഭിച്ച അദ്ധ്യാപകർ വേണം. നിലവിൽ നൽകുന്ന ലഘുവായ ക്ലാസുകൾ പര്യാപ്തമല്ല

ബുഷ്റ ഷിഹാബ്,

പ്രമേഹ ബാധിതനായ

കുട്ടിയുടെ രക്ഷാകർത്താവ്