ഇന്ന് ഹോട്ടൽ, ബേക്കറി ഹർത്താൽ

Wednesday 06 May 2026 2:11 AM IST

കൊച്ചി: പാചകവാതക വില കുത്തനെ ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂർ സമരം. ഓൺലൈൻ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല. വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാചകവാതക വിലവർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം കമ്പനികളുടെ ഓഫീസ് മുന്നിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും ഹോട്ടൽ ഉടമകളും തൊഴിലാളികളും ഇന്ന് മാർച്ചും ധർണയും നടത്തും. എറണാകുളം പനമ്പിള്ളി നഗറിലെ ഐ.ഒ.സി. ഓഫീസിന് മുന്നിൽ വൈകിട്ട് മൂന്നിന് ധർണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും.