സിപിഎം നേതാക്കൾക്ക് രണ്ട് ഗൺമാൻമാർ വരെ, തിരിച്ചുവിളിക്കാൻ സർക്കാർ; എസ്‌കോർട്ട് വേണ്ടെന്ന് സതീശനും ചെന്നിത്തലയും

Monday 11 May 2026 10:40 AM IST

തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുടെ പേരിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ ഉടൻ തിരിച്ചുവിളിക്കും. ഗൺമാൻമാരുടെ കണക്കുകൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു. രണ്ട് ഗൺമാൻവരെയുള്ള സിപിഎം നേതാക്കൾ സംസ്ഥാനത്തുണ്ട്. ഇപി ജയരാജൻ, പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് രണ്ട് ഗൺമാൻമാരുള്ളത്. ഇതിൽ പി ജയരാജന് മാത്രമാണ് സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം കൗൺസിലർക്ക് പോലും കൃത്യമായ കാരണങ്ങളില്ലാതെ ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പല നേതാക്കൾക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്ക്. കാവൽ മുഖ്യമന്ത്രിയായ പിണറായി വിജയന് സെഡ് കാറ്റഗറി സുരക്ഷയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ സുരക്ഷ അദ്ദേഹം ഉപയോഗിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ളവർ തിരികെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിന് മുൻപ് തന്നെ കോൺഗ്രസ് നേതാക്കൾ അവരുടെ ഗൺമാൻമാരായി അടുപ്പക്കാർക്ക് നിയമനം തേടി സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിനിടെ, രമേശ് ചെന്നിത്തലയെയും വിഡി സതീശനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാൽ പൊലീസ് എസ്‌കോർട്ട് അനുവദിച്ചു. എന്നാൽ ഇരുവരും പൊലീസ് എസ്‌കോർട്ട് തിരിച്ചയച്ചു.